play-sharp-fill
മൊത്തത്തിൽ ഊറ്റുന്ന മുത്തൂറ്റ് തൊഴിലാളികളുടെ ചോരയും കുടിക്കുന്നു: മുത്തൂറ്റിന്റെ അടച്ചിടൽ പ്രഖ്യാപനം സർക്കാരിനെയും തൊഴിലാളികളെയും വെല്ലുവിളിച്ച്: പണിമുടക്കുന്നവരോട് ചർച്ചയ്ക്ക് തയ്യാറാകാത്തത് പണത്തിന്റെ ധാർഷ്ട്യം മൂലമോ ?

മൊത്തത്തിൽ ഊറ്റുന്ന മുത്തൂറ്റ് തൊഴിലാളികളുടെ ചോരയും കുടിക്കുന്നു: മുത്തൂറ്റിന്റെ അടച്ചിടൽ പ്രഖ്യാപനം സർക്കാരിനെയും തൊഴിലാളികളെയും വെല്ലുവിളിച്ച്: പണിമുടക്കുന്നവരോട് ചർച്ചയ്ക്ക് തയ്യാറാകാത്തത് പണത്തിന്റെ ധാർഷ്ട്യം മൂലമോ ?

സ്വന്തം ലേഖകൻ

കോട്ടയം: മുത്തൂറ്റ് ഫിനാൻസിന്റെ കസ്റ്റമർ കെയറിൽ നിന്നും പണയം വയ്ക്കാൻ നിർദ്ദേശിച്ച് വിളിക്കുമ്പോൾ യുവാവ് തിരിച്ച് നൽകുന്ന മറുപടി നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മുത്തൂറ്റ് അടക്കമുള്ള സ്ഥാപനങ്ങളിൽ സ്വർണം പണയം വയ്ക്കേണ്ടി വരുന്ന ശരാശരി മലയാളിയുടെ മാനസിക വിചാരങ്ങളാണ് ആ ഒറ്റ കോളിലൂടെ പുറത്ത് വന്നത്. ജീവനുണ്ടെങ്കിൽ സ്വർണം പണയം വയ്ക്കാൻ മുത്തൂറ്റിലെയ്ക്ക് പോകില്ലെന്ന് ഉറപ്പിക്കുന്നതാണ് ഓരോ മലയാളിയും വാശിയ്ക്ക് ഈ കോൾ ഷെയർ ചെയ്തതിൽ നിന്ന് മനസിലാകുന്നത്. ഇതിനിടെയാണ് ഇപ്പോൾ മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരുടെ സമരം വാർത്തയായത്. ഒരു ഭാഗത്ത് സിഐടിയു എന്ന സംഘടന നിൽക്കുന്നു , സമരത്തിന് നേതൃത്വം നൽകുന്നു എന്നത് കൊണ്ട് മാത്രമാണ് ഇപ്പോൾ കേരളം ഈ സമരത്തിന് വേണ്ട പിൻതുണ നൽകാതിരിക്കുന്നത്. സി ഐ ടി യു വിനെപ്പറ്റി മലയാളിയുടെ പൊതുബോധത്തിന് ഉള്ള ധാരണകളാണ് ഇപ്പോൾ സമരത്തെ പിൻതുണയ്ക്കുന്നതിൽ നിന്നും പിന്നോട്ടടിക്കുന്നത്. ഇതിനാലാണ് തേർഡ് ഐ ന്യൂസ് ലൈവ് ഈ വിഷയം ചർച്ച ചെയ്യുന്നതും മുത്തൂറ്റിലെ തൊഴിലാളി വിരുദ്ധ നയങ്ങൾ പരിശോധിക്കുന്നതും.
മുത്തൂറ്റിന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ ഏറെയും സ്ത്രീ ജീവനക്കാരാണ്. കോടികൾ പരസ്യത്തിനായി ചിലവഴിക്കുന്ന ഇവർ ആറായിരം മുതൽ 12000 രൂപ വരെ മാത്രമാണ് തൊഴിലാളികൾക്ക് എച്ചിൽ കഷ്ണമായി വച്ച് നീട്ടുന്നത്. 200 കോടി രൂപ വാർഷിക ആദായമുള്ള സ്ഥാപനമാണ് ഇത്തരത്തിൽ പെരുമാറുന്നത്. സി ഐ ടി യു സമരം നടത്തുന്നതിനെ മാറ്റി നിർത്തി പരിശോധിച്ചാൽ ഇത് വരെ തൊഴിലാളികളുമായി ചർച്ച നടത്തി മാന്യമായ ഒരു പരിഹാരത്തിന് പോലും ഇത് വരെയും ഈ സംഘടന തയ്യാറായിട്ടില്ല. ഹൈക്കോടതിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്താം എന്നറിയിച്ചിട്ട് പോലും ഇവർ ഇതിന് തയ്യാറായിട്ടില്ല. ഇത് കൂടാതെ കഴിഞ്ഞ ദിവസം സർക്കാർ വിളിച്ച ചർച്ചയിൽ നിന്നും ഏക പക്ഷീയമായി ഉടമകൾ വിട്ടുനിൽക്കുകയും ചെയ്തു. ഈ രീതികൾ കാണുമ്പോഴാണ് സ്ഥാപനങ്ങൾ അടച്ച് പൂട്ടും എന്ന കണ്ണിൽ പൊടിയിടുന്ന ഭീഷണി മുഴക്കി ഇപ്പോൾ മുത്തൂറ്റ് ഉടമകൾ രംഗത്ത് എത്തിയിരിക്കുന്നത്. ഇത് സർക്കാരിനെ സമ്മർദത്തിലാക്കി പ്രതിക്കൂട്ടിൽ നിർത്താനുള്ള നീക്കമാണ് എന്ന് സംശയിക്കുന്നു.

