
കോട്ടയം: സോഷ്യല്‍ മീഡിയയിലൂടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കി കബിളിപ്പിച്ചെന്ന പരാതിയില്‍ സ്വർണക്കടയ്ക്ക് പിഴ ചുമത്തി ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ.
കൂരോപ്പട സ്വദേശി ലിൻസി ജോസഫിന്റെ പരാതിയില്‍ ഇടപ്പള്ളി നക്ഷത്ര ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിനെതിരെയാണ് നടപടി. സോഷ്യല്‍ മീഡിയയിലെ പരസ്യത്തില്‍ വിശ്വസിച്ച് 2024 ജൂണ്‍ 25ന് പഴയ സ്വർണം നല്‍കി പാദസരം വാങ്ങി. ഇത് ഒരു മാസത്തിനുള്ളില്‍ പൊട്ടിപ്പോയി.
ജ്വല്ലറിയെ സമീപിച്ചപ്പോള്‍ പാദസരം നന്നാക്കി നല്‍കാമെന്നും തുക തിരികെ നല്‍കാനാവില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് ലിൻസി കമ്മീഷനില്‍ പരാതി നല്‍കിയത്. പാദസരം ഏതെങ്കിലും തരത്തിലുള്ള ബലപ്രയോഗത്തില്‍ പൊട്ടിയതല്ലെന്നും നിർമാണത്തിലെ പാകപ്പിഴയാണെന്നുംകമ്മീഷന് അപ്രൈസർ റിപ്പോർട്ടു നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പാദസരത്തിന് ചെലവായ 36200 രൂപയും ഒൻപതു ശതമാനം പലിശയോടുകൂടി നഷ്ടപരിഹാരമായി പതിനായിരം രൂപയും കോടതി ചെലവിനത്തില്‍ 2000 രൂപയും നല്‍കാനാണ് കമ്മീഷൻ ഉത്തരവിട്ടത്.
ആഭരണം പൊട്ടിപോകില്ലെന്ന് ഉറപ്പു നല്‍കിയ സോഷ്യല്‍ മീഡിയ പരസ്യം 30 ദിവസത്തിനകം പിൻവലിക്കണമെന്നും അഡ്വ.എസ് മനുലാല്‍ പ്രസിഡന്റും അഡ്വ. ആർ. ബിന്ദു,കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായ കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ നിർദ്ദേശം നല്‍കി.


