കവിളിൽ കുത്തിപ്പിടിച്ച് വിഷം വായിലേക്ക് ഒഴിച്ചു: മരണക്കിടക്കയിൽ ജോർലിയുടെ നിർണായക മൊഴി; ഭർത്താവിനെ കുടുക്കി; സ്ത്രീധനം ധൂ‍ർത്തിലൂ‌ടെ ചെലവഴിച്ചു;ഭർത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി

Spread the love

തൊടുപുഴ: തൊടുപുഴയിൽ യുവതി വിഷം ഉള്ളിൽച്ചെന്നു മരിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. ഭർത്താവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി. പുറപ്പുഴ ആനിമൂട്ടിൽ ജോർലി (34) കൊല്ലപ്പെട്ട സംഭവത്തിലാണു ഭർത്താവ് ടോണി മാത്യുവിനെതിരെ (43) കരിങ്കുന്നം പൊലീസ് കൊലക്കുറ്റം ചുമത്തിയത്.

കഴിഞ്ഞ 26ന് ആണ് ഗാർഹിക പീഡനത്തെത്തുടർന്ന് ജോർലിയെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ടോണി കവിളിൽ കുത്തിപ്പിടിച്ച്, കുപ്പിയിലെ വിഷം വായിലേക്ക് ഒഴിച്ചെന്നു മജിസ്‌ട്രേട്ടിനും പൊലീസിനും ആശുപത്രിയിൽവച്ചു ജോർലി നൽകിയ മൊഴിയാണു നിർണായകമായത്. ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണു ജോർലി മരിച്ചത്.

ജോർലിയുടെ പിതാവ് പല്ലാരിമംഗലം അടിവാട് കുന്നക്കാട് ജോൺ മകളുടെ മരണത്തിൽ പരാതി നൽകിയിരുന്നു. ഭർത്താവും ബന്ധുക്കളും ജോർലിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായി പിതാവിന്റെ പരാതിയിലുണ്ട്. 20 പവന്റെ സ്വർണാഭരണങ്ങളും 2 ലക്ഷം രൂപയും വിവാഹസമയത്ത് ജോൺ ആദ്യം നൽകി. പിന്നീടു പലപ്പോഴായി 4 ലക്ഷം രൂപയും നൽകി. ഇതെല്ലാം തടിപ്പണിക്കാരനായ ടോണി മദ്യപാനത്തിലൂടെയും ധൂ‍ർത്തിലൂ‌ടെയും ചെലവഴിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മകൾ അലീനയുടെ (14) സ്വർണാഭരണങ്ങളും മദ്യപാനത്തിനായി പ്രതി വിറ്റിറ്റുണ്ടെന്നു പൊലീസ് പറഞ്ഞു. മദ്യപിച്ചെത്തി ടോണി വീട്ടിൽ വഴക്കുണ്ടാക്കുന്നതു പതിവായിരുന്നെന്നും പൊലീസ് പറയുന്നു.

ആറുമാസം മുൻപു വാടകവീട്ടിലേക്കു താമസം മാറി. അവിടെയും ഉപദ്രവം തുടർന്നു. വിഷം കുടിക്കാൻ ഭാര്യയെ നിർബന്ധിച്ചിരുന്നെന്നും കുടിച്ചില്ലെങ്കിൽ കുടിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്നാണു ബലമായി വിഷം കൊടുത്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി കഴിഞ്ഞ ദിവസം ടോണിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി റിമാൻഡിലാണ്.

ജോർലിയുടെ സംസ്കാരം ഞായറാഴ്ച 2.30നു പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് ഫൊറോനാ പള്ളിയിൽ.