video
play-sharp-fill

നാഗമ്പടം മേൽപ്പാല നിർമാണം അവസാനഘട്ടത്തിൽ

നാഗമ്പടം മേൽപ്പാല നിർമാണം അവസാനഘട്ടത്തിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടം മേൽപ്പാല നിർമ്മാണം അവസാനഘട്ടത്തിലേക്ക്. മഴ മാറി നിന്നാൽ, മുൻ നിശ്ചയ പ്രകാരം അടുത്തയാഴ്ച ഗതാഗതം ഒറ്റവരിയിൽ നടത്താൻ കഴിയുമെന്നാണു റെയിൽവേയുടെ പ്രതീക്ഷ. പിന്നാലെ, പണികൾ വേഗം പൂർത്തിയാക്കി നവംബർ മധ്യത്തോടെ പൂർണമായും പാലം തുറന്നു കൊടുക്കാൻ കഴിയുമെന്നും റെയിൽവേ പ്രതീക്ഷിക്കുന്നു. പുതിയ പാലത്തിലൂടെ ഗതാഗതം ആരംഭിക്കുന്നതോടെ, നാഗമ്പടത്തെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് പ്രതീക്ഷ. പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ ടാറിങ്ങിനായി മെറ്റൽ വിരിക്കുന്ന ജോലികൾ അവസാന ഘട്ടത്തിലാണ്. ഇരു അപ്രോച്ച് റോഡുകളിലെയും ഒരു സൈഡിൽ നടപ്പാതയുടെ കോൺക്രീറ്റിങ്ങ് ജോലികളും പൂർത്തിയായി. ഇരു വശത്തും അപ്രോച്ച് റോഡ്, എം.സി. റോഡുമായി ചേരുന്ന ഭാഗം ഒരേ നിരപ്പിലാക്കി മെറ്റൽ വിരിക്കുന്ന ജോലികളാണ് ഇനി അവശേഷിക്കുന്നത്.

മെറ്റൽ ഉറപ്പിച്ചതിനുശേഷം വാഹനങ്ങൾ കടത്തിവിടാനാണ് തീരുമാനം. കോട്ടയത്തു നിന്നു ഏറ്റുമാനൂർ ഭാഗത്തേക്കു പോകുന്ന വാഹനങ്ങളാണ് മേൽപ്പാലത്തിലൂടെ ആദ്യം കടത്തിവിടുക. കോട്ടയത്തേക്കു വരുന്ന വാഹനങ്ങൾ പഴയ പാലത്തിലൂടെയും യാത്ര തുടരും. രണ്ടാഴ്ച ഇങ്ങനെ ഗതാഗതം അനുവദിച്ചതിനു ശേഷമായിരിക്കും ടാറിങ്ങ് ജോലികൾ ആരംഭിക്കുക. കാലാവസ്ഥ അനുകൂലമായാൽ രണ്ടു ദിവസം കൊണ്ട് ടാറിങ്ങ് പൂർത്തിയാക്കാൻ കഴിയും. ടാറിങ്ങ് പൂർത്തിയായി ഉദ്ഘാടനം കഴിഞ്ഞാലുടൻ ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം ആരംഭിക്കും. ഇതിനു ശേഷമേ പഴയ പാലം പൊളിക്കുന്നതിനുള്ള നടപടികൾ ആരംഭിക്കൂ. പഴയ പാലം പൊളിച്ചു നീക്കി ഒരു ഭാഗം പാർക്കിങ്ങിനായും ഗുഡ് ഷെഡ് വികസനത്തിനായും മാറ്റിവയ്ക്കും. പാലത്തിന്റെ ഇരുവശങ്ങളിലും ആധുനിക രീതിയിലുള്ള ബസ് കാത്തിരിപ്പു കേന്ദ്രവും പിന്നീട് നിർമിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group