അശാസ്ത്രീയമായ സമയക്രമം; തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള മിക്ക സ്റ്റേഷനുകളിലും നിശ്ചയ സമയത്തിന് മുന്നേ ട്രെയിൻ ഓടിയെത്തുന്നു; യാത്രക്കാരെ വലച്ച് നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: യാത്രക്കാരുടെ ക്ഷമയെ പരീക്ഷിക്കും വിധം സർവീസ് നടത്തുകയാണ് വൈകിട്ടുള്ള 16366 നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്.

നാഗർകോവിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന ട്രെയിൻ 2.30 ന് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചേരും വിധമാണ് സമയം ക്രമീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് നിന്ന് 2.35 ന് പുറപ്പെട്ട് വൈകിട്ട് 5.15 ന് കൊല്ലത്ത് എത്തുന്ന സമയക്രമത്തിലാണ് ഈ ട്രെയിന്റെ യാത്ര.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഏകദേശം മൂന്നു മണിക്കൂറാണ് ട്രെയിന് അനുവദിച്ചിരിക്കുന്നത്. വൈകിട്ട് 4.10 ഓട് കൂടി പരവൂരിൽ എത്തുന്ന വണ്ടിക്ക് 12 കിലോമീറ്റർ കഴിഞ്ഞ് കൊല്ലം എത്തി അവിടുന്ന് പുറപ്പെടാൻ ഒരു മണിക്കൂറാണ് സമയം കൊടുത്തിരിക്കുന്നത്. അശാസ്ത്രീയമായ സമയക്രമം കാരണം തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിലുള്ള മിക്ക സ്റ്റേഷനുകളിലും നിശ്ചയ സമയത്തിന് മുന്നേ ട്രെയിൻ ഓടിയെത്താറുണ്ട്.

നിരവധി ഓഫീസുകളിലും മറ്റും ജോലിസ്ഥലങ്ങളിലുമുള്ള യാത്രക്കാർ ഈ അശാസ്ത്രീയതകൊണ്ട് യാത്രചെയ്യാൻ മറ്റ് മാർഗങ്ങൾ സ്വീകരികരിക്കുകയാണ്.
തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചയ്ക്ക് 2.50 നുള്ള ജനശതാബ്ദി, 3നുള്ള ചെന്നൈ മെയിൽ എന്നിവയ്ക്ക് ശേഷം ഈ ട്രയിൻ 3.25 ഓട് കൂടി പുറപ്പെടുന്ന രീതിയിൽ സമയം ക്രമീകരിക്കണം എന്നത് യാത്രക്കാരുടെ നിരന്തര ആവശ്യമാണ്.

നിലവിൽ നാഗർകോവിൽ നിന്നും ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടുന്ന വണ്ടിയെ തിരുച്ചിറപ്പള്ളി – തിരുവനന്തപുരം ഇന്റർസിറ്റി നാഗർകോവിൽ ടൗൺ കഴിഞ്ഞ് പോയതിന് ശേഷം 1.50 ഓട് കൂടി പുറപ്പെട്ടാൽ 3.20 ഓട് കൂടി സെൻട്രലിൽ എത്തിച്ചേരാം. സെൻട്രലിൽ നിന്നും 3.25 ന് പുറപ്പെട്ടാൽ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ആഴ്ചവണ്ടികളെ വർക്കലയിൽ വെച്ച് കയറ്റിവിട്ടശേഷം കൃത്യം 5.15 ന് കൊല്ലത്ത് എത്തിച്ചേരാൻ കഴിയും. ജനശതാബ്ദി, ചെന്നൈ മെയിൽ എന്നിവയെല്ലാം പോയതിന് ശേഷം സെൻട്രലിൽ പ്ലാറ്റ്ഫോം ഒഴിവുണ്ട്.

കുറച്ചു വൈകി പുറപ്പെടുന്നതിനാൽ തിരുവനന്തപുരത്ത് നിന്നുള്ള കൂടുതൽ യാത്രക്കാർക്ക് ആശ്രയമാവും.
തിരുവനന്തപുരത്തിനും കൊല്ലത്തിനും ഇടയിൽ കൃത്യസമയം പാലിക്കാൻ കഴിയും
യാത്രാസമയം ഒരു മണിക്കൂർ നാൽപ്പത് മിനിറ്റായി കുറയും.

“തിരക്കേറിയ വൈകുന്നേരത്തെ നിരവധി യാത്രക്കാരുടെ ആശ്രയമാണ് നാഗർകോവിൽ – കോട്ടയം എക്സ്പ്രസ്.ഈ സർവീസ് പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയാത്ത വിധമുള്ള റെയിൽവേയുടെ നടപടിയിൽ മാറ്റമുണ്ടാകണം.”