“എന്തിനാ മോനെ നിനക്ക് ഈ മുക്കുമാല”…..! നാരായണിയമ്മയുടെ വാക്ക് കേട്ട് കള്ളന്മാര്‍ എറിഞ്ഞ് കൊടുത്തത് തട്ടിയെടുത്ത നാലര പവന്റെ സ്വര്‍ണമാല; കള്ളന്മാരെ പറ്റിച്ച് നാട്ടിലെ താരമായി എഴുപത്തിമൂന്നുകാരി
സ്വന്തം ലേഖിക
കാസര്‍കോട്: കള്ളന്മാരെ പറ്റിച്ച നാരായണി അമ്മയാണ് ഇപ്പോള്‍ നാട്ടിലെ താരം.
“എന്തിനാ മോനെ നിനക്ക് ഈ മുക്കുമാല” എന്ന ഒറ്റ ഡയലോഗില്‍ നാരായണിയമ്മയ്ക്ക് തിരിച്ചു കിട്ടിയത് കള്ളന്മാര്‍ പൊട്ടിച്ചെടുത്ത നാലര പവന്റെ സ്വര്‍ണമാലയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പള്ളിക്കര പൂച്ചക്കാട് തെക്കുപുറം സ്വദേശി പി. കുഞ്ഞിരാമന്റെ ഭാര്യ കെ. നാരായണി (73 )യാണ് കള്ളനെ പറ്റിച്ച് നാട്ടിലെ താരമായത്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു സംഭവം.
തെക്കുപുറം മഹാവിഷ്ണു ക്ഷേത്രത്തിനു സമീപം റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ് സംഭവം. പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂജകഴിഞ്ഞ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു. 300 മീറ്റര്‍ കഴിഞ്ഞാല്‍ പൂച്ചക്കാട് കെ.എസ്.ടി.പി റോഡാണ്.
വീട്ടില്‍ നിന്നും നടന്ന് പൂച്ചക്കാട് നിന്നും വാഹനത്തില്‍ പോകാനായിരുന്നു തീരുമാനം. അതിനിടയാണ് മോഷ്ടാക്കള്‍ എത്തിയത്. നാരായണി അമ്മയുടെ കഴുത്തില്‍ നിന്നും ഇരുചക്രവാഹനത്തിലെത്തിയ രണ്ട് പേരില്‍ ഒരാള്‍ സ്വര്‍ണ മാല പൊട്ടിക്കുകയായിരുന്നു.
ഈ സമയം പരിസരത്ത് ആരും ഉണ്ടായിരുന്നില്ലെന്നതു കൊണ്ടുതന്നെ ബഹളം വെച്ചാല്‍ സ്വര്‍ണമാല തിരിച്ചുകിട്ടില്ലെന്ന് നാരായണി അമ്മയ്ക്ക് തോന്നി. അങ്ങനെയാണ് അവസാനത്തെ തന്ത്രമായി ഒരു ഡയലോഗ് വച്ച് കാച്ചിയത്.
മാല മോഷ്ടിച്ച് ഇരുചക്ര വാഹനത്തില്‍ തിരിച്ചുപോകാൻ ഒരുങ്ങുന്നതിനിടെയാണ് നാരായണി അമ്മയുടെ യാചന. അത് കേട്ടയുടൻ പൊട്ടിച്ചെടുത്തത് മുക്കുമാലയാണെന്ന് വിശ്വസിച്ച കള്ളന്മാര്‍ തട്ടിയെടുത്ത നാലര പവൻ സ്വര്‍ണ മാല റോഡിലേക്ക് വലിച്ചെറിഞ്ഞ് സ്ഥലം വിടുകയായിരുന്നു.