
കേരളത്തിലുള്ളത് 104 പാകിസ്ഥാനികള്‍ ; 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് ; 45 പേര്‍ക്ക് തുടരാൻ തടസമില്ല, മുപ്പതോളം പേര്‍ അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പുറപ്പെട്ടു
തിരുവനന്തപുരം: കേരളത്തിലുള്ള 104 പാകിസ്ഥാനികളില്‍ 59 പേർക്ക് ഉടനടി രാജ്യംവിടാൻ പൊലീസ് നോട്ടീസ് നല്‍കി. 45 പേർ പതിറ്റാണ്ടുകള്‍ക്ക് മുമ്ബ് കേരളത്തില്‍ നിന്ന് വിവാഹം കഴിച്ച് ഇവിടെ താമസിക്കുന്നവരാണ്.
ഇവരെല്ലാം പൗരത്വത്തിന് അപേക്ഷിച്ചിരിക്കുന്നവരാണ്. 14വർഷത്തിലേറെയായി ഇവിടെ തങ്ങുന്നവർക്ക് പൗരത്വം ലഭിക്കും. ഇവർ ഉടൻ പാകിസ്ഥാനിലേക്ക് പോവേണ്ടതില്ല. ഇവർക്ക് കേന്ദ്രസർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. 55പേർ സന്ദർശക വിസയിലും 3പേർ മെഡിക്കല്‍ വിസയിലും എത്തിയവരാണ്.
സന്ദർശക വിസയിലെത്തിയവർ 27നും മെഡിക്കല്‍ വിസക്കാർ29നും രാജ്യം വിടണം. ചികിത്സയിലുള്ളവരുടെ അവസ്ഥ പരിശോധിച്ചശേഷം ഇളവ് ആവശ്യമുണ്ടെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി തേടും. ഒരാള്‍ വിസയില്ലാതെ അനധികൃതമായി തങ്ങിയതിന് തൃശൂരിലെ ജയിലിലാണുള്ളത്. കേസില്‍ തീരുമാനമായ ശേഷമേ മടക്കിവിടൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുപ്പതോളം പേർ ഇന്നലെ ഡല്‍ഹിയിലേക്ക് വിമാനമാർഗ്ഗം പോയി. ഇവർ അട്ടാരി അതിർത്തി വഴി പാകിസ്ഥാനിലേക്ക് പോവും. ദീർഘകാല, സന്ദർശക വിസയിലെത്തിയവരിലേറെയും കണ്ണൂർ ജില്ലയിലാണ്- 62പേർ. വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകളിലാണ് പാകിസ്ഥാനികള്‍ ഏറെയുള്ളത്.
എറണാകുളത്ത് രണ്ടും മലപ്പുറം, തൃശൂർ, പാലക്കാട് ജില്ലകളില്‍ ഓരോരുത്തരെയും തിരിച്ചയയ്ക്കാനുണ്ട്. കേരള സർവകലാശാലയില്‍ പാകിസ്ഥാനികള്‍ പഠിക്കുന്നില്ല. സർവകലാശാലകളില്‍ നിന്ന് ഇന്നലെ ഐ.ബി ഉദ്യോഗസ്ഥർ വിവരംശേഖരിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പാകിസ്ഥാനികളില്ലെന്നാണ് വിവരം. സമയപരിധി കഴിഞ്ഞിട്ടും മടങ്ങിപ്പോവാത്ത പാകിസ്ഥാനികള്‍ക്കെതിരേ പൊലീസ് കേസെടുക്കും.