ഇലവീഴാപൂഞ്ചിറ ഭൂ-കയ്യേറ്റ മാഫിയയുടെ പിടിയിൽ, സമഗ്ര അന്വേഷണം നടത്തി ഒഴിപ്പിക്കണം : എന്‍ ഹരി

Spread the love

കോട്ടയം : മലയോര ടൂറിസം കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ ഉദ്യോഗസ്ഥ ലോബിയുടെ ഒത്താശയോടെ നടക്കുന്ന അനധികൃത കയ്യേറ്റവും റിസോര്‍ട്ട് വല്‍ക്കരണവും ദുരന്തഭീതി ഉണര്‍ത്തുന്നതാണെന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ് എന്‍ ഹരി ആരോപിച്ചു.

പൂഞ്ചിറയില്‍ റോഡ് വന്നശേഷമുളള മുഴുവന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും കയ്യേറ്റവും ഉടന്‍ പരിശോധിക്കണം. സമഗ്ര അന്വേഷണം നടത്തി ഒഴിപ്പിക്കണം. ജെസിബി ഉള്‍പ്പെടെയുളള യന്ത്രവല്‍കൃത സഹായത്തോടെ കോണ്‍ക്രീറ്റ് ചെയ്ത ഇടറോഡുകള്‍ പട്ടയമില്ലാത്ത ഭൂമിയില്‍ പണി തീര്‍ത്തിരിക്കുകയാണ്.

വാഗമണ്ണിന് സമാനമായി ഭൂമികയ്യേറി റിസോർട്ട് വല്‍ക്കരണം നടത്തുന്നവരുടെ വിദേശ ബന്ധങ്ങളും ഇടപാടുകളും അന്വേഷിച്ചേ മതിയാവൂ. നേരത്തെ വിവാദമായ പല കേസുകളിലും പ്രതിയായവരുടെ സാന്നിധ്യം ഭീതിപ്പെടുത്തുന്നതാണ്.തീവ്രവാദ ബന്ധമുളള ശക്തികള്‍ ഇവിടെ വേരുപടര്‍ത്തുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വലിയ ദുരന്തത്തിലേക്കു നയിക്കുന്ന കയ്യേറ്റവും നിര്‍മ്മാണവുമാണ് അവിടെ നടക്കുന്നത് തദ്ദേശവാസികള്‍ ഈ മാഫിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കു മുമ്പില്‍ ഭയചകിതരാണ്.

കോട്ടയം ജില്ലയിലെ മേലുകാവ് , ഇടുക്കിയിലെ കുടയത്തൂര്‍ വില്ലേജ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണ് വിരമിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഭൂമി കയ്യേറ്റത്തിനും റിസോര്‍ട്ട് നിര്‍മ്മാണത്തിനുമുള്ള രേഖകള്‍ തയ്യാറാക്കുന്നത്. ആ പ്രദേശങ്ങളില്‍ ജനിച്ചു വളര്‍ന്നവര്‍ക്ക് ഇനിയും ഭൂരേഖ ലഭിക്കാത്തപ്പോഴാണ് കയ്യേറ്റക്കാര്‍ക്ക് നിഷ്പ്രയാസം അതു കിട്ടുന്നത്.

ഇവിടെ നിന്ന് മരങ്ങള്‍ വന്‍തോതില്‍ വെട്ടിക്കടത്തുന്നുണ്ട്. കുടയത്തൂരില്‍ മരങ്ങള്‍ മുറിച്ചുമാറ്റി റിസോര്‍ട്ട് നിര്‍മ്മാണം പുരോഗമിക്കുകയാണ്. കുത്തനെയുള്ള ചെരിവിലുള്ള നിര്‍മ്മാണങ്ങള്‍ അങ്ങേയറ്റം അപകടകരമാണെന്ന് ഇരിക്കെ ഇതിന് അനുമതി നല്‍കിയതും ദുരൂഹമാണ്.

