
‘നേതാക്കളും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞത്; പാർട്ടി അനുഭാവികൾക്ക് മദ്യപിക്കുന്നതിന് തടസ്സമില്ല; മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
കൊച്ചി: മദ്യപിക്കുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന നിലപാട് മാറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
മദ്യപിക്കുന്നവർക്ക് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാമെന്നും എന്നാൽ പാർട്ടി നേതൃത്വത്തിൽ നിൽക്കുന്നവരും പ്രവർത്തകരും മദ്യപിക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ബന്ധുക്കൾക്കും അനുഭാവികൾക്കും മദ്യപിക്കുന്നതിന് തടസ്സമില്ല. ഇതൊരു സുപ്രഭാതത്തിൽ ഉണ്ടായ വെളിപാടല്ലെന്നും അദ്ദേഹം കൊല്ലത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രായ പരിധി 75 വയസ് കഴിഞ്ഞവർ മാത്രം പുറത്തു പോകും. 75 തികയാത്തവരുടെ കാര്യം പാർട്ടി കോൺഗ്രസ് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം പ്രായപരിധിയിലെ ഇളവ് സംബന്ധിച്ച സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനിക്കാമെന്ന് പിബി അംഗം പ്രകാശ് കാരാട്ടും പ്രതികരിച്ചു. ഓരോ സംസ്ഥാനത്തും ഓരോ പ്രായപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. നവകേരള രേഖയെ കുറിച്ച് അറിയില്ല. സംസ്ഥാന സമിതിയാണ് അക്കാര്യം പരിഗണിക്കുന്നതെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു.