
പാലാ: പ്രധാനമന്ത്രിയുടെ സന്ദര്‍ശനം റദ്ദാക്കിയത് പോലും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ആയുധമാക്കി പാലായിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഷോണ്‍ ജോര്‍ജ്.
പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണത്തിനായി പ്രധാനമന്ത്രിയെ പാലായില്‍ എത്തിക്കാനുള്ള തീരുമാനം പിന്നീട് റദ്ദാക്കപ്പെടുകയായിരുന്നു. പാലായിലെ വികസനമുരടിപ്പാണ് ഇതിന് കാരണമെന്നാണ് ഷോണിന്റെ ആരോപണം.
ഏപ്രില്‍ 4-ന് നിശ്ചയിച്ചിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാലാ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്ന മൈതാനത്തിന്റെ അഭാവമാണ് സന്ദര്‍ശനം മുടങ്ങാന്‍ കാരണമായത്. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഷോണിന്റെ വിമര്‍ശനം.
പതിറ്റാണ്ടുകളായി മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയായിട്ടും പാലാ മണ്ഡലം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഇപ്പോഴും പിന്നോക്കാവസ്ഥയിലാണെന്ന് ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. അരനൂറ്റാണ്ടുകാലം കെ.എം. മാണി പ്രതിനിധീകരിച്ച മണ്ഡലത്തില്‍, സുരക്ഷാ സജ്ജീകരണങ്ങളുള്ള ഒരു മികച്ച സ്റ്റേഡിയം പോലുമില്ലെന്ന യാഥാര്‍ത്ഥ്യം മണ്ഡലത്തിന് നാണക്കേടാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൈതാനങ്ങള്‍ എന്നത് വെറും കളിക്കളങ്ങള്‍ മാത്രമല്ല, ഒരു നാടിന്റെ കായിക-സാംസ്‌കാരിക വളര്‍ച്ചയുടെ അടയാളം കൂടിയാണ്. തനിക്ക് ഒരു അവസരം നല്‍കിയാല്‍ ആധുനിക സൗകര്യങ്ങളുള്ള രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം പാലായില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഷോണ്‍ പറയുന്നു. പാലായിലെ പരിപാടി റദ്ദാക്കിയെങ്കിലും, ഏപ്രില്‍ 4-ന് പ്രധാനമന്ത്രി കേരളത്തിലെ മറ്റ് പ്രധാന കേന്ദ്രങ്ങളില്‍ പ്രചാരണത്തിനെത്തും. അന്നേ ദിവസം തിരുവനന്തപുരത്ത് വമ്പിച്ച റോഡ് ഷോയും തിരുവല്ലയില്‍ പൊതുസമ്മേളനവും നടക്കും.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ പ്രവര്‍ത്തകര്‍ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുപരിപാടിയില്‍ അണിനിരക്കും. 30,000-ത്തോളം പേര്‍ പങ്കെടുക്കുന്ന ഈ സംഗമം പത്ത് നിയമസഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ആവേശം വര്‍ദ്ധിപ്പിക്കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി വ്യക്തമാക്കി.



