
ശില്‍പ്പത്തിന് നടന്‍ മുരളിയുടെ മുഖച്ഛായയില്ല; ശില്‍പ്പി പണം തിരിച്ചടയ്ക്കണമെന്ന് സംഗീത നാടക അക്കാദമി; പിഴത്തുകയില്‍ ഇളവ് നല്‍കി ധനവകുപ്പ്; രണ്ട് പ്രതിമ ഇരിക്കെ മൂന്നാമതൊരു വെങ്കല പ്രതിമ കൂടി പണിയിച്ചത് എന്തിനെന്ന ചോദ്യം ശക്തം….!
സ്വന്തം ലേഖിക
തിരുവനന്തപുരം: നടന്‍ മുരളിയുടെ ശില്‍പ്പത്തിന് മുഖച്ഛായ വരാത്തതിനാല്‍ കാശ് തിരിച്ചടക്കാന്‍ സംഗീത നാടക അക്കാദമി നിര്‍ദ്ദേശിച്ച ശില്‍പ്പിക്ക് പിഴത്തുകയില്‍ ഇളവ് നല്‍കി സംസ്ഥാന ധനവകുപ്പ്.
സാമ്പത്തിക പ്രതിസന്ധിക്കാലത്ത് അഞ്ചേ മുക്കാല്‍ ലക്ഷമാണ് ധനവകുപ്പ് പ്രതിമയുടെ പേരില്‍ എഴുതിത്തള്ളിയത്.
സംഗീത നാടക അക്കാദമിയിലാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടന്‍ മുരളിയുടെ രണ്ട് പ്രതിമ അക്കാദമിയില്‍ ഇരിക്കുമ്പോഴാണ് മൂന്നാമതൊരു വെങ്കല പ്രതിമ കൂടി പണിയാന്‍ അക്കാദമിക്ക് തോന്നിയതും ശില്‍പ്പി വില്‍സണ്‍ പൂക്കായിക്ക് 5.70 ലക്ഷം രൂപക്ക് കരാര്‍ നല്‍കിയതും. പൂക്കായി പ്രതിമയും കൊണ്ട് വന്നപ്പോള്‍ കണ്ടവരെല്ലാം ഞെട്ടി. രൂപ സാദൃശ്യം പോയിട്ട് മുരളിയുടെ മുഖത്തിന്റെ ഏഴയലത്ത് പോലും ശില്‍പമെത്തിയില്ല.
അഴിച്ചും പുതുക്കിയും പിന്നെയും പണിതും പഠിച്ച പണി പതിനെട്ടും നോക്കി. കാര്യം നടപടിയാകില്ലെന്ന് മനസിലാക്കിയ സംഗീത നാടക അക്കാദമി അനുവദിച്ച പണം തിരിച്ചടയ്ക്കാന്‍ ശില്പിക്ക് കത്ത് നല്‍കി. ശില്പ നിര്‍മ്മാണത്തിന് അനുവദിച്ചതിലും കൂടുതല്‍ തുക ചെലവായെന്നും മറ്റ് വരുമാന മാര്‍ഗമില്ലെന്നും സാമ്പത്തികമായി കഷ്ടതയിലാണെന്നും അതുകൊണ്ട് തുക തിരിച്ചടക്കുന്നതില്‍ നിന്നും ഒഴിവാക്കണമെന്നുമായിരുന്നു ശില്‍പിയുടെ നിലപാട്.
അപേക്ഷ പരിഗണിച്ച അക്കാദമി ഭരണസമിതി ഇത് നേരെ സര്‍ക്കാരിലേക്ക് അയച്ചു. തുക എഴുതിത്തള്ളാന്‍ ധനമന്ത്രി തയ്യാറായി.
തീരുമാനം ശരിവച്ച സാംസ്കാരിക വകുപ്പ് നഷ്ടം അക്കാദമിയുടെ അക്കൗണ്ടില്‍ വകയിരുത്തി. എങ്ങനെയായാലും പ്രതിമയുടെ പേരില്‍ പൊലിഞ്ഞത് അഞ്ചേമുക്കാല്‍ ലക്ഷം പൊതുപണമാണ്.
മരണസമയത്ത് സംഗീത നാടക അക്കാദമി ചെയർമാനായിരുന്നു മുരളി. ഓര്‍ക്കാന്‍ രണ്ട് പ്രതിമ അക്കാദമിയില്‍ തന്നെ ഉണ്ടെന്നിരിക്കെ മൂന്നാമതൊരു വെങ്കല ശില്‍പത്തിന്റെ ആവശ്യം എന്തായിരുന്നു എന്ന ചോദ്യത്തിന് ഉത്തരം ഇപ്പോഴും ബാക്കി.