
നഖങ്ങൾ പൊട്ടിപ്പോകുന്നതിനുള്ള പരിഹാരമെന്നോണം ജെൽ മാനിക്യൂർ ചെയ്യുന്നവരുമുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയൻ അടുത്തിടെ ജെൽ നെയിൽ പോളിഷ് നിരോധിച്ചിരുന്നു. ആരോഗ്യത്തിന് ഹാനികരമാണെന്ന് പറഞ്ഞുകൊണ്ടാണ് ഈ മാസം തൊട്ട് ടിപിഒ ഉള്ള ജെല്ലുകൾ നിരോധിച്ചിരിക്കുന്നത്. ഈ നിരോധനം ആളുകളെ പുനർചിന്തനം ചെയ്യാൻ പ്രേരിപ്പിക്കും.
നിരോധനം ഒരു ഏകപക്ഷീയമായ നീക്കമായിരുന്നില്ല. ടിപിഒ ഉള്ളവ ടോക്സിക്കാണെന്നും ഇത് പ്രത്യുൽപാദനത്തെവരെ ബാധിക്കുമെന്നും പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ഇതിനെ കാറ്റഗറി ‘1B’ ആയി തരംതിരിച്ചു. ഇതോടെ യൂറോപ്യൻ യൂണിയൻ അതിനെ കോസ്‌മെറ്റിക്സ് റെഗുലേഷൻ പ്രകാരം നിരോധിത പട്ടികയിൽ ചേർക്കാൻ ആവശ്യപ്പെട്ടു.
അതായത് ടിപിഒ അടങ്ങിയ ജെല്ലുകൾ ഇനി വിൽക്കാനോ വിതരണം ചെയ്യാനോ പ്രൊഫഷണലായി ഉപയോഗിക്കാനോ കഴിയില്ല.ഇത് ഉപയോഗിക്കുമ്പോൾ നഖങ്ങളിൽ തിളക്കവും ആകർഷണവുമൊക്കെ തോന്നുമെങ്കിലും കാൻസറിന് വരെ കാരണമാകുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൂടാതെ ഗർഭധാരണത്തെ തടസപ്പെടുത്തും. ഗർഭിണികളാണ് ഉപയോഗിക്കുന്നതെങ്കിൽ ഗർഭസ്ഥ ശിശുവിന് വരെ ദോഷകരമാണത്രേ. അങ്ങനെയുള്ള സാധനങ്ങളെയാണ് കാറ്റഗറി 1B ആയി തരംതിരിക്കുന്നത്.കാറ്റഗറി 1B ആയി ഇതിനെ തരംതിരിച്ചതോടെ, യൂറോപ്യൻ യൂണിയൻ ഇതിനെ പൂർണ്ണമായി നിരോധിക്കുകയായിരുന്നു.
മുമ്പ്, പ്രൊഫഷണൽ ഉപയോഗത്തിന് മാത്രമേ ഇത് പരിമിതപ്പെടുത്തിയിരുന്നുള്ളൂ. ഇപ്പോൾ ഇത് പൂർണ്ണമായും നിരോധിച്ചിരിക്കുന്നു.
ജെൽ നെയിൽ പോളിഷ് പേരിന് നിരോധിക്കുകയല്ല യൂറോപ്യൻ യൂണിയൻ ചെയ്തത്. മറിച്ച് ആരും ഇനി ഇത് ഉപയോഗിക്കില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്‌തു. സലൂണുകൾക്ക് പഴയ കുപ്പികളിൽ വീണ്ടും ഇത് നിറച്ച് ഉപയോഗിക്കാനാകില്ല. വിതരണക്കാർ നിലവിൽ കൈവശമുള്ളവ നീക്കം ചെയ്യണം. സൗന്ദര്യ വർദ്ധക ഉത്പന്നങ്ങളുടെ ചേരുവകളിൽ ടിപിഒ അടിസ്ഥാനമാക്കിയുള്ള ജെല്ലുകൾ ഉണ്ടോയെന്ന് പ്രഫഷണലുകൾ പരിശോധിക്കണമെന്നും അങ്ങനെ ഉണ്ടെങ്കിൽ ഉടനടി ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
ജെൽ മാനിക്യൂർ സുരക്ഷിതമല്ലേ?ജെൽ മാനിക്യൂർ സുരക്ഷിതമാണോയെന്ന് തിരുമാനിക്കുന്ന ചില കാര്യങ്ങളുണ്ട്. അപകട സാദ്ധ്യത കണക്കിലെടുത്ത് TPO നിരോധിച്ചിട്ടുണ്ട്. എന്നാൽ യൂറോപ്യൻ യൂണിയന് പുറത്ത് ഇത് ഇപ്പോഴും നിയമപരമായിരിക്കാം. അതിനാൽത്തന്നെ ജെൽ മാനിക്യൂറിലും മറ്റും ഇത് ഉപയോഗിക്കാൻ സാദ്ധ്യതയുണ്ട്. ഉപഭോക്താക്കൾ എപ്പോഴും ചേരുവകൾ മനസിലാക്കി വേണം ഇവ ഉപയോഗിക്കാൻ.
യുവി നെയിൽ പോളിഷ് ഉപകരണങ്ങൾ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് വളരെക്കാലമായി ചർച്ചകൾ നടക്കുന്നുണ്ട്. സ്‌കിൻ കാൻസർ പോലുള്ളവ വരാനുള്ള സാദ്ധ്യത ഇത് വർദ്ധിപ്പിക്കുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
യൂറോപ്യൻ യൂണിയൻ ടിപിഒ നിരോധനമേർപ്പെടുത്തിയതോടെ നിരവധി ആഗോള ബ്രാൻഡുകൾ ഇതിനോടകം തന്നെ ടിപിഒ രഹിതമെന്ന ലേബലുകൾ ഉപയോഗിച്ച് പുനഃക്രമീകരിക്കുന്നുണ്ട്. യു എസ് പോലുള്ള മറ്റ് രാജ്യങ്ങൾ ടിപിഒ നിരോധനം കൊണ്ടുവരുമോയെന്ന കണ്ടറിയണം