മുസ്ലിം നിയമപ്രകാരം ഭര്‍ത്താവിന് ഒന്നിലേറെ വിവാഹം കഴിക്കാം; പക്ഷേ എല്ലാ ഭാര്യമാരെയും ഒരുപോലെ നോക്കണം; ഭാര്യക്ക് അനുകൂലമായി വിവാഹമോചനം അനുവദിച്ച് ഭര്‍ത്താവിന്റെ അപ്പീല്‍ തള്ളി കുടുംബക്കോടതി
സ്വന്തം ലേഖകൻ
മുസ്ലിം നിയമപ്രകാരം ഭര്‍ത്താവിന് ഒന്നിലേറെ വിവാഹം കഴിക്കാമെങ്കിലും എല്ലാ ഭാര്യമാരെയും ഒരുപോലെ നോക്കണമെന്ന് മദ്രാസ് ഹൈക്കോടതി.
മുസ്ലീം യുവതിയ്ക്ക് വിവാഹമോചനം അനുവദിച്ച്, കുടുംബക്കോടതി വിധിക്കെതിരേ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. രണ്ടാം ഭാര്യയ്ക്ക് നല്‍കുന്ന പരിഗണന തനിയ്ക്ക് ലഭിച്ചിട്ടില്ലെന്നും ഭര്‍ത്താവ് തന്നോട് നീതി രഹിതമായാണ് പെരുമാറുന്നതെന്നും തെളിയിക്കാന്‍ ഭാര്യക്ക് കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജസ്റ്റിസുമാരായ ടീക്കാ രാമന്‍, പിബി ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. ഇസ്ലാമിക നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഭര്‍ത്താവ് ആദ്യ ഭാര്യയെയും രണ്ടാം ഭാര്യയെയും തുല്യമായി പരിഗണിച്ചിട്ടില്ല. ഇസ്ലാമിക നിയമമനുസരിച്ച് ഭര്‍ത്താവിന് ഒന്നിലധികം പേരെ വിവാഹം ചെയ്യുന്നതിന് അനുമതിയുണ്ട്. എന്നാല്‍, എല്ലാ ഭാര്യമാരോടും തുല്യമായി പെരുമാറാന്‍ അയാള്‍ ബാധ്യസ്ഥനാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
അഭിഭാഷകയായ കെ. അഭിയയാണ് ഭര്‍ത്താവിന് വേണ്ടി ഹാജരായത്. അഡ്വ. സി ജയ ഇന്ദിര പട്ടേല്‍ ഭാര്യക്ക് വേണ്ടിയും ഹാജരായി. തന്നോട് പ്രത്യേകിച്ച് ഗര്‍ഭകാലത്ത് ഭര്‍ത്താവ് മോശമായും ക്രൂരമായും പെരുമാറി എന്നാരോപിച്ചാണ് ഒന്നാം ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്തത്. മാനസിക പീഡനവും ഭര്‍ത്താവില്‍ നിന്നുള്ള നിരന്തര ഭീഷണിയും നിമിത്തമാണ് വിവാഹമോചനം നേടാന്‍ അവര്‍ തീരുമാനിച്ചത്. എന്നാല്‍, ഇതിനിടെ ഭര്‍ത്താവ് വീണ്ടും വിവാഹം കഴിച്ചുവെന്നും ഹര്‍ജിയില്‍ ഭാര്യ ആരോപിച്ചു.
രണ്ടാം ഭാര്യയുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഭര്‍ത്താവ് തന്നോട് അന്യായമായാണ് പെരുമാറിയതെന്ന് തെളിയിക്കാന്‍ ഒന്നാം ഭാര്യക്ക് കഴിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടി. ഭാര്യവേര്‍പിരിഞ്ഞ് കഴിഞ്ഞത് വേദനിപ്പിച്ചുവെങ്കില്‍ ഭാര്യയെ തിരികെ കൂട്ടിക്കൊണ്ടുവരുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയോ ന്യായമായ കാരണങ്ങളുണ്ടെങ്കില്‍ വ്യക്തിനിയമം അനുസരിച്ച് തലാഖ് ചൊല്ലുകയോ ചെയ്യണമായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഭാര്യക്ക് ജീവനാംശം നല്‍കാനുള്ള കടമയും കോടതി ഊന്നിപ്പറഞ്ഞു. എന്നാല്‍, അത്തരം നടപടികള്‍ ഭര്‍ത്താവ് സ്വീകരിച്ചിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഇതിന് പുറമെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തു.
രണ്ട് ഭാര്യമാരെയും ഭര്‍ത്താവ് രണ്ട് തരത്തില്‍ കാണുകയും ആദ്യ ഭാര്യയോട് ക്രൂരതമായി പെരുമാറുകയും ചെയ്തു. അതേസമയം, രണ്ട് വര്‍ഷത്തേക്ക് ആദ്യഭാര്യക്ക് ജീവനാംശം നല്‍കാതിരിക്കുകയും മൂന്ന് വര്‍ഷത്തോളം വൈവാഹിക ബാധ്യതകള്‍ നിറവേറ്റാതിരിക്കുകയും ചെയ്തത് മൂലം മുസ്ലിം നിയമമനുസരിച്ച് ഭാര്യക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. യോജിച്ച് പോകാനാകാത്ത വിവാഹജീവിതത്തില്‍ നിന്ന് മുസ്ലീം സ്ത്രീകള്‍ക്ക് വിവാഹ മോചനം നേടാനുള്ള അവകാശത്തെ പരാമര്‍ശിച്ച കോടതി ഭാര്യക്ക് അനുകൂലമായി വിവാഹമോചനം അനുവദിച്ച് ഭര്‍ത്താവിന്റെ അപ്പീല്‍ തള്ളി.