
തേർഡ് ഐ ബ്യൂറോ
കോട്ടയം: വാകത്താനത്ത് വയോധികനെ കോടാലിയ്ക്കു വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കാട്ടിയത് കൊടും ക്രൂരത. അതിർത്തി തർക്കത്തെ തുടർന്നാണ് വാകത്താനം പൊങ്ങന്താനം മുടിത്താനംകുന്ന് കരപ്പാറയിൽ ചാക്കോ (കുഞ്ഞൂഞ്ഞിനെ -78) അയൽവാസി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പൊങ്ങന്താനം മുടിത്താനം കരിക്കണ്ടത്തിൽ വീട്ടിൽ കെ.എം മാത്യു (മത്തായി മാത്യു -80)വിനെയാണ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.പി ടോംസൺ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. മാത്യുവും അയൽവാസിയായ ചാക്കോയും തമ്മിൽ മാസങ്ങളായി വഴി തർക്കം നിലവിലിരുന്നു. ചാക്കോയ്ക്കായി വഴി മാത്യു വിട്ടു നൽകിയിരുന്നു. എന്നാൽ, തന്നെ കബളിപ്പിച്ച് ചാക്കോ കൂടുതൽ സ്ഥലം തട്ടിയെടുത്തതായി മാത്യു തെറ്റി ധരിച്ചിരുന്നു. ഇതെച്ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ തന്നെ വാക്ക് തർക്കവുമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വില്ലേജ് ഓഫിസിൽ പരിശോധന നടത്തിയ മാത്യു ചാക്കോയ്‌ക്കെതിരെ തനിക്ക് കൂടുതൽ തെളിവുകൾ ലഭിച്ചതായി വെളിപ്പെടുത്തിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ചാക്കോയുടെ വീട്ടിലെത്തിയ മാത്യു, അടുക്കളയിലെത്തി ഗ്യാസ് സിലിണ്ടർ തുറന്നു വിട്ട് തീ കൊളുത്തുകയും ചെയ്തു. ചാക്കോയുടെ ഭാര്യയ്ക്കു മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയാണ്. ഇവർ അടുക്കളയിൽ തീ ഉയരുന്നത് കണ്ട് ബഹളം വയ്ക്കുകയായിരുന്നു. ഈ സമയം അടുക്കളയിൽ നിന്നും പുറത്തിറങ്ങിയ മാത്യു വീടിനു മുന്നിൽ ചീരയ്ക്കു വെള്ളമൊഴിക്കുയായിരുന്ന ചാക്കോയുടെ സമീപം എത്തി. തുടർന്നു, ചാക്കോയുടെ കണ്ണിലേയ്ക്കു റബറിന് ഒഴിക്കുന്ന ആസിഡ് ഒഴിച്ചു. കുപ്പിയിൽ കയ്യിൽ ആസിഡും കരുതിയാണ് പ്രതി എത്തിയത്. ചാക്കോയുടെ മുഖത്തിന് നേരെ ആസിഡ് ഒഴിക്കുമ്പോൾ, രണ്ടു തുള്ളി മാത്യുവിന്റെ കണ്ണിലും വീണിരുന്നു. തുടർന്നു ചാക്കോയുടെ തലയിൽ കോടാലി ഉപയോഗിച്ചു വെട്ടിവീഴ്ത്തുകയായിരുന്നു.
ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയതോടെ മാത്യു സംഭവ സ്ഥലത്തു നിന്നും രക്ഷപെട്ടു. വീടിന് തീ പിടിച്ച വിവരം അറിഞ്ഞ് വാകത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ കെ.പി ടോംസൺ, എസ്.ഐ ചന്ദ്രബാബു എന്നിവർ സ്ഥലത്ത് എത്തി. ഇവർ നടത്തിയ പരിശോധനയിലാണ് തലയ്ക്കു വെട്ടേറ്റ നിലയിൽ ചാക്കോയുടെ മൃതദേഹം കണ്ടെത്തിയത്.
സംഭവം അറിഞ്ഞ് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡി.വൈ.എസ്.പി എസ്.സുരേഷ്‌കുമാർ എന്നിവരും സ്ഥലത്ത് എത്തി. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. കണ്ണിൽ ആസിഡ് വീണ പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്കു വിധേയനാക്കി. മരിച്ച ചാക്കോയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. മൃതദേഹം നാളെ പോസ്റ്റ്‌മോർട്ടം ചെയ്യും.