
കൊച്ചി: മലയാള സിനിമയെ പിടിച്ചുകുലുക്കിയ നടി ആക്രമിക്കപ്പെട്ട കേസിൻ്റെ നാള്‍വഴികളില്‍, നിയമപോരാട്ടത്തിന് തുടക്കമിടുകയും വഴിത്തിരിവുകളിലേക്ക് നയിക്കുകയും ചെയ്ത രണ്ട് വ്യക്തിത്വങ്ങളാണ് മുൻ എംഎല്‍എ പിടി തോമസും സംവിധായകൻ ബാലചന്ദ്രകുമാറും.
ഇന്ന് ഈ കേസില്‍ വിധി വരുമ്പോൾ ഇരുവരും ഈ ലോകത്തില്ല. നിയമനടപടികളിലേക്ക് കേസിനെ എത്തിക്കുകയും പ്രാഥമികഘട്ടത്തില്‍ പ്രതികള്‍ കൈയകലത്തിലെത്തിയെന്ന് ഉറപ്പിക്കുകയും ചെയ്തത് പി.ടി. തോമസിൻ്റെ അപ്രതീക്ഷിത ഇടപെടലായിരുന്നു. എന്നാല്‍, കേസ് വഴിമുട്ടി നില്‍ക്കുമ്ബോള്‍ നിർണായകമായ ഡിജിറ്റല്‍ തെളിവുകള്‍ സഹിതം രംഗപ്രവേശം ചെയ്തത് ബാലചന്ദ്രകുമാറാണ്.
മിന്നുന്നതെല്ലാം പൊന്നല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞൊരു രാഷ്ട്രീയ നേതാവിൻ്റെ ഇടപെടലുകള്‍ കൂടിയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൻ്റെ നാള്‍വഴികളില്‍ നിർണായകമായത്. ആരും അറിയാതെ പോകുമായിരുന്ന ആ ക്രൂരകുറ്റകൃത്യം നിയമവഴിയിലെത്തിയത് തൃക്കാക്കര മുൻ എം.എല്‍.എ. പി.ടി. തോമസിന്റെ ഇടപെടല്‍ മൂലമാണ്. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17-ന് രാത്രി 11.30-നാണ് തൃക്കാക്കര എം.എല്‍.എ. ആയിരുന്ന പി.ടി. തോമസിൻ്റെ ഫോണിലേക്ക് സിനിമാ നിർമ്മാതാവ് ആൻ്റോ ജോസഫിൻ്റെ വിളി എത്തുന്നത്. ഉടൻ നടൻ ലാലിൻ്റെ വീട്ടിലേക്ക് എത്തണമെന്നായിരുന്നു സന്ദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിടി തോമസും ആൻ്റോ ജോസഫും ലാലിൻ്റെ വീട്ടിലെത്തുമ്ബോള്‍ ലാലും അതിജീവിതയും ഒരുമിച്ചുണ്ടായിരുന്നു. വീടിന് പുറത്തെ കസേരയില്‍ അതിജീവിതയുടെ ഡ്രൈവറായിരുന്ന മാർട്ടിനും ഉണ്ടായിരുന്നു. വീട്ടില്‍ നടന്ന കാര്യങ്ങള്‍ ലാല്‍ പിടിയോടും ആൻ്റോയോടും വിവരിച്ചു. ഒപ്പം കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും അന്നത്തെ ഐ.ജി. വിജയനും ലാലിൻ്റെ വിളികളെത്തിയിരുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് നടന്നത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമായി. പ്രതികള്‍ കൈയകലത്തിലുണ്ടെന്നായിരുന്നു നിഗമനം. ഇതിനിടെ, ഡ്രൈവർ മാർട്ടിൻ്റെ നീക്കങ്ങളിലും പി.ടി. തോമസ് പോലീസിനോട് സംശയം പങ്കുവെച്ചു. പിന്നീട് കാലം ഈ സംശയം ശരിയാണെന്ന് തെളിയിച്ചു.
