
മുട്ടമ്പലത്തെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ചു: മുൻ നഗരസഭ അംഗം ടിറ്റോയുടെ മകൻ അറസ്റ്റിൽ
തേർഡ് ഐ ബ്യൂറോ
കോട്ടയം: മുട്ടമ്പലത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച് വിൽപ്പന നടത്തിയ കേസിൽ മുൻ നഗരസഭ അംഗവും കോൺഗ്രസ് നേതാവുമായ വി.കെ അനിൽകുമാർ (ടിറ്റോ) മകൻ അറസ്റ്റിൽ. കോട്ടയം മാണിക്കുന്നം ലളിതാസദനത്തിൽ അഭിജിത്തിനെ(18)യാണ് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം പിടികൂടിയത്. അഭിജിത്തിന്റെ സുഹൃത്ത് മുട്ടമ്പലം തുരുത്തേൽപ്പാലത്തിൽ വിനീത് മർക്കോസിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. അഭിജിത്തും സുഹൃത്തുക്കളും കഴിഞ്ഞ ദിവസം വിനീതിന്റെ വീട്ടിലെത്തിയിരുന്നു. ഇവിടെ നിന്നു ഇവർ മടങ്ങിയ ശേഷം ഒന്നര പവൻ തൂക്കം വരുന്ന സ്വർണമാല, ഒരു പവന്റെ വള, അര പവൻ വരുന്ന ഒരു ജോഡി കമ്മൽ, രണ്ടു ഗ്രാം തൂക്കം വരുന്ന കുരിശ് എന്നിവ മോഷണം പോയിരുന്നു. ഇതു സംബന്ധിച്ചു ഈസ്റ്റ് പൊലീസിൽ വീട്ടുകാർ പരാതി നൽകിയിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് അഭിജിത്ത് പിടിയിലാകുന്നത്. പ്രദേശത്തെ സിസിടിവി ക്യാമറകളും, മറ്റുള്ള തെളിവുകളുടെയും അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
നേരത്തെ അഭിജിത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു വാഹനാപകടക്കേസിൽ പെട്ടിരുന്നു. മറ്റൊരു വ്യക്തിയുടെ കാർ ഉടമസ്ഥൻ അറിയാതെ എടുത്ത് ഓടിച്ച് അപകടത്തിൽപ്പെടുകയായിരുന്നു. ഈ കാറിന്റെ അറ്റകുറ്റപണി നടത്തുന്നതിനു വേണ്ടിയാണ് ഇപ്പോൾ മോഷണം നടത്തിയതെന്ന് പ്രതി പൊലീസിനോടു സമ്മതിച്ചു. മോഷണം അടക്കം അഞ്ചോളം കേസുകളിൽ പ്രതിയാണ് അഭിജിത്ത്. ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സിഐ ജി.ബിജു, ഈസ്്റ്റ് എസ്.ഐ കെ.എം മഹേഷ്‌കുമാർ, ആന്റി ഗുണ്ടാ സ്‌ക്വാഡ് എസ്.ഐ ടി.എസ് റെനീഷ്, അസി.എസ്.ഐ തോമസ് ജോർജ്, സിവിൽ പൊലീസ് ഓഫിസർമാരായ ദിലീപ്, കാനേഷ്, സുബിൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.