തൊഴിലാളികളുടെ പ്രചാരണങ്ങളിൽ ചിലത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോടതിയെപ്പോലും വിശ്വാസമില്ലാത്ത മുത്തൂറ്റിനൊപ്പമോ, കോടതിയെ 100% വിശ്വാസമുള്ള ജീവനക്കാർക്ക് ഒപ്പമോ കേരളത്തിന്റെ നീതിബോധം നിലകൊള്ളേണ്ടത്?

ഇത് വായിക്കു…

സംഗീത നായർ
പ്രസിഡന്റ്
മുത്തൂറ്റ് ഫിൻകോർപ്പ് യൂണിറ്റ്

പ്രിയപെട്ടവരെ,

മുത്തൂറ്റ് ഫിനാസിൽ ജീവനക്കാർ നടത്തുന്ന അവകാശ സമരത്തിന് എതിരെ കോടതിയെ സമീപിച്ച മുത്തൂറ്റ് മാനേജുമെന്റിനോട് ബഹുമാനപെട്ട ഹൈക്കോടതി പറഞ്ഞത്, ഇത് ഒരു തൊഴിൽ തർക്കമല്ലേ പോലീസിനെ ഉപയോഗിച്ച് നേരിടുന്നതിന് പകരം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കു എന്നാണ്…..

ഇതിന് മാനേജുമെന്റ് പറഞ്ഞ മറുപടി തങ്ങൾക്ക് ലേബർ കമ്മീഷണറെ വിശ്വാസം ഇല്ല എന്നായിരുന്നു..

എങ്കിൽ കോടതി തന്നെ മീഡിയേറ്റർ ആക്കാം എന്ന് കോടതി, മടിയിൽ കനമില്ലാത്തതു കൊണ്ട് യൂണിയൻ ഈ തീരുമാനത്തെ സർവ്വാത്മനാ സ്വാഗതം ചെയ്തു, ഇതേസമയം കോടതിയുടെ മധ്യസ്ഥതക്കും ഞങ്ങൾ തയ്യാർ അല്ല എന്ന് മാനേജുമെന്റ് നിലപാടെടുത്തു..

