സൈനൈഡ് കൊലപാതകി ജോളിയ്ക്ക് രാഷ്ട്രീയ ബന്ധങ്ങളും: കോൺഗ്രസ് നേതാവിന്റെ മരണത്തിലും ജോളി സംശയ നിഴലിൽ; ജോളിയുമായി ബന്ധമുള്ള സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി
സ്വന്തം ലേഖകൻ
കോഴിക്കോട്: സൈനൈഡ് നൽകി സ്വന്തം ഭർത്താവിനെ അടക്കം ആറു പേരെ ഇല്ലാതാക്കിയ ജോളിയുടെ പേരിലുള്ള ദുരൂഹമരണങ്ങളുടെ എണ്ണം കൂടുന്നു. ആറ് കൊലപാതകങ്ങളിലും, സാമ്പത്തിക ഇടപാടുകളിലും ജോളിയ്‌ക്കൊപ്പം നിന്ന പലരും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ ജോളിയെ സഹായിച്ചവരുടെയും, ഇതുമായി ബന്ധപ്പെട്ട് നടന്ന മരണങ്ങളുടെയും പട്ടിക തയ്യാറാക്കുകയാണ് പൊലീസ് ഇപ്പോൾ.
ഇതിനിടെ ജോളിയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്ന കോൺഗ്രസ് നേതാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത് എത്തിയിട്ടുണ്ട്. ഇത് കൂടാതെ ജോളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്ന സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ പാർട്ടി പുറത്താക്കുക കൂടി ചെയ്തു. തന്റെ സൗന്ദര്യം ഉപയോഗിച്ച് രാഷ്ട്രീയക്കാരെയും ഉന്നതരെയും വലയിൽ വീഴ്ത്തിയിരുന്നു ജോളി എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജോളിയുമായി പണമിടപാട് നടത്തിയെന്ന് സംശയിക്കുന്ന പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണത്തിന് പിന്നിലും ജോളിക്ക് പങ്കുണ്ടെന്നാണ് വിവരം. ഇത് സംബന്ധിച്ച് രാമകൃഷ്ണന്റെ കുടുംബം ക്രൈംബ്രാഞ്ചിന് മൊഴിയും നൽകിയിട്ടുണ്ട്. വസ്തു വിറ്റ വകയിൽ ലഭിച്ച 55 ലക്ഷം രൂപ ജോളി തട്ടിയെടുത്തതായി സംശയിക്കുന്നുവെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നതിന്റെ തൊട്ടടുത്ത ദിവസമായ 2016 മെയ് പതിനേഴിനാണ് രാമകൃഷ്ണൻ മരിക്കുന്നത്. വൈകുന്നേരം വീട്ടിലെത്തി ഉറങ്ങാൻ കിടന്നപ്പോൾ ദേഹാസ്വാസ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് മരണപ്പെടുന്നത്. അതുവരെ വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാതിരുന്നുവെന്നും അതിനാൽ മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു വിശ്വസിച്ചിരുന്നതെന്നും കുടുംബം പ്രതികരിച്ചു.
മരണത്തിൽ അസ്വാഭാവിക തോന്നാതിരുന്നതിനാൽ പരാതിയുമായി ഭാര്യയും മകനും രംഗത്തെത്തിയതുമില്ല.
ജോളിയും രാമകൃഷ്ണനും തമ്മിൽ പരിചയമുള്ള കാര്യം കുടുംബത്തിനറിയില്ലായിരുന്നു. കൂട്ടക്കൊല അന്വേഷണത്തിനിടയിലാണ് ജോളിയേയും രാമകൃഷ്ണനേയും തമ്മിൽ ബന്ധിപ്പിക്കുന്ന ചില തെളിവുകൾ അന്വേഷണത്തിന് സംഘത്തിന് ലഭിച്ചത്.
തുടർന്നാണ് രാമകൃഷ്ണന്റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയത്. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതയുമായി കുടുംബം രംഗത്തെത്തിയത്. ഒരു വസ്തു വിറ്റുകിട്ടിയ വകയിൽ 55 ലക്ഷം രൂപ ആരോ രാമകൃഷ്ണനിൽ നിന്ന് തട്ടിച്ചിരുന്നുവെന്നും അത് ജോളിയാണോയെന്ന് സംശയമുണ്ടെനും കുടുംബം പറയുന്നു.
ജോളി സ്ഥിരമായി പോയിരുന്ന ബ്യൂട്ടി പാർലറിന്റെ ഉടമ സുലേഖയെ തങ്ങൾക്ക് അറിയാമെന്ന് രാമകൃഷ്ണന്റെ മകൻ പറഞ്ഞു. എന്നാൽ ജോളിയെ അറിയില്ല. സുലേഖയോട് അന്വേഷിച്ചപ്പോൾ ജോളി വെറും കസ്റ്റമർ മാത്രമാണെന്ന് പറഞ്ഞുവെന്നും മറ്റൊരു ബന്ധവും ജോളിയുമായില്ലെന്നാണ് മറുപടി ലഭിച്ചതെന്നും മകൻ പറഞ്ഞു.
അതേസമയം, ജോളിയ്ക്ക് വ്യജ രോഖകൾ നിർമ്മിച്ച് നൽകാൻ സിപിഎം പ്രാദേശിക നേതാവ് സഹായിച്ചുവെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്ന സൂചന. ഇതന്റെ അടിസ്ഥാനത്തിൽ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി മനോജിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് പിന്നാലെ ലോക്കൽ സെക്രട്ടറിയെ പാർട്ടി പുറത്താക്കിയിട്ടുണ്ട്.
കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ മനോജിനെയാണ് പുറത്താക്കിയത്. പാർട്ടിയുടെ സൽപ്പേരിന് കളങ്കമുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് കോഴിക്കോട് ജില്ലാ കമ്മിറ്റി കെ മനോജിനെ പുറത്താക്കിയത്. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ പേരിൽ സ്വത്തുകൾ മാറ്റിയെഴുതിയ വ്യാജവിൽപത്രത്തിൽ സാക്ഷിയായി മനോജ് ഒപ്പിട്ടെന്നാണ് ആരോപണം ഉയർന്നിരുന്നത്.
കൂടത്തായി സ്വദേശികളല്ലാത്ത ചൂലൂരിൽ നിന്നും കുന്ദമംഗലത്ത് നിന്നുമുള്ളവരാണ് സാക്ഷികളായി വിൽപ്പത്രത്തിൽ ഒപ്പുവെച്ചിരിക്കുന്നത്. വ്യാജ ഒസ്യത്തിൽ ഒരു സാക്ഷിയായി ഒപ്പിട്ടിരിക്കുന്നത് മനോജാണെന്നായിരുന്നു ആരോപണം. ഇതിനായി ഒരു ലക്ഷം രൂപ ജോളി ഇയാൾക്ക് നൽകിയെന്നാണ് പോലീസിൽ നിന്ന് ലഭിക്കുന്ന സൂചന. ഒരുലക്ഷം രൂപ കൈമാറാൻ ഉപയോഗിച്ച ചെക്ക് അടക്കമുള്ള രേഖകൾ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ടെന്നാണ് അറിയുന്നത്.