മുഖ്യമന്ത്രിയേയും മോഹൻലാലിനേയും ഫെയ്സ്ബുക്ക് പേജിലൂടെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ നസീഫിനെ മയക്കുമരുന്നു കടത്തിന് പിടികൂടി
സ്വന്തം ലേഖകൻ
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനേയും, മോഹൻലാലിനേയും ഫെയ്സ്ബുക്ക് പേജിലൂടെ വെല്ലുവിളിച്ച് കുപ്രസിദ്ധി നേടിയ തൃശൂർ സ്വദേശി ആക്കിലപറമ്പൻ എന്ന നസീഫ് അഷ്റഫ് മയക്കുമരുന്ന് കടത്തുന്നതിനിടെ പിടിയിലായി. നസീഫിനെയും കൂട്ടാളി പിപി നവാസിനെയുമാണ് ആലുവ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ഇ കെ റെജിമോന്റെ നേതൃത്വത്തിലുള്ള സംഘം മയക്കുമരുന്ന് കടത്തുന്നതിനിടെ പിടികൂടിയത്. ആലുവയിൽ നിന്ന് പിടികൂടിയ ഇവരുടെ പക്കൽ നിന്നും രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന ഹാഷിഷ് ആണ് പിടിച്ചെടുത്ത്. ബംഗളൂരുവിൽ നിന്നും കൊണ്ടുവന്ന ഹാഷിഷ് കൊച്ചിയിലെ ഇടനിലക്കാരന് കൈമാറാനായി കൊണ്ടുവന്നതാണെന്ന് നസീഫ് പറഞ്ഞതായി പൊലീസ് വ്യക്തമാക്കി. ലഹരിമരുന്ന് കൊണ്ടു വന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. നേരത്തെ മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനേയും കളിയാക്കിയ കേസിലും ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.