
തേർഡ് ഐ ബ്യൂറോ
കോട്ടയം: കഞ്ഞിക്കുഴിയിൽ പഴയ ബസ് സ്റ്റാൻഡിനുള്ളിൽ ഉപയോഗ ശൂന്യമായി അടച്ചിട്ടിരിക്കുന്ന കെട്ടിടത്തിൽ പട്ടാപ്പകൽ പോലും നഗരസഭാ ജീവനക്കാരുടെ പരസ്യമദ്യപാനവും അഴിഞ്ഞാട്ടവും. ഒരു വിഭാഗം ഉദ്യോഗസ്ഥർ തന്നെയാണ് ചോദിക്കാനും പറയാനും ആരുമില്ലെന്ന മട്ടിൽ നഗരസഭ ഓഫിസിൽ തന്നെയിരുന്നു മദ്യപിക്കുന്നത്. കഴിഞ്ഞ ദിവസം വിവരം ചോർന്നു കിട്ടിയ എക്‌സൈസ് സംഘം ഓഫിസിൽ എത്തി. എന്നാൽ, വിവരം അറിഞ്ഞ് മദ്യപാനികളായ ഉദ്യോഗസ്ഥ സംഘം ഓഫിസിന്റെ പിൻവാതിലിലൂടെ രക്ഷപെട്ടു.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. കഞ്ഞിക്കുഴിയിലെ നഗരസഭയുടെ പഴയ ആരോഗ്യ വിഭാഗം ഓഫിസിൽ പരസ്യമായി മദ്യപാനം നടക്കുന്നതായാണ് എക്‌സൈസ് സംഘത്തിനു വിവരം ലഭിച്ചത്. തുടർന്നു, എക്‌സൈസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി. എന്നാൽ, ഓഫിസിനുള്ളിലേയ്ക്കു ഇവർ കടക്കും മുൻപു ഒരു സംഘം ഇവർക്കു വിവരം ചോർത്തി നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതോടെ മദ്യപാനികളായ ഉദ്യോഗസ്ഥ സംഘം രക്ഷപെടുകയായിരുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിലെ ഒരു വിഭാഗം ഉദ്യോഗസ്ഥരെ കൂടാതെ പുറത്തു നിന്നുള്ള ചില സാമൂഹിക വിരുദ്ധരും ഒപ്പമുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പല ദിവസങ്ങളിലും ഇത്തരത്തിൽ ഓഫിസിലിരുന്ന് ചില ഉദ്യോഗസ്ഥർ മദ്യപിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മദ്യപിച്ച ഉദ്യോഗസ്ഥരുടെ പേരും വിശദാംശങ്ങളും സഹിതം പരാതിയും അയച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ നടപടികളും പരിശോധനകളും ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.