പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം; പള്ളികളില്‍ വിപുലമായ ആഘോഷ പരിപാടികള്‍

Spread the love

കോഴിക്കോട്: അന്ത്യപ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓർമ്മകളിൽ വിശ്വാസികൾ ഇന്ന് നബിദിനം ആഘോഷിക്കുകയാണ്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. വിശ്വാസികൾക്ക് അളവറ്റ ആവേശവും സന്തോഷവും നൽകുന്ന പകലാണിത്. പ്രവാചക പ്രേമത്തിന്റെ ഇശലുകൾ നാടാകെ പരന്നൊഴുകുന്ന പുണ്യ ദിനം

video
play-sharp-fill

നവോത്ഥാനത്തിന്റെ വെളിച്ചം പകർന്ന പ്രവാചകന്റെ 1500–ാം ജന്മവാർഷിക ദിനമാണ് ഇക്കുറിയെന്ന സവിശേഷതയുമുണ്ട്. ലാളിത്യവും നീതിബോധവും കൊണ്ട് മാതൃകയായ പ്രവാചകന്റെ ജീവിതം സന്ദേശമായി ഉൾക്കൊണ്ടാണ് വിശ്വാസികൾ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

സമസ്ത ഇ.കെ.വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള സുന്നി മഹല്ല് ഫെഡറേഷൻ 3 മാസം നീളുന്ന മീലാദ് ക്യാംപെയ്ൻ സംഘടിപ്പിക്കുന്നുണ്ട്. സമസ്ത കാന്തപുരം വിഭാഗത്തിന്റെ കീഴിലുള്ള കേരള മുസ്‍ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ തിരുവസന്തം 1500 എന്ന പേരിൽ പ്രത്യേക ക്യാംപെയ്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

13ന് രാജ്യാന്തര മീലാദ് സമ്മേളനവും കോഴിക്കോട്ട് നടത്തും. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ നബിദിനാഘോഷങ്ങൾ താലൂക്ക് തലങ്ങളിലാണു നടക്കുന്നത്. ഒരു ലക്ഷം ഫലവൃക്ഷത്തൈകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് ഓഗസ്റ്റ് 25ന് തിരുവനന്തപുരത്തു തുടക്കം കുറിച്ചിരുന്നു.

പതിവു പ്രാർഥനകൾക്കും ആഘോഷ പരിപാടികൾക്കും പുറമേ പ്രത്യേക പ്രാർഥനാ സദസ്സുകളും സംഗമങ്ങളും ഈ വർഷം നടത്തുന്നുണ്ട്. മീലാദ് റാലി, മൗലീദ് പാരായണം ഘോഷയാത്ര, കലാപരിപാടികൾ, അന്നദാനം തുടങ്ങിയവയും നടക്കും.