
തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവൻ ശിവഗിരി തീർത്ഥാടനത്തിന് അനുമതി നൽകിയ നാഗമ്പടം മഹാദേവക്ഷേത്രത്തെ അന്തർദേശീയ തീർഥാടന കേന്ദ്രമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചതായി മന്ത്രി വി.എൻ. വാസവൻ അറിയിച്ചു. ഇതിനായി 2 കോടി രൂപ ബജറ്റിൽ അനുവദിച്ചു.
1928 ജനുവരി 16ന് നാഗമ്പടം മഹാദേവ ക്ഷേത്രത്താങ്കണത്തിലെ മാവിൻ ചുവട്ടിൽ വിശ്രമിക്കുന്ന വേളയിലാണ് ശിവഗിരി തീർഥാടനമെന്ന ആശയം ഗുരുവിന് മുന്നിൽ ശിഷ്യർ വയ്ക്കുന്നത്. ശിഷ്യരിൽ പ്രമുഖരായിരുന്ന വല്ലഭശേരി ഗോവിന്ദൻ വൈദ്യർ, ടി.കെ.കിട്ടൻ റൈറ്റർ എന്നിവരുടെ അഭ്യർത്ഥന പ്രകാരമാണ് ശിവഗിരി തീർത്ഥാടനത്തിന് ഗുരു അനുമതി നൽകുന്നത്.
ഗുരുദേവന്റെ ദർശനങ്ങൾ വ്യക്തിജീവിതവും പൊതുജീവിതവും ശുദ്ധീകരിക്കുകയും സാമൂഹിക മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്തവയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‍’ എന്ന സന്ദേശം സമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കുന്ന മാനവികതയുടെ തീർഥാടന കേന്ദ്രമായി നാഗമ്പടം ക്ഷേത്രം മാറുമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ധനമന്ത്രി കെ എൻ. ബാലഗോപാലിന് നൽകിയ നിവേദനം പരിഗണിച്ചാണ് ബജറ്റിനുള്ള മറുപടി പ്രസംഗത്തിൽ ഇക്കാര്യം ഉൾപ്പെടുത്തിതെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


