play-sharp-fill
മുത്തൂറ്റ് ഫിനാൻസിന്റെ 15 ശാഖകൾ ഇന്ന് അടച്ചു പൂട്ടും: പത്രത്തിൽ പരസ്യം നൽകി മാനേജ്‌മെന്റ്

മുത്തൂറ്റ് ഫിനാൻസിന്റെ 15 ശാഖകൾ ഇന്ന് അടച്ചു പൂട്ടും: പത്രത്തിൽ പരസ്യം നൽകി മാനേജ്‌മെന്റ്

തിരുവനന്തപുരം: ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ശാഖകള്‍ പൂട്ടുന്നതായി പത്ര പരസ്യം. തൊഴിലാളി സമരം തുടരുന്നതിനിടെയാണ് മുത്തൂറ്റിന്റെ 15 ശാഖകള്‍ പൂട്ടുന്നതായുള്ള പരസ്യം പ്രത്യക്ഷപ്പെടുന്നത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോട്ടക്കല്‍ അടക്കം 15 മുത്തൂറ്റ് ശാഖകളാണ് പൂട്ടാനൊരുങ്ങുന്നത്.

ഇന്ന് മുതൽ ഈ ബ്രാഞ്ചുകളിൽ നിന്ന് പുതിയ ഗോൾഡ് ലോണുകൾ ലഭ്യമാകില്ല. ഈ ബ്രാഞ്ചുകളിൽ സ്വർണം പണയംവച്ചവർക്ക് അക്കൗണ്ട് ക്ലോസ് ചെയ്ത് സ്വർണം തിരികെ വാങ്ങാൻ മൂന്ന് മാസത്തെ സാവകാശം മാത്രമാണ് മുത്തൂറ്റ് നൽകുന്നത്.

ബോണ്ട് അടക്കമുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും വ്യക്തിപരമായി അറിയിക്കുമെന്നും ഉപഭോക്താക്കള്‍ നേരിട്ട പ്രയാസത്തില്‍ വേദനയുണ്ടെന്നുമാണ് പരസ്യത്തിന്റെ ഉള്ളടക്കം. എന്നാൽ, എന്ത് കൊണ്ടാണ് ശാഖകൾ പൂട്ടുന്നതെന്ന് പരസ്യത്തിൽ വ്യക്തമാക്കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത് ദിവസത്തിലേറെയായി നടന്നു വരുന്ന സിഐടിയുവിന്റെ നേതൃത്വത്തിലുള്ള സമരത്തിന് മാനേജ്‌മെന്റ് കൃത്യമായ മറുപടി നൽകുന്നില്ല എന്നാണ് സമരക്കാരുടെ വാദം. നേരത്തെ നടന്ന ചർച്ചകളിൽ സ്വീകരിച്ച തീരുമാനങ്ങൾ മാനേജ്‌മെന്റ് നടപ്പാക്കിയില്ലെന്നും അതിനാലാണ് സമരം തുടരുന്നതെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു. അതെ സമയം, പ്രശ്‌നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാൻ ഇന്ന് വീണ്ടും തൊഴിൽ മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയിൽ ചർച്ച നടക്കും. തിരുവനന്തപുരത്ത് വെച്ച് ഇന്നുച്ചയ്ക്ക് നടക്കുന്ന ചർച്ചയിൽ മുത്തൂറ്റ് ഫിനാൻസ് പ്രതിനിധികളും തൊഴിലാളി സംഘടനാ പ്രതിനിധികളും പങ്കെടുക്കും.

ഇന്നലെ മുത്തൂറ്റ് ഓഫീസിലേക്കുള്ള സി.ഐ.ടി.യു മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. സമരം മറികടന്ന് ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് ജീവനക്കാര്‍ രാവിലെ മുതല്‍ മൂത്തൂറ്റ് ഓഫീസിന് മുന്നില്‍ എത്തിയപ്പോള്‍. സി.ഐ.ടി.യു പ്രവര്‍ത്തകര്‍ അവരെ തടയുകയായിരുന്നു. അതാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്.