
മ്യൂസിയത്തിൽ വനിതാ ഡോക്ടർക്ക് നേരെ അതിക്രമം കാട്ടിയ പ്രതി സന്തോഷിനെതിരെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചതുൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ തെളിഞ്ഞതോടെ ഇയാളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങി പൊലീസ്. സന്തോഷിന്റെ കഴിഞ്ഞ ഒരു വർഷത്തെ രാത്രി യാത്രകളും നഗരത്തിൽ സ്ത്രീകൾക്കെതിരെയുണ്ടായ അതിക്രമങ്ങൾ സംബന്ധിച്ച പരാതികളും ചേർത്താണ് അന്വേഷണം. ലൊക്കേഷൻ അറിയുന്നതിനായി സന്തോഷിന്റെ ഫോൺ പരിശോധിക്കാനും തീരുമാനിച്ചു.
കുറവൻകോണത്ത് വീട്ടിൽ കയറി വിദ്യാർത്ഥിനിയെ ആക്രമിച്ചതിന് സമാനമായ നിരവധി പരാതികൾ ഒരു വർഷത്തിനിടെ നഗരത്തിലെ പൊലീസ് സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്. ഈ സംഭവങ്ങൾ നടന്ന സമയത്ത് സന്തോഷിന്റെ ഫോൺ ലൊക്കേഷൻ എവിടെയായിരുന്നു എന്നാണ് പരിശോധിക്കുന്നത്. പ്രധാനമായും മ്യൂസിയം, പേരൂർക്കട, കന്റോൺമെന്റ് മേഖലയിൽ നിന്ന് ലഭിച്ച പരാതികളാണ് പുനഃപരിശോധിക്കുന്നത്. സന്തോഷിന്റെ സാന്നിദ്ധ്യം സംഭവസ്ഥലങ്ങളിൽ ഉണ്ടായിരുന്നെന്ന് കണ്ടെത്തിയാൽ പരാതിക്കാരിൽ നിന്നു വിശദമായ മൊഴിയെടുക്കും.
അതേസമയം, വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ മ്യൂസിയം പൊലീസ് ഇന്ന് സന്തോഷിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തും. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അതിനുശേഷം വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ തെളിവെടുപ്പിനായി പേരൂർക്കട പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങും.

Whatsapp Group 1 | Whatsapp Group 2 |Telegram Group