play-sharp-fill
നാഗമ്പടം മേൽപ്പാലത്തിലെ അപകടച്ചാട്ടം: റോഡ് ടാർ ചെയ്ത് പ്രശ്‌നം പരിഹരിച്ചു; തേർഡ് ഐ ബിഗ് ഇംപാക്ട്

നാഗമ്പടം മേൽപ്പാലത്തിലെ അപകടച്ചാട്ടം: റോഡ് ടാർ ചെയ്ത് പ്രശ്‌നം പരിഹരിച്ചു; തേർഡ് ഐ ബിഗ് ഇംപാക്ട്

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം മേൽപ്പാലത്തിൽ അപ്രോച്ച് റോഡും മേൽപ്പാലത്തിലെ സ്‌ളാബും തമ്മിലുണ്ടായിരുന്ന അകലം പരിഹരിച്ചു. മുപ്പത് മുതൽ അറുപത് മില്ലീമീറ്റർ വരെ ആഴമുണ്ടായിരുന്നതാണ് കഴിഞ്ഞ ദിവസം രാത്രിയിൽ റെയിൽവേ അധികൃതർ ടാർ ചെയ്ത് പരിഹരിച്ചത്. റോഡിലെ കട്ടിംങ് സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതുകൂടാതെ പ്രോസിക്യൂഷൻ നടപടികൾ ആരംഭിക്കുമെന്നു ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രിയ്ക്കും, റെയിൽവേ ചീഫ് എൻജിനീയർ അടക്കമുള്ള ഉദ്യോഗസ്ഥർക്കും തേർഡ് ഐ ന്യൂസ് ലൈവ് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ പ്രശ്‌നത്തിൽ ഇടപെട്ട തോമസ് ചാഴികാടൻ എംപി റോഡ് അടിയന്തിരമായി ടാർ ചെയ്യാൻ നിർദേശം നൽകുകയായിരുന്നു.
റോഡിലെ കട്ടിംങ് ശ്രദ്ധയിൽപ്പെട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് അപകടം ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടർക്കു കത്തു നൽകിയിരുന്നു. റോഡിൽ ഇതുമൂലം അപകടമുണ്ടായാൽ റെയിൽവേ അധികൃതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും, പുതിയ കേന്ദ്ര നിയമപ്രകാരം ഒരു ലക്ഷം രൂപ പിഴയായി ഈടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതേ തുടർന്നാണ് റെയിൽവേ അധികൃതർ അതിവേഗം അറ്റകുറ്റപണി നടത്താൻ തീരുമാനിച്ചത്.