
നാട്ടകം കാക്കൂരിൽ അപകടത്തിൽപ്പെട്ട യുവാക്കൾ രക്തം വാർത്ത് റോഡിൽ വീണ് കിടന്നത് പത്ത് മിനിറ്റോളം; മനസാക്ഷി മരവിച്ച ഒരു സംഘം അപകട ദൃശ്യം ക്യാമറയിലും പകർത്തി; പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പോലും തയ്യാറാകാതെ നാട്ടുകാരുടെ ക്രൂരത..! രക്ഷപെടുത്തിയത് പ്രദേശവാസികളായ രണ്ടു പേർ
തേർഡ് ഐ ബ്യൂറോ
കോട്ടയം: നാട്ടകം കാക്കൂരിൽ അപകടത്തിൽപ്പെട്ട യുവാക്കൾ പരിക്കേറ്റ് റോഡിൽ വീണു കിടന്നത് പത്തു മിറ്റോളം. കൊറോണപ്പേടിയിൽ ഇവിടെ കൂടിയ ആളുകൾ പരിക്കേറ്റവരെ എടുക്കാൻ പോലും തയ്യാറായില്ല. ഇതുവഴി എത്തിയ രണ്ടു ബൈക്ക് യാത്രക്കാർ, പരിക്കേറ്റ് റോഡിൽ വീണു കിടന്ന മൂന്നു പേരെയും എടുത്ത് ഉയർത്തിയെങ്കിലും സഹായിക്കാൻ പോലും ആരും തയ്യാറായില്ല. രക്തത്തിൽ കുളിച്ചു കിടന്ന ആളുകളെയും, അപകട സ്ഥലത്തിന്റെയും ഫോട്ടോ മൊബൈലിൽ പകർത്താനാണ് ചിലർ സമയം കണ്ടെത്തിയത്.

ചാന്നാനിക്കാട് തെക്കേപ്പറമ്പിൽ മുൻ പഞ്ചായത്തംഗം സലിജ സുരേഷ്‌കുമാറിന്റെയും സുരേഷ് കുമാറിന്റെയും മകൻ വേണു എസ്.കുമാർ (28), മാണിക്കുന്നം പഴിഞ്ഞാൽ വടക്കേതിൽ രാധാകൃഷ്ണന്റെ മകൻ ആദർശ് (25)എന്നിവരാണ് അപകടത്തിൽ മരിച്ചത്. വേണുവിന്റെ മൃതദേഹം ഭാരത് ആശുപത്രി മോർച്ചറിയിലും, ആദർശിന്റെ മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാരാപ്പുഴ ഇല്ലത്തു പറമ്പിൽ ബാലഭവൻ വിഘ്‌നേശ്വർ (24) ഭാരത് ആശുപത്രിയിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് മുളങ്കുഴ – പാക്കിൽ റോഡിൽ കാക്കൂരിനു സമീപം ബുള്ളറ്റും, പൾസർ ബൈക്കും കൂട്ടിയിടിച്ചത്. കോട്ടയം ഭാഗത്തു നിന്നും അമിത വേഗത്തിൽ ദിശ തെറ്റിച്ച് എത്തിയ പൾസർ ബൈക്ക്, എതിർ ദിശയിൽ നിന്നും എത്തിയ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ രണ്ടു ബൈക്കുകളുടെയും മുൻ ഭാഗം പൂർണമായും തകർന്നു.
അപകടത്തിൽ പരിക്കേറ്റ് ബൈക്ക് യാത്രക്കാരായ മൂന്നു പേരും റോഡിൽ തലയിടിച്ചു വീണു കിടക്കുകയായിരുന്നു. സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ പകച്ചു നോക്കി നിന്നും. ഇതിനിടെയാണ് ബൈക്ക് യാത്രക്കാരായ രണ്ടു പേർ ഇതുവഴി എത്തിയത്. ബൈക്ക് നിർത്തിയ ഇരുവരും ചാടിയിറങ്ങി, റോഡിൽ കിടന്നവരെ എടുത്ത് ഉയർത്തി. ഇതിൽ ഒരാൾ, അപകടത്തിൽ പരിക്കേറ്റു കിടന്ന യുവാക്കളിൽ ഒരാളെ എടുത്ത് ഇതുവഴി എത്തിയ ഒരു ഓട്ടോറിക്ഷയിൽ കയറ്റി ജനറൽ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. മറ്റൊരാൾ ഇതിനിടെ, പൊലീസ് നിർദേശം അനുസരിച്ച് എത്തിയ ആംബുലൻസിൽ പരിക്കേറ്റ മറ്റു രണ്ടു പേരെയുമായി ഭാരത് ആശുപത്രിയിലേയ്ക്കു കൊണ്ടു പോയി. ഇവിടെ എത്തിയപ്പോഴേയ്ക്കും ഒരാൾ മരിച്ചിരുന്നു.
അപകടത്തിൽപ്പെട്ട രണ്ടു യുവാക്കളും റോഡിൽ രക്തത്തിൽ കുളിച്ചു കിടക്കുമ്പോൾ, ഇവരുടെ ചിത്രം പകർത്തുകയായിരുന്നു നാട്ടുകാരിൽ ചിലർ ചെയ്തത്. അവകടത്തിന്റെ ആദ്യഘട്ട ചിത്രങ്ങളും വീഡിയോയും ചിലർ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നുമുണ്ട്. പത്തു മിനിറ്റ് മുമ്പെങ്കിലും ആളുകൾ ഇടപെട്ടിരുന്നെങ്കിൽ ഒരാളെ എങ്കിലും രക്ഷിക്കാൻ സാധിക്കുമായിരുന്നു.