video
play-sharp-fill
പാടശേഖരമായ സ്വകാര്യ ഭൂമി മണ്ണിട്ട് നികത്തി: ഭൂമി നികത്തലിനെച്ചൊല്ലി സി.പി.ഐയിൽ തർക്കം; തർക്കമില്ലെന്ന് ജില്ലാ സെക്രട്ടറി ആവർത്തിക്കുമ്പോഴും ഒഴിഞ്ഞു മാറി സംസ്ഥാന നേതാവ്: പാടം നികത്തിയതിനെച്ചൊല്ലി വിപ്ലവ പാർട്ടിയിൽ കൊമ്പു കോർക്കലോ

പാടശേഖരമായ സ്വകാര്യ ഭൂമി മണ്ണിട്ട് നികത്തി: ഭൂമി നികത്തലിനെച്ചൊല്ലി സി.പി.ഐയിൽ തർക്കം; തർക്കമില്ലെന്ന് ജില്ലാ സെക്രട്ടറി ആവർത്തിക്കുമ്പോഴും ഒഴിഞ്ഞു മാറി സംസ്ഥാന നേതാവ്: പാടം നികത്തിയതിനെച്ചൊല്ലി വിപ്ലവ പാർട്ടിയിൽ കൊമ്പു കോർക്കലോ

സ്വന്തം ലേഖകൻ

കോട്ടയം: പാർട്ടി സംസ്ഥാന കമ്മിറ്റിയും, സംസ്ഥാന സർക്കാരും നെൽവയലും നീർത്തടവും സംരക്ഷിക്കാനുള്ള യജ്ഞവുമായി മുന്നിട്ടിറങ്ങുമ്പോൾ പാടം നികത്തിയതിനെച്ചൊല്ലി സിപിഐ ജില്ലാ കമ്മിറ്റിയിൽ അതിരൂക്ഷമായ അഭിപ്രായ ഭിന്നത. പാടം നികത്തിയതിനെതിരെ പ്രാദേശിക നേതൃത്വം കൊടികുത്തി നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തിയപ്പോൾ, മുതിർന്ന നേതാവ് എതിർപ്പുമായി രംഗത്തെത്തി. ഇതോടെയാണ് പാടം നികത്തൽ പാർട്ടിയ്ക്കുള്ളിലും പുറത്തും ചർച്ചയായത്. എം.സി റോഡരികിൽ നാട്ടകം പോളിടെക്നിക്കിന് എതിർവശത്ത് പോർട്ട് റോഡിനു സമീപത്തായുള്ള പാടശേഖരമാണ് സ്വകാര്യ വ്യക്തി കഴിഞ്ഞ ദിവസം നികത്താൻ തുടങ്ങിയത്. സർക്കാരിന്റെയും പാർട്ടിയുടെയും നയത്തിനു വിരുദ്ധമായ പ്രവർത്തനമായതിനാൽ, സിപിഐ പ്രാദേശിക നേതൃത്വവും ജില്ലാ കമ്മിറ്റി അംഗം കെ.രമേശും ഇടപെട്ട് പാടശേഖരം നികത്തുന്നത് തടഞ്ഞു. ഇനി ഇവിടെ പാടം നികത്തുന്നത് ഒഴിവാക്കാൻ ഇവിടെ കൊടികുത്തി പാടം നികത്തൽ സിപിഐ പ്രാദേശിക നേതൃത്വം തടയുകയും ചെയ്തു.
ഇതിനിടെ കോട്ടയത്തെ സിപിഐയുടെ തലമുതിർന്ന സംസ്ഥാന നേതാവ് ഇടപെട്ടതായി പ്രാദേശിക നേതൃത്വം ആരോപിക്കുന്നു. മുതിർന്ന നേതാവിന്റെ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള പാടശേഖരമാണെന്നും, ഇത് നികത്തുന്നത് സർക്കാരിന്റെ എല്ലാവിധ അനുമതിയോടെയാണെന്നുമായിരുന്നു വാദമെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. എന്നാൽ, ഇതിനു വഴങ്ങാതിരുന്ന നേതൃത്വം പ്രതിഷേധവുമായി രംഗത്ത് എത്തി. ഇതോടെ പാടം നികത്തൽ അവിടെ നിന്നു.
ഇതു സംബന്ധിച്ചുള്ള വിവാദം ഉയർന്നതോടെ പ്രാദേശിക നേതൃത്വത്തിലെ നേതാവായ കെ.രമേശിനെ തേർഡ് ഐ ന്യൂസ് ലൈവ് ബന്ധപ്പെട്ടു. പാടം നികത്തുന്നതിനെതിരെ കൊടികുത്തി സമരം നടത്തിയെന്ന് പ്രാദേശിക നേതൃത്വം വ്യക്തമാക്കി. പെരുമഴയും പ്രളയവും ഉണ്ടായ ഇക്കാലത്ത് ഇത്തരത്തിൽ പാടശേഖരങ്ങൾ നികത്തുന്നതിനു എതിരായി പൊതുജനങ്ങളുടെ പ്രതിഷേധം അറിയിക്കുകമാത്രമാണ് തങ്ങൾ ചെയ്തത്. മറ്റു താല്പര്യങ്ങളൊന്നും തങ്ങൾക്ക് ഇതിനു പിന്നിലില്ലെന്നും കെ.രമേശ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. എന്നാൽ, ആരോപണത്തിന്റെ യാഥാർത്ഥ്യം അറിയുന്നതിനായി മുതിർന്ന നേതാവിനെ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞു മാറുകയായിരുന്നു. തനിക്ക് ഒന്നും അറിയില്ലെന്നും,. ജില്ലാ സെക്രട്ടറിയെ ബന്ധപ്പെടാനുമായിരുന്നു നേതാവിന്റെ മറുപടി. ഇതോടെ പാർട്ടിയ്ക്കുള്ളിൽ എതിർപ്പുണ്ടെന്നു വ്യക്തമായ സാഹചര്യത്തിൽ തേർഡ് ഐ ന്യൂസ് ലൈവ് പ്രതിനിധി ജില്ലാ സെക്രട്ടറി സി.കെ ശശിധരനെ ഫോണിൽ ബന്ധപ്പെട്ടു. പാടം നികത്താൻ അനുവദിക്കില്ലെന്നും, ഇത് തന്നെയാണ് പാർട്ടി നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, വരും ദിവസങ്ങളിലും പാർട്ടിയ്ക്കുള്ളിൽ ഇതു സംബന്ധിച്ചുള്ള വിവാദം കത്തിപ്പടരുമെന്ന് ഏതാണ്ട് ഉറപ്പാണ്. നേരത്തെ സിപിഎം നാട്ടകം ലോക്കൽ സെക്രട്ടറിയായിരുന്ന കെ.രമേശ് ഏതാനും വർഷം മുൻപാണ് സിപിഎമ്മിൽ നിന്നു സിപിഐയിൽ എത്തിയത്.