
ഡല്‍ഹി: ഇന്ത്യയിലെ ദേശീയ പാതകളില്‍ നിന്ന് ടോള്‍ ബൂത്തുകള്‍ അപ്രത്യക്ഷമാകുമെന്ന ഉറപ്പുമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്‌കരി. റോഡില്‍ വാഹനങ്ങള്‍ തടയാതെയുള്ള ടോള്‍ പിരിവാണ് പകരം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഫ്രീ ഫ്ലോ തടസരഹിത ടോള്‍ പിരിവ് സംവിധാനത്തിന്റെ പരീക്ഷണപ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. ഈ സംവിധാനം പൂർണമായും നടപ്പിലാക്കുന്നതിനുമുൻപ് ടോള്‍ നിയമങ്ങളില്‍ മാറ്റം വരുത്താനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ.
ടോള്‍ അടയ്‌ക്കാതെ കടന്നുപോകുന്ന വാഹനങ്ങള്‍ക്കെതിരെ സ്വീകരിക്കേണ്ട നടപടികളാണ് പ്രധാനമായും ഈ നിയമത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടോള്‍ നിരക്കിന്റെ ഇരട്ടിവരെ പിഴ ഈടാക്കുക, വാഹൻ ഡേറ്റാബേസുമായി സംയോജിപ്പിച്ചുള്ള കർശന നിരീക്ഷണം ഉറപ്പാക്കുക എന്നിവയാണ് പുതുതായി പ്രഖ്യാപിച്ചിരിക്കുന്ന ഡിജിറ്റല്‍ എൻഫോഴ്‌സ്മെന്റ് സംവിധാനത്തില്‍ നിർദേശിച്ചിരിക്കുന്നത്. ദേശീയപാതകളിലെ ടോള്‍ ചട്ടങ്ങളുമായി ബന്ധപ്പെട്ടാണ് കേന്ദ്രസർക്കാർ പുതിയ നിർദേശങ്ങള്‍ നടപ്പിലാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകള്‍.
ഇലക്‌ട്രോണിക് ടോള്‍ കളക്ഷൻ സംവിധാനത്തില്‍ റെക്കോഡ് ചെയ്യപ്പെട്ടതിനുശേഷവും ടോള്‍ അണ്‍പെയ്‌ഡ് ആകാം. ഫാസ്റ്റ് ടാഗില്‍ മതിയായ ബാലൻസ് ഇല്ലാത്തത് മൂലമോ ഫാസ്റ്റ് ടാഗിനുണ്ടാകുന്ന കേടുപാടിനെ തുടർന്നോ, സാങ്കേതിക തകരാർ മൂലമോ ടോള്‍ അണ്‍പെയ്‌ഡ് ആയി കണക്കാക്കും. പുതിയ നിയമപ്രകാരം മെസേജ്, ഇ-മെയില്‍ സന്ദേശം, മൊബൈല്‍ ആപ്പുകള്‍ തുടങ്ങിയ സംവിധാനങ്ങളിലൂടെ വാഹന ഉടമയെ ഇക്കാര്യം അറിയിക്കുമെന്നാണ് വിവരം. വാഹനത്തിന്റെ നമ്പർ, ടോള്‍ അടയ്‌ക്കാതെ യാത്രചെയ്‌ത മേഖലയുടെ വിവരങ്ങള്‍, ടോളും പിഴയും ഉള്‍പ്പടെ അടയ്‌ക്കേണ്ട തുക, യാത്രാദിവസം തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാകും നോട്ടീസ് നല്‍കും. ഈ തുക അടയ്‌ക്കാത്തപക്ഷം പിഴയായി ടോള്‍തുകയുടെ ഇരട്ടി പൈസ ഈടാക്കുമെന്നാണ് പുതിയ നിയമത്തില്‍ പറയുന്നത്. നോട്ടീസ് ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ ടോള്‍ അടച്ചാല്‍ പിഴത്തുകയില്‍ നിന്നും ഒഴിവാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ടോള്‍പ്ലാസയില്‍ സ്ഥാപിച്ചിട്ടുള്ള നമ്പർ പ്ലേറ്റ് റെക്കഗ്‌നീഷൻ ക്യാമറയുടെയും ഹൈസ്‌പീഡ് ഫാസ്‌ടാഗ് റീഡറുകളുടെയും സഹായത്തോടെ ഫാസ്‌ടാഗ് സ്‌കാൻ ചെയ്‌ത് ടോള്‍ നിരക്ക് ഈടാക്കുന്ന സംവിധാനമാകും പുതിയതായി നടപ്പിലാക്കുന്നത്. നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയുടെ മേല്‍നോട്ടത്തില്‍ ഇന്ത്യൻ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡ് ആണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. ഗതാഗതക്കുരുക്ക് തടയുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.