പണക്കൊഴുപ്പിന്റെ ഹുങ്കിൽ കോടതിയെ പോലും പുച്ഛിച്ചു തള്ളിയ ഒരു മാനേജുമെന്റിന്റെ ധാര്ഷ്ട്രത്തോടാണ് കേവലം 350 രൂപ ദിവസക്കൂലി വാങ്ങുന്ന ജീവനക്കാർ നിശ്ചയദാർട്യം കൊണ്ട് പൊരുതി നിൽക്കുന്നത് എന്ന് ഓർക്കണം…

മൂലധനത്തിന്റെ ഒന്നാം വാല്യത്തിൽ മാർക്സ് ഒരു മേരി ആൻ വാൽക്ലിയെ പറ്റി പറയുന്നുണ്ട്. ഇംഗ്ലണ്ടിലെ തുണി ഫാക്ടറിയിൽ ഒറ്റയിരിപ്പിന് 26 മണിക്കൂർ തൊഴിൽ ചെയ്യുന്നതിനിടെ മരിച്ചു പോയ സ്ത്രീയെ പറ്റി . മേരി മരിച്ചപ്പോൾ അന്വേഷിക്കാനെത്തിയ ഫാക്ടറി ഇൻസ്പെക്ടറോട് ഏൽപ്പിച്ച പണി ചെയ്തു തീർക്കാതെ ചത്തു കളഞ്ഞ മേരിയെ പറ്റി പരാതി പറയുക ആയിരുന്നു ഫാക്ടറി ഉടമയായ സ്ത്രീ..അവരെ പിന്തുണക്കാൻ അന്നും ഒപ്പം കൂടിയിട്ടുണ്ടാകും മറ്റു ചില തൊഴിലാളി സ്ത്രീകൾ…

നാം ഇന്ന് അനുഭവിക്കുന്ന മുഴുവൻ അവകാശങ്ങളും പെൻഷൻ, 8 മണിക്കൂർ ജോലി, ഞായർ അവധി, പി എഫ്, ഗ്രാറ്റിവിറ്റി, മെഡിക്കൽ ലീവ്, പ്രസവ അവധി, ബോണസ്..അങ്ങനെ എന്തൊക്കെയുണ്ടോ അതെല്ലാം നമുക്ക് മുന്നേ നടന്ന കുറേ മനുഷ്യർ സമരങ്ങളിലൂടെ നിരന്തര സമരങ്ങളിലൂടെ നേടിതന്നിട്ടുള്ളതാണ്….

ഒരു മുതലാളിയും ഒരവകാശവും ഒരിടത്തും ഔദാര്യത്തോടെ നൽകിയ ചരിത്രമില്ല – ഘടനാപരമായി അവർക്കതിന് കഴിയുകയുമില്ല. അനുവദിച്ചു കിട്ടിയിട്ടുള്ള അവകാശങ്ങൾ നില നിർത്തുന്നതിനും ന്യായമായ അവകാശങ്ങൾ നേടി എടുക്കുന്നതിനും തൊഴിലാളിക്കു മുന്നിൽ ഒരൊറ്റ ആയുധമേയുള്ളൂ – അത് പ്രതിഷേധം ആണ് പോരാട്ടം ആണ് ചെറുത്തുനിൽപ്പ് ആണ് അത് മാത്രമാണ്…

ജീവനക്കാരുടെ വിയർപ്പിന്റെ ഫലമായി പ്രതിവർഷം 2000 കോടി ലാഭം കൊയ്യുന്ന മുത്തൂറ്റ് മുതാലാളിക്ക് ആ സ്ഥാപനത്തിൽ വെറും 350 രൂപ ദിവസക്കൂലി വാങ്ങുന്ന ജീവനക്കാർ മാസങ്ങളായി സമരം ചെയ്യുന്നത് കാണാൻ കഴിയുനില്ല…

പകരം സമരത്തെ തകർക്കാൻ കയ്യിൽ മൊബൈൽ ക്യാമറയും ഒളിക്ക്യാമറയും കൊടുത്ത് കുറച്ച് കരിങ്കാലികളായ സ്ത്രീകളെ ഇറക്കി പൊറോട്ടു നാടകം കളിക്കുന്നു..