ഇവിടം കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന ഭൂമി ഇടപാടുകളും , ഇതര അനുമതികളും വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിന് റവന്യൂ വകുപ്പ് മന്ത്രി തയ്യാറാകണം. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം. അല്ലെങ്കില്‍ സമാനമായ പല ദുരന്തങ്ങള്‍ക്കും കേരളം സാക്ഷ്യം വഹിക്കേണ്ടിവരും.

ഇവിടെ നടക്കുന്ന നിര്‍മ്മാണ കയ്യേറ്റങ്ങളെ കുറിച്ച് വിജിലൻസ് സ്ഷെഷ്യൽ ബ്രാഞ്ച് തുടങ്ങിയ പോലീസ് സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണം. ഇതിനോടകം പല വ്യക്തികളും നൽകിയ പരാതിയിൽ പോലും നടപടി ഉണ്ടാകാത്തത് ഉയർന്ന രാഷ്ട്രീയ ബന്ധങ്ങൾ തന്നെയാണ് . പോലീസ് സംവിധാനങ്ങളും ഇങ്ങനെ തന്നെ എന്ന് കരുതേണ്ടിവരും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അധ്യക്ഷരായ ജില്ലാ കളക്ടർമാര്‍, പ്രത്യേകിച്ച് ഇടുക്കി കോട്ടയം കളക്ടര്‍മാര്‍ അത് പരിശോധിച്ച് പ്രസ്തുത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അടിയന്തിരമായി ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

 

 

ഇലവീഴാപൂഞ്ചിറയുടെ ഹൃദയമായ പൂഞ്ചിറയില്‍ പോലും കൃഷിഭൂമി എന്ന വ്യാജേന കയ്യേറ്റവും കുന്നിടിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനവും തിരുതകൃതിയായി നടക്കുകയാണ്. നാളിതുവരെ

ഇല്ലാത്ത ഭൂരേഖകള്‍ സംഘടിപ്പിച്ചാണ് ഇത്തരം അനധികൃത പ്രവര്‍ത്തനങ്ങള്‍. നിയമത്തെ നോക്കുകുത്തിയാക്കി പാറക്കെട്ടുകളില്‍ പോലും നിര്‍മ്മാണത്തിന് ഒരുക്കം തുടങ്ങി. ജെസിബി ഉപയോഗിച്ചാണ് പൂഞ്ചിറയില്‍ കൃഷിക്കായി ഭൂമിയൊരുക്കുന്നത്. ഉദ്യോഗസ്ഥനേതൃത്വത്തില്‍ വ്യാപകമായി ഭൂമി അളന്നു തിരിക്കുന്നു. ഈ പ്രവര്‍ത്തനങ്ങളും പരിശോധിച്ചു നിര്‍ത്തിവെക്കണം. പൂഞ്ചിറയിലെ തരിശുഭൂമിയിലെ മരം മുറിക്കുന്നതിനെതിരെയുള്ള പരാതിയിലും കുടയത്തൂരില്‍ ഇപ്പോള്‍ നടക്കുന്ന വ്യാപക മരം മുറിക്കുന്നതിനേയും അധികൃതര്‍ നിശബ്ദത പാലിക്കുന്നത് എന്തുകൊണ്ടാണ്?

 

കുടയത്തൂര്‍ വില്ലേജില്‍ വളരെ വ്യാപക കയ്യേറ്റവും നിര്‍മ്മാണവുമാണ് നടക്കുന്നത്. 90 ഡിഗ്രി ചെരുവുള്ള പാറക്കെട്ടില്‍ പോലും ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കുടയത്തൂരിലെ നിയമവിരുദ്ധ മരം മുറിക്കലും, മേലുകാവില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഉടന്‍ നിര്‍ത്തിവെക്കണമെന്ന് ബി ജെ പി നേതാവ് എൻ ഹരി പറഞ്ഞു.