
ആലത്തൂർ: രാജ്യത്ത് ആദ്യമായി ദേശീയപാതകളിൽ നിശ്ചിത ദൂരപരിധിയിൽ വലിയ വാഹനങ്ങൾക്കുള്ള അതിവേഗ ചാർജിങ് സ്റ്റേഷനുകൾ വരുന്നു. ഇതിന് അനുയോജ്യമായ സ്ഥലങ്ങൾ കെഎസ്ഇബി കണ്ടെത്തി.
ദേശീയപാത-66, ദേശീയപാത-544 എന്നിവയിലാണ് ചരക്കുവാഹനങ്ങൾക്കും ഹരിത ഇടനാഴി (സീറോ എമിഷൻ ട്രക്കിങ് കോറിഡോർ-സെഡ് ഇ ടി) സ്ഥാപിക്കുക. മലിനീകരണം കുറയ്ക്കുന്നതിന് വൈദ്യുതി ട്രക്കുകളും ബസുകളും പ്രോത്സാഹിപ്പിക്കുകയെന്ന കേന്ദ്ര നയത്തിന്റെ ചുവടുപിടിച്ചാണിത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഹരിത ഇടനാഴി സ്ഥാപിക്കുക. കൊച്ചിയെയും കോയമ്പത്തൂരിനെയും ബന്ധിപ്പിക്കുന്ന ദേശീയപാത 544-ൽ കൊച്ചി, തൃശ്ശൂർ, പാലക്കാട് എന്നിവിടങ്ങളെ ബന്ധിപ്പിച്ചാകും ഹരിത ഇടനാഴി വരിക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
20 വാഹനങ്ങൾക്ക് ഒരേസമയം ചാർജിങ് നടത്താവുന്ന അതിവേഗ ചാർജിങ് ഹബ്ബുകളാണ് സ്ഥാപിക്കുക. വിശ്രമത്തിനായി ഡ്രൈവർമാർ ട്രക്കുകൾ പതിവായി നിർത്തിയിടുന്ന സ്ഥലങ്ങൾ, തുറമുഖങ്ങൾ, ചന്തകൾ, ലോജിസ്റ്റിക് ഹബ്ബുകൾ, ലോറി- ബസ് ബുക്കിങ് ഓഫീസുകൾ എന്നിവയ്ക്ക് സമീപമാണ് ചാർജിങ് കേന്ദ്രങ്ങൾ സ്ഥാപിക്കുക.



