video
play-sharp-fill

ബ്രിട്ടീഷുകാരുടെ  സൗജന്യത്തിൽ രക്ഷപ്പെട്ടുപോയ ആളാണ്, സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ല, ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ല; സവർക്കറെ പുകഴ്ത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ പരാമർശത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ

ബ്രിട്ടീഷുകാരുടെ സൗജന്യത്തിൽ രക്ഷപ്പെട്ടുപോയ ആളാണ്, സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ല, ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ല; സവർക്കറെ പുകഴ്ത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ പരാമർശത്തിൽ പ്രതികരണവുമായി എം വി ഗോവിന്ദൻ

Spread the love

തിരുവനന്തപുരം: സവർക്കർക്ക് സ്വാതന്ത്ര്യ സമരവുമായി യാതൊരു ബന്ധവുമില്ലെന്നും ആര് സവർക്കറെ പുകഴ്ത്തി പറഞ്ഞാലും അതിനോട് യോജിപ്പില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സവർക്കറെ പുകഴ്ത്തിയ ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കറുടെ പരാമർശത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു ഗോവിന്ദൻ്റെ പ്രതികരണം.

ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ച് അവരുടെ സൗജന്യത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപിൽനിന്ന് രക്ഷപ്പെട്ടുപോയ ഒരാളാണ് സവർക്കറെന്നും അദ്ദേഹം വിമർശിച്ചു. ഗവർണർ നടത്തിയ പ്രസ്‌താവനയോട് യോജിക്കുന്നുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അതിന് താൻ മറുപടി പറയില്ലെന്ന് നിങ്ങൾക്ക് അറിയില്ലേ എന്നായിരുന്നു പ്രതികരണം.

അത് പറയേണ്ട കാര്യമില്ലെന്നും പറഞ്ഞാൽ അത് നാളത്തെ പത്രത്തിൽ വാർത്തയാക്കാൻ അല്ലേ എന്നുമായിരുന്നു ഗോവിന്ദന്റെ മറുപടി. നേരത്തേ കാലിക്കറ്റ് സർവകലാശാലയിൽ എസ്എഫ്ഐ സ്ഥാപിച്ച ബോർഡിനെ വിമർശിച്ചായിരുന്നു, സവർക്കർ രാജ്യത്തിൻ്റെ ശത്രുവാണോയെന്ന് ഗവർണർ ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻ ചാൻസലർ ആരിഫ് മുഹമ്മദ് ഖാനെതിരേയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി ഒക്ടോബർ 30ന് പരീക്ഷാഭവനിന് സമീപം എസ്എഫ്ഐ സ്ഥാപിച്ച ബോർഡാണ് ആർലേക്കറെ ചൊടിപ്പിച്ചത്. ഇതേക്കുറിച്ച് സംസാരിക്കാൻ കരുതിയതല്ലെന്നും ബോർഡ് കണ്ടതുകൊണ്ട് സംസാരിക്കേണ്ടി വന്നതാണെന്നും പറഞ്ഞുകൊണ്ടാണ് ആർലേക്കർ തുടങ്ങിയത്.

‘ഞങ്ങൾക്കാവശ്യം ചാൻസലറെയാണ്, സവർക്കറെയല്ല എന്ന് ബാനറിൽ എഴുതിയിരിക്കുന്നു. ഗവർണർ ഇതാ നിങ്ങൾക്കൊപ്പമുണ്ട്. നിങ്ങൾക്കെന്താണ് ചെയ്യേണ്ടത്? ഗവർണർ ചോദിച്ചു. എന്തു തെറ്റാണ് സവർക്കർ ഈ രാജ്യത്തോട് ചെയ്‌തത്. വീടിനെയും വീട്ടുകാരെയും അദ്ദേഹം ഓർക്കാറില്ലായിരുന്നു. മറ്റുള്ളവരെക്കുറിച്ചാണ് എന്നും ചിന്തിച്ചത്.

ക്യാംപസ് രാഷ്ട്രീയത്തിന്റെ വലിയ പ്രശ്‌നമാണിതെന്നും ഇത്തരം പ്രവർത്തനങ്ങളെ തടയണമെന്നും വിസിയോട് ഗവർണർ നിർദേശിച്ചു. കഴിഞ്ഞദിവസം സർവകലാശാലയിലെ ബോർഡുകളും കൊടിതോരണങ്ങളും മാറ്റാൻ വി.സി. നിർദേശിച്ചിരുന്നെങ്കിലും എസ്എഫ്ഐക്കാർ തടഞ്ഞു.

എന്നാൽ, ഗവർണറുടെ പരാമർശത്തിനുശേഷം ബോർഡ് അപ്രത്യക്ഷമായി. സർവകലാശാലാ അധികൃതരുടെ നിർദേശപ്രകാരം പോലീസ് എടുത്തുമാറ്റിയതാണെന്ന് എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചു.