
തിരുവനന്തപുരം: വളരെ സാധാരണക്കാരില്‍ നിന്നും പാട്ടുകാരനായും സിനിമക്കാരനായും ശ്രദ്ധേയനായ താരമാണ് അരിസ്റ്റോ സുരേഷ്. നിവിന്‍ പോളി നായകനായ അഭിനയിച്ച ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലൂടെയാണ് സുരേഷ് ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് ചെറുതും വലുതുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു.
മോഹന്‍ലാല്‍ അവതാരകനായി മലയാളത്തില്‍ ആരംഭിച്ച ബിഗ് ബോസ് മലയാളത്തിന്റെ ഒന്നാം സീസണിലും സുരേഷ് മത്സരിച്ചിരുന്നു. ഇതോടെയാണ് അരിസ്റ്റോ സുരേഷിനെ കുറിച്ചുള്ള കൂടുതല്‍ കഥകള്‍ പുറത്തുവരുന്നത്. തന്റെ ജീവിതത്തെക്കുറിച്ചും സിനിമയെക്കുറിച്ച് ഒക്കെ സുരേഷ് മുന്‍പ് തുറന്നു സംസാരിച്ചിരുന്നു. ഇപ്പോഴിതാ അരിസ്റ്റോ സുരേഷിനെ കുറിച്ചുള്ള കുറിപ്പ് വൈറലാവുകയാണ്.
‘തലസ്ഥാന നഗരിയില്‍ നിന്നും തമ്പാനൂരിലേക്കും വഴുതക്കാട്ടേക്കും ചെങ്കല്‍ ചൂളയിലേക്കും വഴിത്തിരിയുന്നിടത്ത് 35 കൊല്ലം മുന്‍പ് കെഎസ്‌ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ നിന്നും റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇറങ്ങിവരുന്ന യാത്രക്കാരോട് ലോഡ്ജ് വേണോ ലോഡ്ജ് വേണോ എന്ന് ചോദിച്ചു കൂട്ടികൊണ്ട് പോകുന്ന പത്ത് പതിനഞ്ച് വയസ്സുള്ള ഒരു ചെറുപ്പക്കാരന്‍. അങ്ങനെ കിട്ടുന്ന ചില്ലറ കാശുകൊണ്ട് തന്റെ മുത്തും പൊന്നുമായി അനുജത്തിമാര്‍ക്ക് സ്ലൈഡും റിബണും കണ്‍മഷിയും വാങ്ങിക്കൊടുത്തവന്‍.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടുംബം പുലര്‍ത്തുവാന്‍ അധ്വാനിച്ചു കഷ്ടപ്പെടുന്ന അമ്മയുടെ ചീത്ത വാക്ക് കേട്ടും കഴിഞ്ഞിരുന്ന ആ പയ്യന്റെ ഉള്ളില്‍ പാട്ടുകളുടെ ഒരു അക്ഷയ ഖനി ഒളിഞ്ഞിരുന്നു എന്ന് അന്നാരും അറിഞ്ഞിരുന്നില്ല. അച്ഛന്‍ ചെറുപ്പത്തിലെ ഉപേക്ഷിച്ചു പോയതുകൊണ്ട് സഹോദരിമാരുടെയും അമ്മയുടെയും ചുമതല വളരെ ചെറുപ്പത്തിലെ ഏറ്റെടുക്കേണ്ടി വന്നവന്‍. റെയില്‍വേയില്‍ ജോലി ചെയ്തിരുന്ന ഇളയച്ഛന്‍ ആയിരുന്നു ഇവരെ സഹായിച്ചത്.
