
തിരുവനന്തപുരം: 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനമാണെന്നും കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.
കേരള സ്റ്റോറിക്ക് അവാർഡ് നൽകിയതിലൂടെ അവഹേളിച്ചത് ഇന്ത്യൻ സിനിമയുടെ പാരമ്പര്യത്തെയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളത്തെ അപകീർത്തിപ്പെടുത്താനും വർഗീയത പടർത്താനും നുണകളാൽ പടുത്ത ഒരു സിനിമയ്ക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചതിലൂടെ മതസാഹോദര്യത്തിനും ദേശീയോദ്ഗ്രഥനത്തിനുമായി നില കൊണ്ട ഇന്ത്യൻ സിനിമയുടെ ശ്രേഷ്ഠപാരമ്പര്യത്തെയാണ് ജൂറി അവഹേളിച്ചിരിക്കുന്നത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വർഗിയ അജണ്ട നടപ്പാക്കാനുള്ള ആയുധമായി ചലച്ചിത്രത്തെ മാറ്റുക എന്ന സംഘപരിവാർ അജണ്ടയാണ് ഇതിലൂടെ അവർ നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഈ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു. ഓരോ മലയാളിയും രാജ്യത്തെ ജനാധിപത്യ വിശ്വാസികളാകെയും ഈ അനീതിക്കെതിരെ സ്വരമുയർത്തണമെന്നും അദ്ദേഹം പറഞ്ഞു.
കലയെ വർഗീയത വളർത്താനുള്ള ആയുധമാക്കി മാറ്റുന്ന രാഷ്ട്രീയത്തിനെതിരെ അണിനിരക്കണം എന്നും മുഖ്യമന്ത്രി ആഹ്വാനം ചെയ്തു.അതേസമയം മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയ ഉർവശിയെയും വിജയരാഘവനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.
തങ്ങളുടെ അതുല്യ പ്രതിഭയാൽ മലയാള സിനിമയെ സമ്പന്നമാക്കിയ ഉർവശിയും വിജയരാഘവനും മികച്ച സഹനടിക്കും സഹനടനുമുള്ള പുരസ്കാരങ്ങൾ നേടിയത് ഈ നിമിഷത്തിന്റെ തിളക്കം കൂട്ടുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.