അമ്മയെ വെട്ടിക്കൊന്ന മകൻ പൊലീസിൽ കീഴടങ്ങി: സംഭവം കോതമംഗലത്ത്; കൊലപ്പെടുത്തിയത് സ്വത്ത് തർക്കത്തെ തുടർന്ന്
ക്രൈം ഡെസ്‌ക്
കൊച്ചി: സ്വത്ത് തർക്കത്തെ തുടർന്ന് അമ്മയെ മകൻ വീടിനുള്ളിൽ വച്ച് വെട്ടിക്കൊലപ്പെടുത്തി. കോതമംഗലം കല്ലിങ്കപ്പറമ്പിൽ കുട്ടപ്പന്റെ ഭാര്യ കാർത്തിയാനിയെ(61)യാണ് മകൻ അനീഷ് കുമാർ(34) വെട്ടിക്കൊലപ്പെടുത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം കത്തിയുമായി പഞ്ചായത്ത് അംഗത്തിന്റെ വീട്ടിൽ എത്തുകയായിരുന്നു. പഞ്ചായത്ത് അംഗത്തിന്റെ നിർദേശാനുസരണം അനീഷ് പിന്നീട് പൊലീസ് സ്റ്റേഷനിൽ ഹാജരായി.
കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. സ്വത്ത് ആവശ്യപ്പെട്ട് അനീഷ് സ്ഥിരമായി വീട്ടിൽ പ്രശ്‌നമുണ്ടാക്കുമായിരുന്നു. അമ്മ മാത്രമാണ് അനീഷിനുള്ളത്. അച്ഛൻ വർഷങ്ങൾക്ക് മുമ്പ് മരിച്ചു പോയിരുന്നു. അമ്മയുടെ പേരിലുള്ള സ്വത്തുക്കൾ തന്റെ പേരിലേയ്ക്ക് മാറ്റി നൽകണമെന്നായിരുന്നു അനീഷിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഇയാൾ നിരവധി തവണ അമ്മയെ ആക്രമിക്കുകയും മർദിക്കുകയും ചെയ്തിട്ടുണ്ട്. ഇതു സംബന്ധിച്ചു പൊലീസിൽ നേരത്തെയും പരാതി എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലും അനീഷും അമ്മയും തമ്മിൽ വഴക്കുണ്ടായത് കേട്ടതായി അയൽവാസികൾ പറയുന്നു. തുടർന്ന് ഉറങ്ങാൻ പോയ അമ്മയെ ഇയാൾ വാക്കത്തിയുമായി പിന്നാലെ എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. കൊലപാതകത്തിന് ശേഷം വാക്കത്തിയുമായി വീട്ടിൽ നിന്നും പുറത്തിറങ്ങിയ പ്രതി നേരെ സമീപത്തെ പഞ്ചായത്ത് മെമ്പറുടെ വീട്ടിലേയ്ക്കാണ് പോയത്. രക്തം പുരണ്ട വാക്കത്തിയുമായി മെമ്പറുടെ വീട്ടിലേയ്ക്ക് കയറി വന്ന അനീഷിനെ പിന്നീട് മെമ്പർ സംസാരിച്ച് അനുനയിപ്പിച്ച് പൊലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു.
അനീഷ് നേരത്തെ ചെറിയ തോതിൽ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. എന്നാൽ, ലഹരി ഉപയോഗിച്ചതിനെ തുടർന്നുണ്ടായ അസ്വസ്ഥതകൾ മാത്രമാണ് അനീഷിന് ഉള്ളതെന്നാണ് പൊലീസിന്റെ വാദം.