play-sharp-fill
പോൾ മുത്തൂറ്റ് വധം: കാരി സതീഷ് ഒഴികെയുള്ള എട്ടുപ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

പോൾ മുത്തൂറ്റ് വധം: കാരി സതീഷ് ഒഴികെയുള്ള എട്ടുപ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു

കൊച്ചി : കൊച്ചി: പ്രമാദമായ പോള്‍ എം ജോര്‍ജ് മുത്തൂറ്റ് വധക്കേസിലെ എട്ടു പ്രതികളെ കോടതി വെറുതെ വിട്ടു. എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച കോടതി നടപടിയാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. കേസിലെ രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരെയാണ് വെറുതെ വിട്ടത്. കാരി സതീഷ് ഹൈക്കോടതിയിൽ അപ്പീൽ നല്‍കിയിരുന്നില്ല.

മുത്തൂറ്റ് ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതി ജയചന്ദ്രൻ, മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി സതീശ് കുമാർ, ഏഴാം പ്രതി രാജീവ് കുമാർ, എട്ടാം പ്രതി ഷിനോ പോൾ, ഒമ്പതാം പ്രതി ഫൈസൽ എന്നിവരെയാണ് വെറുതെ വിട്ടത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തെന്ന് കണ്ടെത്തിയ ഒൻപതു പേര്‍ക്കും ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയുമായിരുന്നു കോടതി ചുമത്തിയത്. ഈ കോടതി വിധിയാണ് ഹൈക്കോടതി ഇപ്പോൾ റദ്ദാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2009 ഓഗസ്റ്റ് 21നാണ് വ്യവസായിയായിരുന്ന പോള്‍ ജോര്‍ജ് മുത്തൂറ്റിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോളിനൊപ്പം കാറിലുണ്ടായിരുന്ന ഓം പ്രകാശ്, പുത്തൻ പാലം രാജേഷ് എന്നിവരിലേയ്ക്ക് നീണ്ട അന്വേഷണം എത്തി നിന്നത് ഒരു ക്വട്ടേഷൻ സംഘത്തിലായിരുന്നു. ജയചന്ദ്രൻ എന്നയാളുടെ നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരിയിലെ ഒരു ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയതെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് സംഘത്തിലെ കാരി സതീഷ്, സത്താര്‍, ആകാശ് ശശിധരൻ, സതീഷ് കുമാര്‍, രാജീവ് കുമാര്‍, ഷിനോ പോള്‍, ഫൈസൽ, അബി, റിയാസ്, സിദ്ദിഖ്, ഇസ്മായിൽ, സുള്‍ഫിക്കര്‍, സബീര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ആലപ്പുഴയിൽ ഒരു ക്വട്ടേഷൻ ഏറ്റെടുത്തു പോകുകയായിരുന്ന ഗുണ്ടാസംഘവുമായി ഉണ്ടായ സംഘര്‍ഷം കൊലപാതകത്തിലേയ്ക്ക് നയിച്ചെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്.