രക്താർബുദം ബാധിച്ച സത്യൻ ചിത്രീകരണത്തിനിടയിൽ ഹോസ്പിറ്റലിൽ പോയി രക്തം മാറ്റിയതിനു ശേഷം വീണ്ടും സെറ്റിലെത്തി ഭാവോജ്ജ്വലമായി: പലപ്പോഴും മൂക്കിൽ നിന്നും ഒഴുകി വരുന്ന രക്തം കണ്ടിട്ട് യൂണിറ്റംഗങ്ങൾ പരിഭ്രാന്തരായപ്പോഴും അവരെയൊക്കെ ആശ്വസിപ്പിച്ച് മന: സംയമനത്തോടെ തന്റെ റോൾ പൂർത്തിയാക്കുവാനുള്ള ഒരു മഹാനടന്റെ നിശ്ചയദാർഢ്യത്തെയാണ് വിധി തോല്പിച്ചു കളഞ്ഞത്

രക്താർബുദം ബാധിച്ച സത്യൻ ചിത്രീകരണത്തിനിടയിൽ ഹോസ്പിറ്റലിൽ പോയി രക്തം മാറ്റിയതിനു ശേഷം വീണ്ടും സെറ്റിലെത്തി ഭാവോജ്ജ്വലമായി: പലപ്പോഴും മൂക്കിൽ നിന്നും ഒഴുകി വരുന്ന രക്തം കണ്ടിട്ട് യൂണിറ്റംഗങ്ങൾ പരിഭ്രാന്തരായപ്പോഴും അവരെയൊക്കെ ആശ്വസിപ്പിച്ച് മന: സംയമനത്തോടെ തന്റെ റോൾ പൂർത്തിയാക്കുവാനുള്ള ഒരു മഹാനടന്റെ നിശ്ചയദാർഢ്യത്തെയാണ് വിധി തോല്പിച്ചു കളഞ്ഞത്

 

 

കോട്ടയം: 1952 -ൽ പി സുബ്രഹ്മണ്യം നിർമ്മിച്ച “ആത്മസഖി ” എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയ്ക്ക് ഒരു പുതിയ നായകനടനെ ലഭിക്കുന്നത് .
മുൻ ബ്രിട്ടീഷ് പട്ടാളക്കാരനും തിരുവിതാംകൂർ പോലീസിലെ സബ്ബ് ഇൻസ്പെക്ടറുമായിരുന്ന സത്യനേശൻ നാടാർ എന്ന സത്യൻ.

അതിനുമുമ്പ് സി ഐ ഡി
ഇൻ ജംങ്കിൾ , ദി പയസ് ,
ത്യാഗസീമ , കെടാവിളക്ക് എന്നീ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നുവെങ്കിലും ആ ചിത്രങ്ങളൊന്നും തിയേറ്ററുകളിലെത്തിയില്ല.
സത്യൻ പ്രശസ്തനായി 20 വർഷങ്ങൾക്കു ശേഷമാണ് ആദ്യ ചിത്രമായ
“സി ഐ ഡി ഇൻ ജംങ്കിൾ” പ്രദർശനത്തിനെത്തുന്നതു തന്നെ .

“ആത്മസഖി ” പുറത്തുവന്നെങ്കിലും ഈ ചിത്രവും സത്യന്റെ അഭിനയ ജീവിതത്തിൽ കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ല.
രണ്ടുവർഷം കഴിഞ്ഞ്
പി ഭാസ്കരൻ , രാമു കാര്യാട്ട് കൂട്ടുകെട്ടിൽ പിറന്ന “നീലക്കുയിൽ “എന്ന ചിത്രത്തോടുകൂടി സത്യൻ മലയാള ചലച്ചിത്ര പ്രേമികളുടെ പ്രിയപ്പെട്ട നടനായി മാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറുത്ത നിറവും ഉയരക്കുറവും
നാല്പതിൽ എത്തിയ പ്രായവുമെല്ലാം സത്യന്റെ അഭിനയ ജീവിതത്തിന് വലിയ വെല്ലുവിളികൾ ഉയർത്തിയെങ്കിലും നിശ്ചയദാർഢ്യവും ഉറച്ച ആത്മവിശ്വാസവും കൊണ്ട് ഈ നടൻ പിന്നീട് മലയാള സിനിമയുടെ ചരിത്രം മാറ്റിയെഴുതുന്നതാണ് കണ്ടത്. നീലക്കുയിലിനു ശേഷം മലയാളസിനിമയിൽ ഒരു സത്യൻ യുഗം തന്നെ ആരംഭിക്കുകയായിരുന്നു.

150-ഓളം സിനിമകളിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ രണ്ടു ദശാബ്ദക്കാലത്തിലധികം നിറഞ്ഞുനിന്ന സത്യന്റെ
താരസിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണെന്നാണ് നിരൂപകർ വിലയിരുത്തുന്നത്.

പൂനെയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ സത്യന്റെ ഏതാനും ചിത്രങ്ങൾ
വിദ്യാർത്ഥികൾക്കുള്ള അഭിനയമാതൃകയായി കാണിക്കുന്നു എന്നുള്ളത് തന്നെ ആ നടനചക്രവർത്തിയുടെ അഭിനയ മികവിനുള്ള ഏറ്റവും വലിയ അംഗീകാരമാണല്ലോ ?

സത്യൻ നായകനായി അഭിനയിച്ച “ചെമ്മീൻ ” എന്ന ചിത്രം റഷ്യയിൽ പ്രദർശിപ്പിച്ചപ്പോൾ നായകൻ നടനാണോ അതോ യഥാർത്ഥ മീൻപിടുത്തക്കാരനാണോ
എന്ന് അവിടെ പലരും ചോദിച്ചുവത്രേ.

അക്കാലത്തെ മലയാളത്തിലെ പ്രമുഖ ബാനറായ മഞ്ഞിലാസിന്റെ ആദ്യചിത്രം “യക്ഷി ” മുതൽ “അനുഭവങ്ങൾ പാളിച്ചകൾ “വരെയുള്ള എല്ലാ ചിത്രങ്ങളിലും സത്യൻ മാത്രമായിരുന്നു നായകൻ.
സത്യൻ മരിച്ചിട്ട് 50 വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഓർമ്മകളും മരണമില്ലാതെ ജീവിക്കുന്നു.
1971 ജൂൺ 15 നാണ് സത്യൻ എന്ന ഇതിഹാസതാരം രക്താർബ്ബുദബാധയാൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്.

കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത
“അനുഭവങ്ങൾ പാളിച്ചകൾ ” ആയിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ചിത്രം .
ചിത്രീകരണത്തിനിടയിൽ ഹോസ്പിറ്റലിൽ പോയി രക്തം മാറ്റിയതിനു ശേഷം വീണ്ടും സെറ്റിലെത്തി ഭാവോജ്ജ്വലമായി സത്യൻ അഭിനയിക്കുമായിരുന്നുവത്രേ! പലപ്പോഴും മൂക്കിൽ നിന്നും ഒഴുകി വരുന്ന രക്തം കണ്ടിട്ട് യൂണിറ്റംഗങ്ങൾ പരിഭ്രാന്തരായപ്പോഴും അവരെയൊക്കെ ആശ്വസിപ്പിച്ച്
മന: സംയമനത്തോടെ തന്റെ റോൾ പൂർത്തിയാക്കുവാനുള്ള ഒരു മഹാനടന്റെ നിശ്ചയദാർഢ്യത്തെയാണ് വിധി തോല്പിച്ചു കളഞ്ഞത് .

അനുഭവങ്ങൾ പാളിച്ചകൾ പൂർത്തിയാക്കുന്നതിന് തൊട്ടു മുൻപ് സത്യൻ എന്നെന്നേക്കുമായി യാത്രയായി. ചിത്രത്തിലെ അവസാനരംഗങ്ങൾ കോട്ടയം ചെല്ലപ്പനെ വെച്ചാണെന്ന് തോന്നുന്നു നായകന്റെ മുഖം പ്രത്യക്ഷപ്പെടാതെ ചിത്രീകരിച്ചാണ് സേതുമാധവൻ സിനിമ പൂർത്തീകരിച്ചതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.

1971 ആഗസ്റ്റ് 6 – ന് അനുഭവങ്ങൾ പാളിച്ചകൾ തിയേറ്ററുകളിലെത്തി .
സത്യന്റെ ശവസംസ്കാര വിലാപയാത്ര ഈ ചിത്രത്തോടൊപ്പമാണ് പ്രദർശിപ്പിച്ചത് .

സത്യൻ മരിച്ച്
കൃത്യം 17 ദിവസങ്ങൾക്ക് ശേഷമാണ് തോപ്പിൽഭാസി സംവിധാനം ചെയ്ത
” ശരശയ്യ” എന്ന ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.
സിനിമ പ്രദർശിപ്പിച്ചുകൊണ്ടിരിക്കെ
ഈ മഹാനടൻ നമുക്കു നഷ്ടപ്പെട്ടല്ലോ എന്നോർത്ത് സ്ത്രീകൾ കൂട്ടത്തോടെ തിയേറ്ററിൽ ഇരുന്നു കരഞ്ഞു.

അനശ്വരനടൻ സത്യന്റെ ജീവിതം നോവലാകുന്നുണ്ടത്രേ. രാജീവ് ശിവശങ്കർ രചിച്ച
” സത്യം ” എന്ന നോവൽ അടുത്ത് തന്നെ മാതൃഭൂമി പ്രസിദ്ധീകരിക്കുമെന്ന് ഈയിടെ വാർത്തകൾ വന്നിരുന്നു.

മലയാള സിനിമയിലെ അതിമനോഹരങ്ങളായ പല ഗാനങ്ങളും സത്യന്റെ ചിത്രങ്ങളിലൂടെയാണ് നമ്മൾ നെഞ്ചിലേറ്റി ആസ്വദിച്ചത് .
അവയിൽ ഏതാനും ചിലത് മാത്രം ഇവിടെ സൂചിപ്പിക്കട്ടെ .

“മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല …. ”
( ചിത്രം നീലക്കുയിൽ – രചന പി.ഭാസ്കരൻ – സംഗീതം കെ രാഘവൻ – ആലാപനം മെഹബൂബ്)

“സ്വർഗ്ഗഗായികേ
ഇതിലേ ഇതിലേ …. ”
(ചിത്രം മൂലധനം, – രചന പി.ഭാസ്കരൻ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ്)

“താഴമ്പൂ മണമുള്ള
തണുപ്പുള്ള രാത്രിയിൽ
തനിച്ചിരുന്നുറങ്ങുന്ന ചെറുപ്പക്കാരി….”.
(ചിത്രം അടിമകൾ , രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം എ എം രാജാ)

” സീതാദേവി സ്വയംവരം ചെയ്തൊരു ത്രേതായുഗത്തിലെ ശ്രീരാമൻ …”
( ചിത്രം വാഴ് വേ മായം , രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം ജയചന്ദ്രൻ – സുശീല )

” പകൽക്കിനാവിൻ സുന്ദരമാകും പാലാഴിക്കടവിൽ ..”
(ചിത്രം പകൽക്കിനാവ് – രചന പി.ഭാസ്കരൻ സംഗീതം ചിദംബരനാഥ് – ആലാപനം യേശുദാസ് )

“മേലെ മാനത്തെ നീലി പുലയിക്ക് മഴപെയ്താൽ ചോരുന്ന വീട് …”
( ചിത്രം കൂട്ടുകുടുംബം – രചന വയലാർ – സംഗീതം ദേവരാജൻ ആലാപനം ബി. വസന്ത)

“ഇന്നലെ നീയൊരു സുന്ദരരാഗമായെൻ പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു …”
( ചിത്രം സ്ത്രീ -രചന പി.ഭാസ്ക്കരൻ – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ്)
“പൂർണേന്ദുമുഖിയോടമ്പലത്തിൽ വെച്ചു പൂജിച്ച ചന്ദനം ഞാൻ ചോദിച്ചു …. ”
( ചിത്രം കുരുക്ഷേത്രം – രചന പി.ഭാസ്കരൻ – സംഗീതം കെ രാഘവൻ – ആലാപനം ജയചന്ദ്രൻ)

” അകലെ അകലെ നീലാകാശം …. ”
( ചിത്രം മിടുമിടുക്കി – രചന ശ്രീകുമാരൻ തമ്പി – സംഗീതം ബാബുരാജ്- ആലാപനം യേശുദാസ് , ജാനകി)

“സ്വർണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ … ”
(ചിത്രം യക്ഷി – രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് ,പി.ലീല )

“പ്രവാചകന്മാരെ പറയൂ പ്രഭാതമകലെയാണോ …. ”
( ചിത്രം അനുഭവങ്ങൾ പാളിച്ചകൾ, രചന വയലാർ – സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

“പെരിയാറേ പെരിയാറേ പർവ്വതനിരയുടെ പനിനീരേ ..”.(ചിത്രം ഭാര്യ – രചന വയലാർ സംഗീതം ദേവരാജൻ – ആലാപനം എ എം രാജാ – സുശീല )

” ഞാൻ നിന്നെ പ്രേമിക്കുന്നു മാൻകിടാവേ …..”
(ചിത്രം ശരശയ്യ – രചന വയലാർ സംഗീതം ദേവരാജൻ – ആലാപനം യേശുദാസ് )

“കാക്കത്തമ്പുരാട്ടി കറുത്ത മണവാട്ടി ….. ”
(ചിത്രം ഇണപ്രാവുകൾ, രചന വയലാർ – സംഗീതം ദക്ഷിണാമൂർത്തി – ആലാപനം യേശുദാസ് )

“പെണ്ണാളെ പെണ്ണാളേ
കരിമീൻ കണ്ണാളേ …”
( ചിത്രം ചെമ്മീൻ – രചന വയലാർ – സംഗീതം സലീൽ ചൗധരി – ആലാപനം യേശുദാസ് ,
പി ലീല )

“മകരം പോയിട്ടും മാടമുണർന്നിട്ടും
മാറത്തെക്കുളിരൊട്ടും
പോയില്ലേ …”
(ചിത്രം വെളുത്ത കത്രീന –
രചന ശ്രീകുമാരൻ തമ്പി – സംഗീതം ദേവരാജൻ –
ആലാപനം ജയചന്ദ്രൻ ,
പി സുശീല )

എന്നിങ്ങനെ എത്രയെത്ര ഇമ്പമുള്ള ഗാനങ്ങളാണ് സത്യന്റെ അനശ്വര ചിത്രങ്ങളിലൂടെ മലയാള നാടിന് സ്വന്തമായി തീർന്നത് .
ഒരു നടൻ താൻ അഭിനയിച്ച കഥാപാത്രങ്ങളിലൂടേയും ഗാനങ്ങളിലൂടേയും തലമുറകൾ പിന്നിടുമ്പോഴും ജീവിച്ചു കൊണ്ടേയിരിക്കുന്നു എന്നുള്ളതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് സത്യൻ എന്ന മഹാനടൻ