
തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കം പൂർത്തിയാക്കി എല്‍ഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിന്റെ പൊതുവായ വികസനത്തിനൊപ്പം ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളിലുമുള്ള പൊതു കാഴ്ചപ്പാട് ജനങ്ങള്‍ക്കുമുന്നില്‍ പ്രകടനപത്രികയായി അവതരിപ്പിക്കുമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
നിലവിലെ നേട്ടം നിലനിറുത്തി, ഭാവി കേരളം രൂപപ്പെടുത്താൻ പ്രാദേശിക സർക്കാരുകളെന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളെ പ്രാപ്തമാക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് ന്യൂനപക്ഷ വർഗീയതയെ താലോലിക്കുകയാണ് യുഡിഎഫ്, ബിജെപിയാകട്ടെ ഹിന്ദുത്വ അജണ്ടയിലൂന്നുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വന്ന ജില്ലാ കൗണ്‍സിലുകളെ പിരിച്ചുവിട്ടവരാണ് യുഡിഎഫ് എന്നും ഫെഡറല്‍ സംവിധാനത്തെ അംഗീകരിക്കാത്ത ബിജെപി എല്ലാകാലത്തും കേന്ദ്രീകൃത രീതിയാണ് സ്വീകരിക്കുന്നത് എന്നും എന്നാൽ എല്‍ഡിഎഫ് ജനകീയാസൂത്രണത്തിലൂടെ തദ്ദേശസ്ഥാപനങ്ങളെ ഉയർത്തിക്കൊണ്ടുവരികയും അവയെ പ്രാദേശിക സർക്കാരാക്കി മാറ്റുകയുമാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group



