നെഹ്റു പാര്‍ക്കിൻ്റെ നവീകരണത്തിൽ അഴിമതിയെന്ന് തേർഡ് ഐ ന്യൂസ് പറഞ്ഞത് സത്യമെന്ന് കൗൺസിലർമാരും; നഗരസഭയില്‍ വാക്കേറ്റവും കൈയ്യാങ്കളിയും
സ്വന്തം ലേഖകൻ
കോട്ടയം: നാഗമ്പടം നെഹ്റു പാര്‍ക്ക് 2.07 കോടി മുടക്കി നവീകരിച്ചതിൽ അഴിമതിയെന്ന് നഗരസഭാ കൗൺസിലർമാരും . പാർക്ക് മണ്ണിട്ട് നികത്തിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം ശുപാര്‍ശ ചെയ്തതിനെച്ചൊല്ലിയാണ് ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനും മുന്‍ അധ്യക്ഷ ഡോ.പി.ആര്. സോനയും തമ്മില്‍ വാക്കേറ്റമുണ്ടായത്
ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന കൗണ്‍സില്‍ യോഗത്തിനു പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങള്‍. അധ്യക്ഷയുടെ ചേംബറില്‍ മറ്റു കൗണ്‍സിലര്‍മാരുടെ മുന്നിലാണു വാക്കേറ്റവും തര്‍ക്കവുമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
നെഹ്റു പാര്‍ക്കില്‍ 25 ലോഡ് മണ്ണിടുന്നതിന് സോന അധ്യക്ഷ ആയിരുന്ന കാലത്ത് മൂന്നുലക്ഷം രൂപ എന്‍ജിനിയറിംഗ് വിഭാഗത്തിന് അനുവദിച്ചു. ബാക്കി ഒന്നേമുക്കാല്‍ ലക്ഷം രൂപ നല്കുന്ന കാര്യം കൗണ്‍സില്‍ പരിഗണനയ്ക്ക് അജണ്ടയിലുണ്ടായിരുന്നു. ഇതു ചര്‍ച്ച ചെയ്യാനെടുത്തപ്പോള്‍ ബിജെപി അംഗം വിനു ആര്. മോഹന്‍ പാര്‍ക്കില്‍ മണ്ണിട്ടതില് അഴിമതിയുണ്ടെന്നാരോപിച്ചു.
മണ്ണെടുക്കുന്നത് നഗരസഭയുടെ പുത്തനങ്ങാടിയിലെ സ്ഥലത്തുനിന്നാണ്. ജെസിബിയും ഡ്രൈവറും നഗരസഭയുടേതാണ്. പണി നടത്തിയത് നഗരസഭയിലെ എന്‍ജിനിയറിംഗ് വിഭാഗവും. പിന്നെന്തിനാണ് പണം നല്‍കുന്നതെന്ന് വിനു ചോദിച്ചു.
ഇതോടെ എല്‍ഡിഎഫ് അംഗങ്ങളും പ്രതിഷേധമുയര്‍ത്തി. പ്രതിപക്ഷാംഗം ഷീജ അനില്‍ പാര്‍ക്ക് നവീകരണം വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയുടെ ഫണ്ടില്‍നിന്ന് ഒരു 1.62 കോടി രൂപയും തനതുഫണ്ടില്‍നിന്ന് 45 ലക്ഷവും ചെലവഴിച്ച് നടത്തിയ നവീകരണവും അന്വേഷിക്കണമെന്നും ഷീജ അനിൽ ആവശ്യപ്പെട്ടു.
പൊതുമരാമത്ത് കമ്മിറ്റി പഠിച്ചശേഷം അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു പറഞ്ഞതോടെ കൗണ്‍സിലില്‍ വാഗ്വാദം ഉയര്‍ന്നു. മണിക്കൂറുകള്‍ നീണ്ട തര്‍ക്കങ്ങള്‍ക്കുശേഷം അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. ഇതേത്തുടര്‍ന്നായിരുന്നു നാടകീയ സംഭവങ്ങള്‍.
ആറ് വർഷമായി അടഞ്ഞു കിടന്നിരുന്ന പാർക്ക് തേർഡ് ഐ ന്യൂസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്.
2 കോടി ഏഴ് ലക്ഷം മുടക്കിയാണ് പാർക്ക് നവീകരിച്ചത്. നവീകരണത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് തേർഡ് ഐ ന്യൂസ് വിജിലൻസിന് പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് കൗൺസിലർമാരും ഇത് ശരിവെയ്ക്കുന്നത്.