ഫിറ്റ്‌നസ് ടെസ്‌റ്റിന് എത്തിക്കുന്ന വാഹനങ്ങളുടെ കളർ ചിത്രമെടുത്ത് സൂക്ഷിക്കണം ; രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കണം ; മോട്ടോർ വാഹനവകുപ്പിനോട് ഹൈക്കോടതി
സ്വന്തം ലേഖകൻ
കൊച്ചി: വാഹനങ്ങളുടെ രൂപമാറ്റം തടയാൻ ഫിറ്റ്നസ് ടെസ്‌റ്റിനെത്തുമ്പോൾ കളർ ചിത്രങ്ങളെടുത്ത് ഫയലിൽ സൂക്ഷിക്കാൻ മോട്ടോർ വാഹനവകുപ്പിനോട് ഹെെക്കോടതിയുടെ നിർദേശം. രൂപമാറ്റം വരുത്തുന്നതും ഡിസ്‌പ്ലേ ലൈറ്റുകളടക്കം അനധികൃതമായി ഘടിപ്പിക്കുന്നതും കണ്ടെത്താൻ പരിശോധന ഊർജിതമാക്കാനും നിർദേശിച്ചു. റോഡ് സുരക്ഷ സംബന്ധിച്ച് കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രനും ജസ്‌റ്റിസ് ഹരിശങ്കർ വി മേനോനും ഉൾപ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
രൂപമാറ്റം വരുത്തിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിനടക്കം നടപടികൾ സ്വീകരിക്കണം. ടെസ്റ്റിനെത്തിക്കുന്ന വാഹനങ്ങളുടെ ബോഡി, പാസഞ്ചർ ഏരിയ, ഡ്രൈവർ കാബിൻ എന്നിവയുടെയെല്ലാം ഫോട്ടോയെടുത്ത് സൂക്ഷിക്കണം. വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യുമ്പോഴും ഇതു രേഖപ്പെടുത്തണമെന്നും നിർദേശിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോഴിക്കോട് മടപ്പള്ളിയിൽ സീബ്രാലൈനിൽ മൂന്നു വിദ്യാർഥിനികളെ ഇടിച്ചിട്ട സ്വകാര്യ ബസിൽ 47 ലൈറ്റ് അനധികൃതമായി കണ്ടെത്തിയെന്ന് സർക്കാർ അറിയിച്ചു. ഓരോ ലൈറ്റിനും 5000 രൂപവീതം പിഴ ഈടാക്കി. ബസിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കിയെന്നും വടകര ആർടിഒയും കൊയിലാണ്ടി ജോയിന്റ് ആർടിഒയും അറിയിച്ചു. വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി ഓടിച്ച രൂപമാറ്റം വരുത്തിയ ജീപ്പ് തുടർനടപടികൾക്കായി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി. പൊളിച്ചുനീക്കാനുള്ള വാഹനമാണിതെന്നും കോടതിയെ അറിയിച്ചു.
ഉദ്യോഗസ്ഥരുടെ വാഹനങ്ങളിൽ സർക്കാർ മുദ്രകൾ തടയാൻ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കോടതി നിർദേശിച്ചു. ബീക്കൺ ലൈറ്റും സർക്കാർ ബോർഡും ഉപയോഗിച്ചതിന് പിടിച്ചെടുത്ത കെഎംഎംഎൽ എംഡിയുടെ കാർ പഴയനിലയിലാക്കുമെന്ന ഉറപ്പിൽ തിരിച്ചുനൽകാനും നിർദേശിച്ചു. കേസ് 10 ദിവസത്തിനുശേഷം വീണ്ടും പരിഗണിക്കും.