play-sharp-fill
താഴത്തങ്ങാടി പാറപ്പാടം കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് മോഷണമെന്നു പൊലീസ്; കാർ വൈക്കം വരെ എത്തിയതായി സിസിടിവിയിൽ കണ്ടെത്തൽ; പിന്നിൽ ബ്ലേഡ് മാഫിയയുടെ പങ്കും സംശയിച്ച് പൊലീസ്

താഴത്തങ്ങാടി പാറപ്പാടം കൊലപാതകം: പ്രതികൾ ലക്ഷ്യമിട്ടത് മോഷണമെന്നു പൊലീസ്; കാർ വൈക്കം വരെ എത്തിയതായി സിസിടിവിയിൽ കണ്ടെത്തൽ; പിന്നിൽ ബ്ലേഡ് മാഫിയയുടെ പങ്കും സംശയിച്ച് പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് ദമ്പതിമാരെ ആക്രമിച്ച് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം മോഷ്ടാക്കളെ കേന്ദ്രീകരിച്ച്. കൊല്ലപ്പെട്ട ഷീബയുടെ ശരീരത്തിൽ നിന്നും വീടിനുള്ളിൽ നിന്നും സ്വർണാഭരണങ്ങൾ മോഷണം പോയിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇത് കൂടാതെ വീട്ടിലെ കാറും നഷ്ടമായിട്ടുണ്ട്. ഈ കാർ വൈക്കം വരെയുള്ള ഭാഗത്തെ സിസിടിവി ക്യാമറകളിൽ നിന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, മോഷണം തന്നെയാണ് സംഭവത്തിനു പിന്നിലെന്നു പൊലീസ് പൂർണമായും മുഖവിലയ്ക്കു എടുത്തിട്ടില്ല. സംഭവത്തിനു പിന്നിൽ മറ്റെന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ബ്ലേഡ് മാഫിയ സംഘങ്ങളെ അടക്കം ചുറ്റിപ്പറ്റിയാണ് പൊലീസ് അന്വേഷണം.

തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിലിൽ ഷീബ (60), ഭർത്താവ് മുഹമ്മദ് സാലി (65) എന്നിവരെ വീടിനുള്ളിൽ കയറി പട്ടാപ്പകൽ അക്രമി സംഘം ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഷീബ മരിച്ചിരുന്നു. സാലി ഗുരുതരമായി പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഷീബയുടെ ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. തുടർന്നു മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കയറ്റിയിട്ടുണ്ട്. ഇത് കൂടാതെ രാവിലെ കൊലപാതകം നടന്ന വീട്ടിൽ ശാസ്ത്രീയ പരിശോധനാ സംഘവും വിരലടയാള വിദഗ്ധരും സൈബർ പൊലീസ് സംഘവും എത്തിയിട്ടുണ്ട്. ഇവിടെ എത്തിയ പൊലീസ് സംഘം സമീപത്തെ വീടുകളിൽ പരിശോധന നടത്തി.

ഈ വീടുകളിലെ താമസക്കാരെ പൊലീസ് നിരീക്ഷിച്ചു. ഇവരെയെല്ലാം വിളിച്ചു വരുത്തി ചോദ്യം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ സമീപത്ത് അടച്ചുപൂട്ടിയിട്ടിരുന്ന വീട് തുറന്നു പൊലീസ് പരിശോധന നടത്തി. കൊച്ചി റേഞ്ച് ഡി.ഐ.ജി കാളിരാജ് മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവ്, ഡിവൈ.എസ്.പിമാരായ ആർ.ശ്രീകുമാർ, ഗിരീഷ് പി.സാരഥി, സഖറിയ മാത്യു സി.ഐമാരായ എം.ജെ അരുൺ, ബാബു സെബാസ്റ്റ്യൻ, യു.ശ്രീജിത്ത്, എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.