
‘വാഹനമോടിക്കുമ്പോൾ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യയാത്ര’ ; മോട്ടോർവാഹന വകുപ്പ് നടപടിതുടങ്ങി ; ആദ്യദിനത്തിൽ 12 ഓട്ടോറിക്ഷകൾക്കെതിരേ നടപടി ; മീറ്ററിടാത്തതിന് 250 രൂപയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തവയ്ക്ക് 2000 രൂപയും പിഴയീടാക്കി
പാലക്കാട്: ഫെയർമീറ്റർ പ്രവർത്തിപ്പിക്കാത്ത ഓട്ടോറിക്ഷകൾക്കെതിരേ മോട്ടോർവാഹന വകുപ്പ് നടപടിതുടങ്ങി. മാർച്ച് ഒന്നുമുതൽ ഓട്ടോറിക്ഷകളിൽ ഫെയർമീറ്റർ പ്രവർത്തിപ്പിക്കുന്നത് നിർബന്ധമാക്കുമെന്ന് മോട്ടോർവാഹനവകുപ്പ് നേരത്തേ അറിയിച്ചിരുന്നു. ഇതിന്റെഭാഗമായി പാലക്കാട് പട്ടണത്തിൽ മോട്ടോർവാഹനവകുപ്പ് നടത്തിയ പരിശോധനയിൽ ആദ്യദിനത്തിൽ 12 ഓട്ടോറിക്ഷകൾക്കെതിരേ നടപടി സ്വീകരിച്ചു. മീറ്ററിടാത്തതിന് 250 രൂപയും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തവയ്ക്ക് 2000 രൂപയും പിഴയീടാക്കി.
10 ഓട്ടോറിക്ഷകളിൽ മീറ്ററുണ്ടായിരുന്നെങ്കിലും പ്രവർത്തിപ്പിച്ചിരുന്നില്ല. രണ്ട് ഓട്ടോറിക്ഷകൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉണ്ടായിരുന്നില്ല. നിയമലംഘനം തുടർന്നാൽ ഫിറ്റ്നസ് റദ്ദുചെയ്യുന്നതടക്കമുള്ള കർശന നടപടി സ്വീകരിക്കുമെന്ന് പാലക്കാട് ആർ.ടി.ഒ. സി.യു. മുജീബ് പറഞ്ഞു.
ശനിയാഴ്ച ഫിറ്റ്നസ് പരിശോധനക്കെത്തിയ എട്ട് ഓട്ടോറിക്ഷകളിലും ‘വാഹനമോടിക്കുമ്പോൾ ഫെയർമീറ്റർ പ്രവർത്തിച്ചില്ലെങ്കിൽ സൗജന്യയാത്ര’ എന്ന സ്റ്റിക്കർ പതിപ്പിച്ചിരുന്നെന്ന് ഉറപ്പാക്കിയതായും ആർ.ടി.ഒ. പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മീറ്റർ പ്രവർത്തിപ്പിക്കാതെ അമിതചാർജ് ഇൗടാക്കുന്നതും ഇതിനെത്തുടർന്നുള്ള വാക്‌തർക്കങ്ങളും ഒഴിവാക്കാൻ സംസ്ഥാനതല തീരുമാനങ്ങളുടെ ഭാഗമായാണ് പാലക്കാട് ജില്ലയിലും നടപടി തുടങ്ങിയത്. ടൗണിൽ മീറ്റർ പ്രവർത്തിക്കാതെ ഓടിയ ഓട്ടോക്കാരോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ യാത്രകൾ കുറവായതിനാൽ പാലക്കാട്ട് മീറ്ററിട്ട് ഓടുന്നത് ബുദ്ധിമുട്ടാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്ന് യാത്രക്കാർ പറഞ്ഞു.