പോസ്റ്റിൽ ഒന്ന്

നന്നായി നടിക്കുന്നവർക്ക് അടുത്തമാസം മുതലാളി വക 500 രൂപ കൂടുതൽ കിട്ടിയേക്കാം, ആയ്ക്കോട്ടെ അവരോടും വിരോധമില്ല, അങ്ങോട്ട് ചെന്ന് ആണ്ട് കേറിയതിനു ശേഷം എന്നെ പിടിക്കുന്ന ഫോട്ടോ എടുക്ക് എന്നെ പിടിക്കുന്ന ഫോട്ടോ എടുക്ക്, സാറിന് അയച്ച് കൊടുക്ക്‌ എന്ന് കൂടെയുള്ള ജീവനക്കാരിയോട് അലമുറ ഇട്ട 30000 രൂപക്ക് മുകളിൽ ശമ്പളം വാങ്ങുന്ന അച്ഛന്റെ ഭാര്യയോട് സഹതാപമേ ഉള്ളൂ…..

ലോകത്തെ എല്ലാ സമരങ്ങളെയും പൊളിക്കാൻ മുതലാളിമാരുടെ എച്ചിൽ നക്കുന്ന സ്വന്തം കാര്യം മാത്രം നോക്കുന്ന കരിങ്കാലികൾ എന്നുമുണ്ടായിരുന്നു. അവരുടെ കുബുദ്ധിക്ക് മുന്നിൽ ഈ സമരം ചെയ്യുന്ന മനുഷ്യർ തോറ്റു പോകില്ല, അന്തസായി തൊഴിൽ ചെയ്തു ജീവിക്കുന്ന സകല മനുഷ്യർക്കും ഈ സമരത്തെ വിജയിപ്പിക്കാനുള്ള ബാധ്യതയുണ്ട്. ആത്യന്തികമായി അതുറപ്പ് തരുന്നത് അവനവന്റെ കൂടി തൊഴിൽ സംരക്ഷണമാണ്…

ഈ അവകാശ സമരത്തെ രാഷ്ട്രീയ ലാക്കോടെ ചൊറിയുന്നവരോടും ചിലത് പറയാനുണ്ട്..

നിങ്ങൾ ആ പണി ചെയ്യും മുൻപ് ഈ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന നിങ്ങൾക്ക് പരിചയമുള്ള കോൺഗ്രസ്‌, ബിജെപി, ലീഗ്, കേരള കോൺഗ്രസ്‌ അനുഭാവമുള്ളവരെ ഒന്ന് വിളിച്ച് അന്വേഷിക്കുന്നത് നന്നായിരിക്കും..

ഇവിടെ ഞങ്ങൾ ജീവനക്കാർ ഒറ്റകെട്ടായി ആണ് സമരം ചെയ്യുന്നത്. ഞങ്ങൾക്ക് ഒരു ബുദ്ധിമുട്ട് വന്നപ്പോൾ ഞങ്ങൾ നിസഹായതയോടെ ഒരുഗതിയും പരഗതിയും ഇല്ലാതെ ആത്മാഭിമാനം ആത്മഹത്യ ഭീക്ഷണി മുഴക്കി നിന്നവേളയിൽ ഞങ്ങളുടെ അഭ്യർത്ഥന പ്രകാരം ഞങ്ങളെ സഹായിക്കാൻ തെരുവിൽ ഇറങ്ങിവന്ന വർഗ്ഗ ബോധമുള്ള തൊഴിലാളി പ്രസ്ഥാനം ആണ് CITU, അങ്ങനെ ഞങ്ങൾക്ക് തണലേകിയ ആ ചെങ്കോടിയാണ് ഇന്ന് ഞങ്ങൾ രാഷ്ട്രീയത്തിന് അതീതമായി വാനിൽ ഉയർത്തിപ്പിടിക്കുന്നത്..

*ഉയരാൻ മടിക്കുന്ന കൈയും പറയാൻ മടിക്കുന്ന നാവും അടിമത്വത്തിന്റെത് മാത്രമാണ്, ഞങ്ങൾ അടിമകൾ അല്ല തുച്ഛമായ വേതനത്തിന് എല്ല് മുറുകെ പണിയെടുക്കുന്ന ആത്മാഭിമാനമുള്ള തൊഴിലാളികൾ ആണ്*

വിപ്ലവ അഭിവാദ്യങ്ങളോടെ..

സംഗീത നായർ
പ്രസിഡന്റ്
മുത്തൂറ്റ് ഫിൻകോർപ്പ് | യൂണിറ്റ്