മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം: ഏറ്റുമാനൂരിൽ ഭാര്യയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ; ഭാര്യയെ യുവാവ് ആക്രമിച്ചത് മദ്യലഹരിയിൽ
ക്രൈം ഡെസ്‌ക്
ഏറ്റുമാനൂർ: ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് സംശയിച്ച ഭാര്യയെ തല്ലിക്കൊന്ന യുവാവ് അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി 11.30 ഓടെ ഏറ്റുമാനൂർ ചിറക്കുളം ഭാഗത്ത് ശാന്തിഭവനിൽ ആഷ(22)യാണ് ഭർത്താവിന്റെ അടിയേറ്റ് മരിച്ചത്. സംഭവത്തിൽ ഏറ്റുമാനൂർ പട്ടിത്താനം ശാന്തിഭവനിൽ വിനീതി (30)നെ ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ തോമസ് അറസ്റ്റ് ചെയ്തു. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
തിങ്കളാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. വിനീതിനും ഭാര്യയ്ക്കുമൊപ്പം ബന്ധുവായ മറ്റൊരു സ്ത്രീ താമസിക്കുന്നുണ്ടായിരുന്നു. ഈ സ്ത്രീയും വിനീതും തമ്മിൽ വഴിവിട്ട ബന്ധമുണ്ടെന്ന് ആഷ സംശയിച്ചിരുന്നു. തുടർന്ന് ആഷ ഇത് ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെ തിങ്കളാഴ്ച രാത്രി പത്തരയോടെ വീട്ടിൽ മദ്യപിച്ചെത്തിയ വിനീത് ആഷയുമായി വഴക്കുണ്ടാക്കി. തുടർന്ന് വിനീത് ആഷയെ മർദിക്കുകയും, തല ഭിത്തിയിൽ പിടിച്ച് ഇടിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മർദനമേറ്റ് തല തറയിൽ ഇടിച്ച് ആഷ നിലത്ത് വീണു. അബോധാവസ്ഥയിൽ ആഷ നിലത്ത് കിടക്കുന്ന വിവരം ഇവർക്കൊപ്പം താമസിക്കുന്ന ബന്ധുവായ സ്ത്രീയാണ് പൊലീസിൽ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്ത് എത്തി ആഷയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടർന്ന് പൊലീസ് സംഘം വിനീതിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തു. വിനീതിനെ കോടതിയിൽ ഹാജരാക്കും.