
തിരുവല്ല: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ കോൺഗ്രസ് ഉന്നത നേതൃത്വത്തെ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. തിരുവല്ലയിൽ നടന്ന എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ കൺവെൻഷനിൽ സംസാരിക്കവെയാണ് മോദി ആരോപണം ഉന്നയിച്ചത്.
ശബരിമലയുടെ പവിത്രത കളങ്കപ്പെടുത്താൻ ശ്രമം നടന്നുവെന്നും, എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ വിഷയത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേസിന്റെ ചരട് കോൺഗ്രസ് നേതൃത്വത്തിന്റെ കയ്യിലാണെന്നും മോദി ആരോപിച്ചു.
എഫ്സിആർഎ വിഷയത്തിൽ പ്രതിപക്ഷം നുണപ്രചാരണം നടത്തുകയാണെന്നും, സിഎഎയും കശ്മീർ പുനസംഘടനയും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വനിത സംവരണ ബില്ലിനെതിരായ പ്രതിപക്ഷ നിലപാടിനെയും മോദി വിമർശിച്ചു. ബിൽ നടപ്പാക്കിയാൽ ദക്ഷിണേന്ത്യയിലെ സീറ്റുകൾ കുറയും എന്ന പ്രചാരണം തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ അഴിമതിയും വർഗീയതയും ശക്തമാണെന്നും, ഇതാണ് തൊഴിലില്ലായ്മയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.
ഗൾഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും കോൺഗ്രസിനെതിരെ മോദി വിമർശനം ഉയർത്തി. ഗൾഫ് രാഷ്ട്രങ്ങളെ ശത്രുക്കളായി ചിത്രീകരിക്കുന്നത് രാജ്യസുരക്ഷയ്ക്കും പ്രവാസികളുടെ സുരക്ഷയ്ക്കും ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾക്കുപോലും തടസ്സം സൃഷ്ടിക്കുന്നുവെന്നും ആരോപിച്ചു.
ഇടത് സർക്കാരിന്റെ കാലാവധി അവസാനത്തിലാണെന്നും, കേരളത്തിൽ എൻഡിഎ സർക്കാർ വരാനുള്ള സാഹചര്യം രൂപപ്പെട്ടുവെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചു. എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ചിട്ടും കേരളം വികസനത്തിൽ പിന്നിലാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണിയെ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച മോദി, കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്നു തുടങ്ങുമെന്ന് ഉറപ്പുനൽകി. കേന്ദ്ര സർക്കാർ കേരളത്തിന് മുൻകാലത്തേക്കാൾ കൂടുതൽ ധനസഹായം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



