നാഗമ്പടം മേൽപ്പാലം സിനിമാ സ്റ്റൈലിൽ തകർക്കും

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം സിനിമാ സ്റ്റെലിൽ പൊട്ടിച്ചു മാറ്റും. സംസ്ഥാനത്ത് അത്ര പരിചിതമല്ലാത്ത ഇംപ്ലോഷൻ രീതിയിൽ ചിതറി തെറിക്കാതെ, നിമിഷങ്ങൾക്കുള്ളിൽ പൂർണമായി പൊട്ടിച്ചു നീക്കുന്ന രീതി അവലംബിക്കാനാണു തീരുമാനം. കലക്ടറുടെ അനുമതി ലഭിച്ചാലുടൻ പാലം പൊളിക്കുന്ന തിയതി തീരുമാനിക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
ആലപ്പുഴയിൽ കയർബോർഡ് ആസ്ഥാനത്തെ ജലസംഭരണി കഴിഞ്ഞ ജനുവരിയിൽ തകർത്തതാണ് ഇംപ്ലോഷൻ രീതിയിൽ സംസ്ഥാനത്ത് ചെയ്ത ആദ്യ ജോലി. പാലത്തിൽ നിശ്ചിത അകലത്തിൽ കുഴിച്ചു സ്ഫോടക, രാസവസ്തുക്കൾ നിറയ്ക്കും. പിന്നീട്, കൺട്രോൾ റൂമിൽ നിന്നു ബട്ടൺ അമർത്തിയാൽ ചെറിയ ശബ്ദത്തോടെ ചിതറിത്തെറിക്കാതെ പാലം താഴേയ്ക്കു വീഴുന്ന രീതിയിലാണു പാലം പൊട്ടിച്ചു മാറ്റുക. ഇതിനായി മഗ്്‌ലിങ്ക് ഇൻഫ്രാ പ്രോജക്ട് എന്ന സ്ഥാപനം നൽകിയ റിപ്പോർട്ട് റെയിൽവേ അംഗീകരിച്ചു കലക്ടർക്കു കൈമാറി. പൊളിക്കുന്ന തീയതി കലക്ടറുടെ അനുമതി ലഭിക്കുന്ന മുറയ്ക്കു തീരുമാനിക്കും.
പാലം പൊളിക്കുന്ന ദിവസം ഒമ്ബതു മണിക്കൂർ കോട്ടയം പാതയിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണമുണ്ടാകും.
ആദ്യ ഒന്നര മണിക്കൂർ റെയിൽ പാതയിലെ, പാലത്തിന്റെ ഭാഗത്തെ ഇലക്ട്രിക് ലൈൻ അഴിക്കുന്നതിനായാണു വിനിയോഗിക്കുക. അഴിക്കുന്ന ലൈൻ പാളത്തിൽ തന്നെയിടും.
പിന്നീട്, എം. സാൻഡ് ഉൾപ്പെടെ ഉപയോഗിച്ചു പാളം സുരക്ഷിതമായി മൂടിയ ശേഷമാകും പാലം തകർക്കുക. പാലം താഴെ വീണാലുടൻ അവശിഷ്ടങ്ങൾ മാറ്റും. അധികൃതർ പാളത്തിനു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയ ശേഷമേ ഗതാഗതം പുനരാരംഭിക്കു. എത്രയും വേഗം പാലത്തിന്റെ അവശിഷ്ടങ്ങൾ മാറ്റുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നേരെത്തെയൊരുക്കും. പിന്നീടായിരിക്കും പഴയ പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിക്കുക.
രണ്ടു മാസം മുമ്പ് പുതിയ പാലം തുറന്നു കൊടുത്തതോടെ കാഴ്ചവസ്തുവായി മാറിയ പഴയ പാലം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പൊളിച്ചു നീക്കേണ്ടതുണ്ട്.
പുതിയ പാലം നിർമിച്ച കരാറുകാർ തന്നെയാണു പഴയ പാലം പൊളിക്കുന്നതിന്റെയും കരാർ ഏറ്റെടുത്തിരിക്കുന്നത്. അവസാനം നിർമിച്ച ഭാഗം ആദ്യം എന്ന രീതിയിൽ പൊട്ടിച്ചു നീക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഇത്തരത്തിൽ പൊട്ടിച്ചു നീക്കാൻ ഒന്നര മാസത്തിലേറെ സമയം വേണ്ടി വരും. ഈ ദിവസങ്ങളിലെല്ലാം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം വേണ്ടിവരുമെന്നതാണ് ഇംപ്ലോഷൻ രീതിയിൽ പൊട്ടിച്ചു നീക്കാനുള്ള തീരുമാനത്തിലെത്താൻ കാരണം.