പ്രതിപക്ഷ നിരയിലായിരുന്ന പി.ടി. തോമസ് അതിജീവിതയ്ക്കായി നിരന്തരം ശബ്ദമുയർത്തി. സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിലപാടിനെ അതിരൂക്ഷമായി വിമർശിക്കാൻ അദ്ദേഹം മടിച്ചില്ല. പ്രതി കൊച്ചി വിട്ടില്ലെന്ന് അറിഞ്ഞിട്ടും പോലീസ് ആദ്യ മണിക്കൂറില്‍ അനങ്ങാതിരുന്നത് പി.ടി. തോമസ് പുറംലോകത്തോട് വിളിച്ചുപറഞ്ഞു. 2021-ല്‍ അർബുദത്തോടുള്ള പോരാട്ടത്തില്‍ വിടവാങ്ങും വരെയും ആ ശബ്ദം നിലകൊണ്ടു. കേസിന് വഴിത്തിരിവായ ഡിജിറ്റല്‍ തെളിവുകള്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും അപ്രതീക്ഷിത വഴിത്തിരിവായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ ഉയർത്തിയ ആരോപണങ്ങളും മുന്നോട്ടുവെച്ച തെളിവുകളും. ദിലീപിനെതിരെ കാര്യമായ തെളിവുകളൊന്നും കിട്ടാതിരുന്ന അന്വേഷണ സംഘത്തിന് ലഭിച്ച പിടിവള്ളിയായിരുന്നു ബാലചന്ദ്രകുമാർ കൈമാറിയ ശബ്ദ സംഭാഷണങ്ങള്‍. നടി ആക്രമിക്കപ്പെടുന്ന വീഡിയോ 2017 നവംബർ 15-ന് ദിലീപ് ആലുവയിലെ തൻ്റെ വീട്ടില്‍ വെച്ച് കണ്ടെന്ന ബാലചന്ദ്രകുമാറിൻ്റെ വെളിപ്പെടുത്തല്‍ കേരളം ഞെട്ടലോടെയാണ് കേട്ടത്.
ദിലീപിനെ അറസ്റ്റ് ചെയ്ത് പ്രാഥമിക കുറ്റപത്രം സമർപ്പിച്ചശേഷവും കാര്യമായ തെളിവില്ലാതെ ആശയക്കുഴപ്പത്തിലായിരുന്ന അന്വേഷണ സംഘത്തിന് മുന്നിലേക്കായിരുന്നു 2021 ഡിസംബറോടെ ബാലചന്ദ്രകുമാറിൻ്റെ രംഗപ്രവേശം. അന്നത്തെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെയുള്ളവരുമായുള്ള ദിലീപിൻ്റെ ബന്ധം, ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള വി.ഐ.പി.യുടെ ഇടപെടല്‍, കാവ്യാ മാധവൻ അടക്കമുള്ള കുടുംബാംഗങ്ങള്‍ക്ക് ആക്രമണത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന ആരോപണം തുടങ്ങി ബാലചന്ദ്രകുമാർ നല്കിയ വിവരങ്ങള്‍ അന്വേഷണ സംഘം തെളിവുകളാക്കി.
ഈ ഡിജിറ്റല്‍ തെളിവുകളും സംഭാഷണങ്ങളുടെ റെക്കോർഡുകളും കോടതിയില്‍ നിർണായകമായി. ഇതിനെ തുടർന്ന് അന്വേഷണ സംഘം അധിക കുറ്റപത്രം സമർപ്പിച്ചു. ദിലീപ് തന്നെ ഇല്ലാതാക്കുമെന്ന് ഭയന്നാണ് വെളിപ്പെടുത്താൻ വൈകിയതെന്നായിരുന്നു തനിക്കെതിരായ ആരോപണങ്ങള്‍ക്ക് ബാലചന്ദ്രകുമാർ നല്കിയ മറുപടി. വിചാരണ ഘട്ടമായപ്പോഴേക്കും കരള്‍ രോഗം അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചു. എന്നിട്ടും പ്രത്യേക അനുമതിയോടെ തിരുവനന്തപുരത്തെ കോടതിയില്‍ തുടർച്ചയായി നാല്‍പ്പത് ദിവസം അദ്ദേഹം വിചാരണയുടെ ഭാഗമായി.
എന്നാല്‍, കേസിൻ്റെ വിചാരണ പൂർത്തിയായി വിധി വരും മുമ്പേ
2024 ഡിസംബർ 13-ന് ബാലചന്ദ്രകുമാർ ഈ ലോകത്തോട് വിടചൊല്ലി. സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ നിറഞ്ഞ ഒരു കുറ്റകൃത്യത്തിൻ്റെ ചരിത്രത്തില്‍ നിര്‍ണായക വിധി എത്തിയിരിക്കുകയാണ്. ഒന്നു മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. അതേസമയം തന്നെ ദിലീപടക്കമുള്ള ഏഴ് മുതല്‍ പത്ത് വരെയുള്ള പ്രതികളെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു. ഹൈക്കോടതിയെ സമീപിക്കുമെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചിരിക്കുന്നത്.