കഷ്ടപ്പാടുകള്‍ക്കിടയിലും സ്‌കൂളില്‍ അയക്കുവാന്‍ അമ്മ പരമാവധി ശ്രമിച്ചെങ്കിലും നടന്നില്ല. കഷ്ടിച്ച് 8 വരെ പഠിച്ചു. വളര്‍ന്നു വലുതായപ്പോള്‍ ചുമട്ടു തൊഴിലാളിയായി. ചുമട് എടുത്തതിന് ശേഷം വഴിയില്‍ കിടക്കുന്ന പേപ്പറില്‍ പേനകൊണ്ട് കവിതകള്‍ കുത്തിക്കുറിച്ചു. നല്ല ഭക്ഷണം പാചകം ചെയ്യാനും പഠിച്ചു. പാട്ടു വേണോ ഒരു നല്ല പാട്ടു വേണോ, ഒരു നല്ല നാടന്‍ പാട്ട് വേണോ… കടലോരം കേള്‍ക്കുന്ന പാട്ടു വേണോ. കയലല മൂളും പാട്ട് വേണോ…
5 മണിക്ക് എഴുന്നേറ്റു ചന്തയില്‍ പോകണം. ചുമട്ട് തൊഴിലിന്റെ സ്വഭാവം അതാണ്. മിക്ക ദിവസങ്ങളിലും ജോലിക്ക് പോകും. പകല്‍ മുഴുവന്‍ പണിയെടുത്തിട്ട് രാത്രി മുഴുവന്‍ എഴുത്താണ്. കാടു കരയുന്നേ… കാടിന്റെ മക്കള്‍ കരയുന്നേ… ഇങ്ങനെ ഏഴുത്താണ്. കൂട്ടുകാരെല്ലാം
കല്യാണം കഴിഞ്ഞു. മക്കളും മക്കളുടെ മക്കളുമായി. പിന്നെ അടുത്ത തലമുറയുമായി കൂട്ടായി. സുഹൃത്തുക്കളെ കുറിച്ചും പാട്ടെഴുതിയിട്ടുണ്ട്. തമ്പാനൂര്‍ പാലത്തിന്റെ ചോട്ടില്‍… മൂവന്തി അണഞ്ഞാല്‍ ഒത്തുചേരും…
പൈസ കാര്യത്തില്‍ ഒരു തര്‍ക്കവും ഉണ്ടാക്കില്ല. ഒരു സേവന മനോഭാവമാണ് അരിസ്റ്റോയ്ക്ക്. ആത്മാവിന്റെ ആഴങ്ങളില്‍ നിന്ന് ഊറി വരുന്ന വരികള്‍ അയാള്‍ ഇങ്ങനെ എഴുതിക്കൊണ്ടിരുന്നു. സംഗീതം സാരിഗമ ചിട്ടയില്‍ പഠിച്ചതല്ല. തന്റെ ആത്മാവിന്റെ ആഴങ്ങളില്‍ നിന്ന് ഊരി വന്ന വരികളാണ് കുറിക്കുന്നത്. ആര്‍ക്കും പാടി രസിക്കാവുന്ന പാട്ടുകള്‍. 500 ലധികം പാട്ടുകള്‍ എഴുതി ചിട്ടപ്പെടുത്തി.
നിയന്ത്രണങ്ങള്‍ ഇല്ലാത്ത കുട്ടിക്കാലം. എവിടെ പോകുന്നു എന്നൊന്നും അമ്മ ചോദിക്കാന്‍ ധൈര്യപ്പെട്ടില്ല. ഓര്‍മ്മ വെക്കുന്നതിന് മുന്‍പ് അച്ഛന്‍ പിണങ്ങി പോയി. അച്ഛനെ പലവട്ടം കണ്ടിട്ടുണ്ട്. എങ്കിലും കൂടുതല്‍ ബന്ധം ഇളയച്ഛനുമായിട്ടായിരുന്നു. അമ്മ കടകളില്‍ വെള്ളം കോരി കൊടുക്കുവാന്‍ പോകുന്ന ജോലി ചെയ്തു. പെങ്ങന്മാര്‍ എന്ത് ചോദിച്ചാലും, പണം ഇല്ലെങ്കില്‍, നേരെ റെയില്‍വേ സ്റ്റേഷനില്‍ പോകും. ഒരു ട്രെയിന്‍ വരും, റൂമിനാണോ സാറെ എന്ന് ചോദിച്ച് ആരെയെങ്കിലും കിട്ടും.
പെങ്ങന്‍മാര്‍ക്ക് വേണ്ട സാധനം എത്തിച്ച് കൊടുക്കും. ഒരു എസ്‌എസ്‌എല്‍സി പോലും ഇല്ലാതെ പഠനം ഉപേക്ഷിക്കേണ്ടി വന്നതില്‍ വേദന ഉണ്ട്. പഠിക്കുന്ന കുട്ടികളോട് സുരേഷിന് പറയാനുള്ളത് അങ്കിളിനെ പോലെ ഒരിക്കലും ആകരുതേ. അങ്ങനെ ആയാല്‍ ഇംഗ്ലീഷ് ബോര്‍ഡ് കണ്ടാല്‍ അതെന്താണെന്ന് ചോദിക്കാനൊക്കെ മറ്റൊരാളുടെ സഹായം ചോദിക്കേണ്ടി വരും.
