ക്ലാസ് മുറിയിലിട്ട് അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയ പാർട്ടി മന്ത്രിയുടെ വിദ്യാഭ്യാസ വിപ്ലവ അവകാശവാദങ്ങൾ കേരളത്തിന് അപമാനകരം, ക്രൂരതയ്ക്ക് മാപ്പു ചോദിക്കാൻ സാധിക്കാത്തിടത്തോളം അവകാശപ്പെടുന്ന നേട്ടങ്ങൾക്കെല്ലാം കടലാസ് വില മാത്രമാണുള്ളതെന്നും എൻ ഹരി

Spread the love

കോട്ടയം: പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് അധ്യാപകനെ അരുംകൊല ചെയ്ത സഖാക്കളുടെ പിൻഗാമി മന്ത്രി വിദ്യാഭ്യാസരംഗത്തെ നേട്ടങ്ങളെകുറിച്ച് വീമ്പിളക്കുന്നത് പ്രബുദ്ധ കേരളത്തെ അപമാനിക്കുന്നതാണെന്ന് ബിജെപി മധ്യ മേഖല പ്രസിഡന്റ് എൻ ഹരി.

ലോക ചരിത്രത്തിൽ തന്നെ സമാനമായ കൊടുംക്രൂരതയില്ല. കാലം മാപ്പു നൽകാത്ത ആ സംഭവം അധികാരത്തിലുള്ള പാർട്ടി പാടെ വിസ്മരിച്ചിരിക്കുകയാണ്. ബിജെപി പള്ളിക്കത്തോട് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള സ്വർഗ്ഗീയ കെ ടി ജയകൃഷ്ണൻ മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എൻ ഹരി.

പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് കെടി ജയകൃഷ്ണൻ മാസ്റ്റർ എന്ന അധ്യാപകനെ ഇഞ്ചിഞ്ചായി വെട്ടി നുറുക്കിയ മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച കൊലപാതകം കേരളത്തെ പ്രാകൃത യുഗത്തിലേക്കാണ് കൊണ്ടുപോയത്. ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തിൽ നാടെങ്ങും പ്രണമിക്കുമ്പോൾ മനസ്സിലേക്ക് കടന്നുവരുന്നത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റുകൾ ആണെന്ന് എൻ ഹരി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ നടത്തിയെന്ന് വീരസ്യം പറയുമ്പോൾ കാൽനൂറ്റാണ്ട് മുമ്പ് സഖാക്കൾ ക്ലാസ് മുറിയിൽ അധ്യാപകനെ വിദ്യാർത്ഥികളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയ പാർട്ടി സംസ്കാരം അറിയാതെ ഓർത്തു പോവുകയാണ്.

മാതാപിതാ ഗുരു ദൈവം എന്ന ആർഷ സംസ്കൃതിയിൽ അടിയുറച്ചു വിശ്വസിക്കുന്ന ജനതയോട് ഇനിയെങ്കിലും ഈ ക്രൂരതയ്ക്ക് മാപ്പു ചോദിക്കാനും തെറ്റ് ഏറ്റുപറയാനും മന്ത്രി സഖാവിന് കഴിയുമോ എന്ന് ഹരി ചോദിച്ചു. അത് കഴിയാത്തിടത്തോളം കാലം അവകാശപ്പെടുന്ന നേട്ടങ്ങൾക്കെല്ലാം കടലാസ് വില മാത്രമേ കണക്കാക്കാനാവൂയെന്നും എൻ ഹരി പറഞ്ഞു.

ബിജെപി പഞ്ചായത്ത് അധ്യക്ഷൻ സതീഷ് ചന്ദ്രൻ മാസ്റ്ററുടെ അധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി അഖിൽ രവീന്ദ്രൻ, ജനറൽ സെക്രട്ടറി ദിപിൻ സുകുമാർ, അഡ്വ.ശ്രീ മുരുകൻ, എം എ അജയകുമാർ, അഡ്വ: സി. എം പരമേശ്വരൻ നമ്പൂതിരി, കെ കെ വിപിനചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അനുസ്മരണസമ്മേളനത്തിൽ മുന്നോടിയായി പുഷ്പാർച്ചനയും നടത്തി.