
കോട്ടയം : കേരളത്തിലെ പ്രൊഫഷണൽ കോളേജ് ക്യാമ്പസ് ഉൾപ്പെടെ കോളേജുകളിൽ വിദ്യാർത്ഥികൾക്ക് സുരക്ഷിതമായി പഠിക്കുന്നതിനുള്ള സാഹചര്യം ഇല്ലാതായിരിക്കുകയാണെന്ന് കോട്ടയം നഴ്സിങ് കോളേജിലെ ക്രൂര പീഡനത്തിലൂടെ വീണ്ടും തെളിഞ്ഞിരിക്കുകയാണ് ബിജെപി നേതാവ് എൻ ഹരി ആരോപിച്ചു.
സാക്ഷരകേരളത്തിന് അപമാനകരമായ നിഷ്ഠൂര റാഗിംഗ് മുറകളാണ് അക്ഷരനഗരിയായ കോട്ടയത്ത് അരങ്ങേറിയത്. എസ്എഫ്ഐക്ക് മൃഗീയ ഭൂരിപക്ഷമുള്ള ക്യാമ്പസുകളിൽ എല്ലാം റാഗിംഗ് സാധാരണ സംഭവമായി മാറിയിരിക്കുന്നു.വയനാട്ടിലെ സിദ്ധാർത്ഥന്റെ മരണം മുതൽ സമീപകാലത്ത് നടന്ന എല്ലാ സംഭവങ്ങളും ഭരണകക്ഷി യുവജന സംഘടനയുടെ മൗനാനുവാദത്തോടെയാണെന്ന് മനസ്സിലാവും.
ക്യാമ്പസുകളിൽ സാധാരണക്കാരായ കുട്ടികൾക്ക് ഭയരഹിതമായി പഠിക്കാനുള്ള സാഹചര്യമില്ല. ലഹരിയുടെ പിടിയിലാണ് മിക്ക പ്രൊഫഷണൽ കോളേജ് ക്യാമ്പസുകളും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സിപിഎം മന്ത്രിയുടെ മണ്ഡലത്തിൽ അദ്ദേഹത്തിൻ്റെ ചൊൽപ്പടിയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ കോളേജിലാണ് നാടിനെ നടുക്കുന്ന റാഗിംഗ് ഇപ്പോൾ അരങ്ങേറിയത്.
മാസങ്ങളായി നഴ്സിംഗ് കോളേജിൽ പീഡനമുറകൾ അരങ്ങു തകർക്കുകയായിരുന്നു. സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം ഉദ്ഘോഷിക്കുന്ന കുട്ടി സഖാക്കൾ കലാലയങ്ങളിലെ ഇരുട്ടു മുറികളിൽ വിദ്യാർത്ഥി പീഡനത്തിന് നേതൃത്വം നൽകുകയാണ്. എതിർക്കുന്ന വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി എന്നെന്നേക്കുമായി ജീവിതം നശിപ്പിക്കപ്പെടുകയാണ്.
കോട്ടയം നഴ്സിംഗ് കോളേജിന് സമാനമായി മെഡിക്കൽ കോളജുകൾ ഉൾപ്പെടെ പലയിടത്തും റാഗിംഗ് നിർബാധം നടക്കുന്നുണ്ട്. അധികൃതർ പലപ്പോഴും കണ്ണടയ്ക്കാൻ നിർബന്ധിതമാവുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ കലാലയങ്ങളിൽ ഭയമില്ലാതെ പഠിക്കുന്നതിനുള്ള സാഹചര്യമൊരുക്കാൻ വേണ്ട അടിയന്തര നടപടിയെടുക്കണം. ഇതിനായി ആൻറി റാഗിങ്ങ് സമിതികൾ നിർഭയമായി പ്രവർത്തിക്കുന്നതിനുള്ള സാഹചര്യം ഒരുക്കണം. പോലീസിന് കുറ്റവാളികളെ മുഖം നോക്കാതെ പിടികൂടുന്നതിനുള്ള അന്തരീക്ഷവും വേണം.
ഇത്തരം ക്രൂരകൃത്യം ചെയ്യുന്ന കൊടും കുറ്റവാളികൾക്ക് തുല്യമായ മനസ്സുള്ള വിദ്യാർത്ഥികളെ ക്യാമ്പസുകളിൽ നിന്നും പുറത്താക്കണം.