പാട്ടൊക്കെ നല്ലതാണ് പക്ഷേ പഠിക്കണം. വളരെ താഴ്ന്ന അവസ്ഥയില്‍ നിന്നും പെട്ടെന്ന് താര പദവിയിലേക്ക് ഉയര്‍ന്നെങ്കിലും സുരേഷ് ഇപ്പോഴും പഴയ തമ്പാനൂര്‍കാരനാണ്. താരബോധം തീരെ ഇല്ല. ചുമട്ടുകാര്‍ക്കിടയില്‍ ചുമട്ടുകാരനും, നാട്ടുകാര്‍ക്കിടയില്‍ നാട്ടുകാരനും, തിരക്കില ത്തിയപ്പോള്‍ അരിസ്റ്റോ ജംഗ്ഷനില്‍ സുരേഷ് ഉണ്ടാവും. ആരുമായി പാട്ടു പാടാനും സെല്‍ഫി എടുക്കുവാനും തയ്യാറാണ്.
പ്രിയപ്പെട്ടവരെ വിനയമാണ് ഈ അരിസ്റ്റോ സുരേഷിന്റെ മുഖ മുദ്ര.
കിട്ടിയ കീര്‍ത്തിയും യശസ്സും തനിക്ക് മാത്രം അര്‍ഹത പെട്ടതല്ലെന്നും അതെല്ലാം തന്റെ കൂട്ടുകാര്‍ക്കും കൂടി അവകാശപ്പെട്ടതാണെന്ന് മടി കൂടാതെ സുരേഷ് രേഖപ്പെടുത്തുന്നു. സുരേഷ് പറയുന്ന ഒരു കാര്യം പഠനത്തിന് പകരം വെയ്ക്കാന്‍ ഒന്നുമില്ലെന്നാണ്. പഠിച്ചവനും പഠിക്കാത്തവനും എല്ലാ മേഖലയിലും വേറെ വേറെ പരിഗണനയാണെന്ന് സുരേഷ് പറയുന്നു.
പ്രിയപ്പെട്ടവരെ നമ്മള്‍ ദുര്‍ബലരായിരിക്കുമ്പോള്‍ തന്നെ നമ്മള്‍ ശക്തരാണ്. ആ ശക്തി ബലഹീനതയില്‍ തികഞ്ഞു വരും നമ്മള്‍ നില്‍ക്കുന്ന സ്ഥലത്ത് അത്ഭുതം ഉണ്ട്. അത് കാണുവാന്‍ അക കണ്ണ് തുറക്കണം.
ചുമലിലെ ചുമട്ടിലും ചൂലിലും, തൂണിലും, തുരുമ്പിലും, ആക്രിയിലും, വലിച്ചെറിഞ്ഞ കുപ്പിയിലും, എല്ലാം അത്ഭുതം ഉണ്ട്. കൊട്ടാരത്തിലും, കുടിലിലും, പരവതാനിയിലും, വയലിലും, ചള്ളക്കുണ്ടിലും അത്ഭുതങ്ങള്‍ ഉണ്ട്.
സാധ്യതകളുടെ ലോകത്ത് മാറി ചിന്തിക്കൂ. ഞാന്‍ നിങ്ങളെ അത്ഭുതങ്ങളുടെ അന്തരീക്ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു. നിങ്ങള്‍ ഒരു അത്ഭുതമായി മാറും. ഞാന്‍ അത്ഭുതങ്ങളില്‍ വിശ്വസിക്കുന്നു. നിങ്ങളെ കളിയാക്കിയവരുടെ, നിന്ദിച്ചവരുടെ, പരിഹസിച്ചവരുടെ മുമ്പില്‍ നിങ്ങളുടെ തല ഉയരും, ഉറപ്പാണ്.
താഴ്മ കൊണ്ട് സമ്പന്നനും തലക്കനം കൊണ്ട് ദരിദ്രനുമായ അരിസ്റ്റോ സുരേഷ് നമുക്കെല്ലാം ഒരു പാഠമാണ്. പ്രത്യേകിച്ച് അഹങ്കാരം കൊണ്ട് സമ്പ ന്നരായവര്‍ ഇവരെപ്പോലുള്ളവരെ കണ്ടു പഠിക്കണം. അഹങ്കാരമാണ് മനുഷ്യന്റെ ഏറ്റവും വലിയ തെറ്റ്. അത് ആത്മീയമായാലും, ഭൗതികമായാലും. (കണ്ണടച്ചു മുഴുവന്‍ ഇരുട്ടാക്കി പാലു കുടിക്കുന്നവര്‍). താങ്ങുമാറിയാല്‍ നിലം പതിച്ചേക്കാവുന്ന ഉയരങ്ങളിലാണ് നമ്മള്‍…’