video
play-sharp-fill
ഗർഭിണിയെന്ന വ്യാജേനെ വീടുകളിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുന്ന നാടോടി സംഘം സജീവം ; ജാഗ്രത പുലർത്തണമെന്ന് പൊലീസ്

ഗർഭിണിയെന്ന വ്യാജേനെ വീടുകളിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയി കവർച്ച നടത്തുന്ന നാടോടി സംഘം സജീവം ; ജാഗ്രത പുലർത്തണമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തൊടുപുഴ: ഗർഭിണിയെന്ന് വ്യാജേനെ ക്ഷീണം അഭിനയിച്ച് വീടുകളിലെത്തി കുട്ടികളെ തട്ടിക്കൊണ്ടു പോയി കവർച്ച നടത്തുന്ന നാടോടി സംഘങ്ങൾ കേരളത്തിൽ വീണ്ടും സജീവം. ജാഗ്രത പുലർത്തണം, മുന്നറിയിപ്പുമായി പൊലീസ്. പലപ്പോഴും വീട്ടുകാർ പണമടക്കം ഇവർക്കു നൽകുമെങ്കിലും ഇവരുടെ ലക്ഷ്യം മുതലെടുപ്പ് മാത്രമാണ്. കഴിഞ്ഞ ദിവസം തൊടുപുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആന്ധ്രാ സ്വദേശിനി പിടിയിലായിരുന്നു.

ആന്ധ്ര ചിറ്റൂർ കോട്ടൂർ ഗ്രാമവാസി ഷമീം ബീവി (സുമയ്യ60) ആണ് അറസ്റ്റിലായത്. ഇവരുടെ കൈവശം തിരിച്ചറിയൽ രേഖ ഇല്ലാത്തതിനാൽ ആന്ധ്ര പൊലീസുമായി ബന്ധപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവർ നൽകിയിരിക്കുന്ന പേര് വ്യാജമാണോ എന്നും പൊലീസ് സംശയിക്കുന്നു. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളിൽ നിർത്തിയതിനു ശേഷം പൗഡർ എടുക്കാൻ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടിൽക്കയറിയത്. തിരിച്ചു വപ്പോൾ മുത്തശ്ശി കണ്ടത്, ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് ഹാളിൽ നിന്നു മുറ്റത്തേക്ക് ഓടുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തശ്ശിയും ബഹളം വച്ച് പിന്നാലെ ഓടി സ്ത്രീയെ പിടിച്ചു നിർത്തിയെങ്കിലും പോർച്ചിൽ കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഷമീം ബീവി കടന്നുകളയുകയായിരുന്നു. നാട്ടുകാർ ചേർന്ന് രണ്ടു കിലോമീറ്റർ അകലെ ഇടവെട്ടി ഭാഗത്ത് മറ്റൊരു വീട്ടിൽ നിന്നാണ് ഷമീം ബീവിയെ കണ്ടെത്തിയത്. അവിടെ സഹായം ചോദിച്ച് എത്തിയതായിരുന്നു. നാട്ടുകാർ ഇവരെ തടഞ്ഞുനിർത്തി പൊലീസിൽ അറിയിച്ചു. തുടർന്ന് ഷമീം ബീവിയെ കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്തു. ഇവർ കരിങ്കുന്നത്ത് വാടകയ്ക്ക് താമസിക്കുന്ന കെട്ടിടത്തിൽ എത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്നു മൊബൈൽ ഫോണും കുറച്ച് പണവും കണ്ടെത്തി. ബോണറ്റിലേക്കു വീണതിനാൽ കുഞ്ഞിനെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ പരിശോധിച്ചു. കാര്യമായ പരുക്കില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

ഇപ്പോൾ പൊലീസ് പരിശോധന ടൗണുകളിൽ കാര്യമായതിനാൽ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് നാടോടി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ സീസണുകളിലും ആക്രി സാധനങ്ങൾ പെറുക്കുന്നതിനും കരകൗശല വിൽപന, വീടുകളിൽ നിന്നും തുണി ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനുമാണ് നാടോടി സംഘം എത്തുന്നത്. ഇതിന്റെ മറവിൽ, വീടുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളടക്കം കടത്താൻ ശ്രമിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്..

പകലും, രാത്രിയിലും അടുക്കള വാതിലിന്റെ എല്ലാ പൂട്ടുകളും ഉറപ്പുള്ളതാക്കുകയും പൂട്ടിയെന്ന് ഉറപ്പു വരുത്തുകയും ചെയ്യണമെന്ന് പൊലീസ് നിർദേശമുണ്ട്. എല്ലാ വാതിലുകളും താക്കോൽ ഉപയോഗിച്ചു പൂട്ടുകയും ചെയ്യണം. വാതിലിന്റെ പിന്നിൽ ഇരുമ്പിന്റെ പട്ട ഘടിപ്പിച്ചാൽ കൂടുതൽ സുരക്ഷ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. ജനൽ പാളികൾ രാത്രി അടച്ചിടുക, വീടിനു പുറത്തും അടുക്കള ഭാഗത്തും മറ്റു ഭാഗങ്ങളിലും രാത്രി ലൈറ്റ് ഓഫാക്കാതിരിക്കുക തുടങ്ങിയ നിർദേശങ്ങളും പൊലീസ് മുന്നോട്ട് വച്ചിട്ടുണ്ട്.