
ദില്ലി : കേരളത്തിലെ ദേശീയപാതാ നിർമ്മാണ തകരാറുമായി ബന്ധപ്പെട്ട് കേന്ദ്ര ട്രാൻസ്പോർട്ട് സെക്രട്ടി നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി നിർദ്ദേശം.
ട്രാൻസ്പോർട്ട് സെക്രട്ടിക്കൊപ്പം ദേശീയ പാത അതോരിറ്റി ചെയർമാനും നോട്ടീസ് നൽകി. പിഎസി അദ്ധ്യക്ഷൻ കെസി വേണുഗോപാൽ കൂരിയാട് റോഡ് ഇടിഞ്ഞ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതി മനസ്സിലാക്കും.
വ്യാഴാഴ്ച യോഗത്തിന് മുമ്പ് സ്ഥലം സന്ദർശിക്കാനാണ് ആലോചന. പ്രാഥമിക വിവരങ്ങൾ കേന്ദ്രം പിഎസിക്ക് നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിലെ വീഴ്ചകൾ പരിശോധിക്കുന്ന വിദഗ്ധ സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം മന്ത്രി നിതിൻ ഗഡ്കരി ഉന്നതതല യോഗം വിളിക്കാനിരിക്കെയാണ് പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ നീക്കം.
കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്നത് ദേശീയതലത്തിൽ ചർച്ചയായതിന് പിന്നാലെ നിർമ്മാണ കമ്പനിക്കും കൺസൾട്ടൻറിനും എതിരെ കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രാലയം നടപടിയെടുത്തിരുന്നു.
കമ്പനികളെ ടെൻഡർ നടപടികളിൽ നിന്ന് താല്ക്കാലികമായി വിലക്കിയ മന്ത്രാലയം ഡീബാർ ചെയ്യാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നല്കിയിരിക്കുകയാണ്.
ദേശീയപാത നിർമ്മാണത്തിൽ അഴിമതിയുണ്ടെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അരോപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പാർലമെൻറ് അക്കൗണ്സ് കമ്മിറ്റി വിഷയത്തിൽ ഇടപെടുന്നത്.
29ന് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥർ എത്തുമ്പോൾ പ്രധാന കരാറിൻറെയും ഉപകരാറുകളുടെയും തുകയിലെ വ്യത്യാസം അടക്കം ഉന്നയിക്കാനാണ് നീക്കം.
നേരത്തെ പാർലമെൻറ് അക്കൗണ്ട്സ് കമ്മിറ്റി കൊച്ചിയിൽ സിറ്റിംഗ് നടത്തിയപ്പോഴും ഈ വിഷയം ഉയർന്നിരുന്നു.
കേരളത്തിലെ എഞ്ചിനീയർമാർ കൂടി ഡിസൈൻ അടക്കം നടപടികളിൽ ഇടപെടുന്നുണ്ട് എന്നാണ് അന്ന് സംസ്ഥാനം അറിയിച്ചത്. ഇപ്പോൾ സംസ്ഥാനം കൈയ്യൊഴിയുന്ന സാഹചര്യത്തിൽ റോഡ് നിർമ്മാണത്തിൽ കേരളത്തിൻറെ പങ്കും വ്യാഴാഴ്ചത്തെ യോഗത്തിൽ ചർച്ചയാകാനാണ് സാധ്യത.