play-sharp-fill
യുവാവിനെ റോഡിലെറിഞ്ഞു കൊന്ന ഡിവൈഎസ്പിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം: ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത് ഉന്നതനായി ഐജി; വാസം തമിഴ്‌നാട്ടിലെ ആഡംബര ഫാം ഹൗസിൽ: മൂന്നു ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പിയെ തൊടാനാവാതെ പൊലീസ്

യുവാവിനെ റോഡിലെറിഞ്ഞു കൊന്ന ഡിവൈഎസ്പിയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം: ഡിവൈഎസ്പിയെ സംരക്ഷിക്കുന്നത് ഉന്നതനായി ഐജി; വാസം തമിഴ്‌നാട്ടിലെ ആഡംബര ഫാം ഹൗസിൽ: മൂന്നു ദിവസം കഴിഞ്ഞിട്ടും ഡിവൈഎസ്പിയെ തൊടാനാവാതെ പൊലീസ്

സ്വന്തം ലേഖകൻ

നെയ്യാറ്റിൻകര: യുവാവിനെ അർധരാത്രിയിൽ വാഹനത്തിനു മുന്നിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഡിവൈഎസ്പിയ്ക്ക് സംരക്ഷണം നൽകുന്നത് വകുപ്പിലെ ഉന്നതായ ഐജിയെന്ന രഹസ്യ വിവരം. തമിഴ്‌നാട്ടിൽ ഐജിയ്ക്കുള്ള രഹസ്യ ഫാം ഹൗസിലാണ് ദിവസങ്ങളോളമായി ഡിവൈഎസ്പി ഒളിവിൽ കഴിയുന്നതെന്നാണ് പുറത്തു വരുന്ന വിവരം. സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ട ഡിവൈഎസ്പിയെ രക്ഷപെടാൻ ഇതേ ഐജിയുടെ സുഹൃത്ത് സഹായിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്തു നിന്നു ഡിവൈഎസ്പി രക്ഷപെട്ട വാഹനം ഐജിയുടെ സുഹൃത്ത് മാറ്റിയ ശേഷം, മറ്റൊരു വാഹനവും ഡ്രൈവറെയും നൽകിയതായാണ് വ്യക്തമായിരിക്കുന്നത്. ഇതേ തുടർന്ന് ഡിവൈഎസ്പിയെ രക്ഷപെടാൻ സഹായിച്ച ഐജിയുടെ സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ കേസ് ക്രൈംബ്രാഞ്ചിനു വിടാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊല്ലപ്പെട്ട സനലിന്റെ ഭാര്യയ്ക്ക് ജോലി നൽകുന്ന കാര്യവും സർക്കാർ പരിഗണിക്കുന്നുണ്ട്. എന്നാൽ, പൊലീസിലും രാഷ്ട്രീയക്കാരിലും ഉന്നത സ്വാധിനമുള്ള ഡിവൈഎസ്പിയ്‌ക്കെതിരെ പൊലീസ് നടത്തുന്ന അന്വേഷണം എത്രത്തോളം ഫലം കാണുമെന്ന ചോദ്യമാണ് ഉയരുന്നത്. നിലവിലെ സാഹചര്യത്തിൽ പൊലീസിന്റെ ഏത് അന്വേഷണത്തെയും അട്ടിമറിക്കാനുള്ള കരുത്ത് കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ട ബി.ഹരികുമാർ എന്ന ഡിവൈഎസ്പിയ്ക്കുണ്ടെന്നത് വ്യക്തമാണ്. സംസ്ഥാന പൊലീസിലെ ഒരു മുതിർന്ന ഐജിയുടെ ബിനാമിയായാണ് ഇയാൾ അറിയപ്പെടുന്നത് തന്നെ. ലക്ഷങ്ങളുടെ ആസ്ഥിയുള്ള ഈ ഐജിയെ തൊടാൻ പോലും പൊലീസിനു സാധിക്കാറില്ല.
ഈ സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ചോ, ലോക്കൽ പൊലീസോ നടത്തുന്ന കേസ് അന്വേഷണം ഏത് വിധത്തിലാവും എന്ന ആശങ്ക ഉയരുന്നത്. നിലവിൽ പൊലീസ് സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിച്ചത് തന്നെ ആശങ്ക ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് മറ്റേതെങ്കിലും ഏജൻസിയെ ഏൽപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നത്.