play-sharp-fill
കായിക കേരളത്തിലെ മിന്നും താരങ്ങൾ കളിച്ച്‌പഠിച്ച നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം ശോചനീയാവസ്ഥയിൽ; കളിക്കളം വികസനത്തിന് കായിക മന്ത്രിയ്‌ക്ക്‌ നിവേദനം നൽകി ‘നാമക്കുഴി സഹോദരിമാരു’ടെ പിൻഗാമികൾ

കായിക കേരളത്തിലെ മിന്നും താരങ്ങൾ കളിച്ച്‌പഠിച്ച നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനം ശോചനീയാവസ്ഥയിൽ; കളിക്കളം വികസനത്തിന് കായിക മന്ത്രിയ്‌ക്ക്‌ നിവേദനം നൽകി ‘നാമക്കുഴി സഹോദരിമാരു’ടെ പിൻഗാമികൾ

സ്വന്തം ലേഖകൻ

കോട്ടയം : കായിക കേരളത്തിന്റെ അഭിമാനഭാജനങ്ങളായ ‘നാമക്കുഴി സഹോദരിമാർ’ ഉൾപ്പെടെ ഒരു തലമുറയിലെ മിന്നും താരങ്ങൾ കളിച്ച്‌പഠിച്ച നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട് വികസനം സംബന്ധിച്ച നിവേദനം കായിക മന്ത്രി വി അബ്ദുൽ റഹ്‌മാന്‌ അയച്ചുകൊടുത്ത്‌ ജില്ലയിൽ നിന്നുള്ള ദേശീയ വനിതാതാരങ്ങളായ നാൽവർ സംഘം.

എറണാകുളം – കോട്ടയം ജില്ലകളുടെ അതിർത്തിയിൽ പിറവം മുനിസിപ്പൽ പരിധിയിലുള്ള നാമക്കുഴി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ കളിച്ചുവളർന്ന അന്നാട്ടുകാരായ എട്ട്‌ വനിതകളാണ്‌ ‘നാമക്കുഴി സഹോദരിമാർ’ എന്നറിയപ്പെടുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ സി ഏലമ്മ (ഇന്ത്യയിലെ ആദ്യ അർജുന അവാർഡ് ജേത്രി), പി കെ ഏലിയാമ്മ (റിട്ട. എസ്‌ പി വനിത സെൽ, തിരുവനന്തപുരം), വി കെ സാറാമ്മ (ഇന്ത്യൻ താരം, റിട്ട. ഡിവൈഎസ്‌പി) എന്നിവരും എം എൻ അമ്മിണി, വി വി അന്നക്കുട്ടി, പി സി ഏലിയാമ്മ, വി കെ ലീല, പി ഐ ലീലാമ്മ എന്നിവരും ഇവരിൽ രണ്ട്‌ പേരുടെ ബന്ധുവും മികച്ച ഫുട്‌ബോൾ പരിശീലകനുമായ ജോമോൻ ജേക്കബും (മേവെള്ളൂർ കുഞ്ഞിരാമൻ സ്‌മാരക എച്ച്‌ എസ്‌) പഠിച്ച വിദ്യാലയമാണിത്‌.

ഇവർ കളിച്ച്‌പഠിച്ച ഗ്രൗണ്ടിൽ പുതുതലമുറയിലെ കുട്ടികൾക്ക്‌ കായികപരിശീലനം നൽകുന്നവരാണ്‌ നാൽവർ സംഘത്തിൽ പെട്ട കെ എ അക്ഷര (വനിത ഫുട്ബോളിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ക്യാമ്പ് താരം), ദേശീയ താരങ്ങളായ കെ എം ശ്രീവിദ്യ, കെ എം ശ്രീദേവി, കാവ്യ മനോജ്‌ എന്നിവർ.
വിവിധ ഇനങ്ങളിൽ ദേശീയ റെക്കോഡിന്‌ ഉടമകളാണിവർ.

കളിക്കളത്തിൽ പതിവായി പരിശീലനത്തിന്‌ ഇറങ്ങിയപ്പോഴാണ്‌ ഗ്രൗണ്ടിന്റെയും സ്‌കൂളിന്റെയും പരിമിതികൾ ഇവർക്ക്‌ ബോധ്യപ്പെട്ടതും സർക്കാർ സഹായം തേടുക എന്ന ആശയം തോന്നിയതും.

നാമക്കുഴി എൽ പി സ്കൂൾ 1915 ലാണ്‌ പ്രവർത്തനമാരംഭിച്ചത്‌. 1950ൽ ഹൈസ്കൂളായും പിന്നീട് ഹയർ സെക്കൻഡറിയായും ഉയർത്തി. എന്നാൽ അഞ്ച്‌ മുതൽ 12 വരെ ക്ലാസ്സുകളിലായി 250 ഓളം കുട്ടികൾ മാത്രമാണ് ഇപ്പോഴുള്ളത്. വലിയ ഗ്രൗണ്ട് സൗകര്യമുള്ളതിനാൽ കോട്ടയം – എറണാകുളം ജില്ലകളിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള നൂറോളം കുട്ടികൾ ഇവിടെ പരിശീലനം നേടുന്നുണ്ട്. സർക്കാരിന്റെ പരിഗണനയും സഹായവുമാണ് ചരിത്രമുറങ്ങുന്ന ഈ സ്കൂളിന് വേണ്ടത്.

കായിക മന്ത്രിക്കുള്ള നിവേദനം ഇ മെയിൽ ചെയ്‌തു. അതിന്റെ പകർപ്പ്‌ മന്ത്രി വി എൻ വാസവനും ജില്ലാ സ്‌പോർട്‌സ്‌ കൗൺസിൽ ഭാരവാഹികൾക്കും നൽകി.