
സ്വന്തം ലേഖകന്‍
ഇടുക്കി: സ്‌കൂളില്‍ കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ നാലാംക്ലാസുകാരന്റെ പല്ല് പോയി. മുഖമിടിച്ച് വീണതിന്റെയും പല്ല് പോയതിന്റെയും വേദനയില്‍ കുഞ്ഞ് അലമുറയിട്ട് കരഞ്ഞിട്ടും ആശുപത്രിയില്‍ എത്തിക്കാതെ അധികൃതര്‍. കട്ടപ്പന നരിയമ്പാറ മന്നം മെമ്മോറിയല്‍ എല്‍.പി സ്‌കൂളിലാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച ഉണ്ടായത്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം. ഇന്റര്‍വെല്‍ സമയത്ത് കളിക്കുന്നതിനിടെയാണ് നാലാം ക്ലാസുകാരന് വീണ് പരക്കേല്‍ക്കുന്നതും പല്ല് നഷ്ടമാകുന്നതും. തുടര്‍ന്ന് കുഞ്ഞ് ഏറെ നേരം വേദനയെടുത്ത് കരഞ്ഞിട്ടും പ്രാഥമിക ശുശ്രൂഷ നല്‍കാനോ ആശുപത്രിയില്‍ എത്തിക്കാനോ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പകരം, കുഞ്ഞിന്റെ മാതാപിതാക്കളെ വിളിച്ചു പറഞ്ഞ ശേഷം അവര്‍ ആശുപത്രിയില്‍ കൊണ്ടുപോകുന്നെങ്കില്‍ കൊണ്ടുപോകട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. രണ്ട് മണിക്കൂറോളമാണ് നാലാംക്ലാസുകാരന്‍ വേദന കടിച്ചമര്‍ത്തി സ്‌കൂളില്‍ കഴിഞ്ഞത്. ശേഷം മാതാപിതാക്കളെത്തിയാണ് കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്.
മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് അധ്യാപകരെ പൊലീസ് ചോദ്യം ചെയ്‌തെങ്കിലും പിടിഎ ഇടപെട്ട് ക്ഷമാപണം നടത്തി സംഭവം ഒത്തുതീര്‍പ്പാക്കി.
സ്‌കൂളുകളില്‍ വച്ച് കുഞ്ഞുങ്ങള്‍ക്ക് സംഭവിക്കുന്ന എല്ലാ അപകടങ്ങള്‍ക്കും സ്‌കൂള്‍ അധികൃതര്‍ തന്നെയാണ് ഉത്തരവാദികള്‍. എന്നാല്‍ മിക്ക സ്‌കൂളുകളും രക്ഷിതാക്കളെ വിളിച്ച് അപകടവിവരം അറിയിച്ച ശേഷം അനങ്ങാപാറയായി ഇരിക്കുന്ന പ്രവണത കൂടിവരികയാണ്. അപകടത്തില്‍പ്പെടുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കാനും രക്ഷിതാക്കളെ വിവരമറിയിച്ച ശേഷം കാത്തുനില്‍ക്കാതെ ആശുപത്രിയില്‍ എത്തിക്കാനുമാണ് അധികൃതര്‍ ശ്രമിക്കേണ്ടത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഓര്‍ക്കുക, അധ്യാപകരുടെ ഇടപെടല്‍ കാരണം ജീവന്‍ രക്ഷപ്പെട്ട കുഞ്ഞുങ്ങളും അനാസ്ഥ കാരണം ജീവന്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങളും അനേകമുണ്ട്..!