അയർക്കുന്നത്ത് പതിനഞ്ചുകാരിയെ കൊലയ്ക്ക് കൊടുത്തത് കുടുംബം തന്നെ; രണ്ടു ഭാര്യമാരുള്ള അജേഷിനെ വീട്ടിൽ വിളിച്ചിരുത്തി മദ്യം ഒഴിച്ചു നൽകിയത് പെൺകുട്ടിയുടെ പിതാവ് തന്നെ; കുടുംബത്തിൽ പ്രതിയ്ക്ക് നൽകിയ സർവസ്വാതന്ത്ര്യം ഒടുവിൽ മകളുടെ ജീവനെടുത്തു; മകളുടെ പ്രായമുള്ള പെൺകുട്ടി പീഡനത്തെ ചെറുത്തപ്പോൾ നിർദാക്ഷണ്യം കൊലപ്പെടുത്തി
സ്വന്തം ലേഖകൻ
കോട്ടയം: കുടുംബത്തിന്റെ അന്തരീക്ഷമാണ് ഏതൊരാളുടെയും വളർച്ചയെ ഒരു പരിധി വരെ സ്വാധീനിക്കുന്നത്. അയർക്കുന്നത്ത് പതിനഞ്ചുകാരിയെ മരണക്കയത്തിലേയ്ക്ക് തള്ളിവിട്ടതും വീട്ടുകാരുടെ അശ്രദ്ധ തന്നെയായിരുന്നു. അച്ഛന്റെ കൂട്ടുകാരനായി വീട്ടിലെത്തിയാണ് അജേഷ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കുന്നത്. വീട്ടിൽ അച്ഛനൊപ്പം ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്ന യുവാവുമായി പെൺകുട്ടി സുഹൃത്ത് ബന്ധം സ്ഥാപിച്ചു. അടുത്ത കുടുംബ സുഹൃത്തിന്റെ ഫോൺ വിളിയാണ് പെൺകുട്ടിയെ ഇയാളുടെ അടുത്തെത്തിക്കാൻ പ്രേരിപ്പിച്ചത്.
അയർക്കുന്നം നീറിക്കാട്ട് ചെന്നിക്കര ഹോളോ ബ്രിക്‌സിലെ ടിപ്പർ ലോറി ഡ്രൈവറായ അജേഷ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ അച്ഛന്റെ സുഹൃത്തായിരുന്നു. സ്ഥിരമായി വീട്ടിലെത്തിയിരുന്ന അജേഷ്് ഇതുവഴിയാണ് പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ചത് പോലും. പെൺകുട്ടിയുടെ ഫോൺ നമ്പർ വാങ്ങിയ പ്രതി നിരന്തരം പെൺകുട്ടിയെ ഫോണിൽ ബന്ധപ്പെടുമായിരുന്നു. ഇത്തരത്തിലുണ്ടായ അടുപ്പം തന്നെയാണ് രണ്ടു പേരെയും സുഹൃത്താക്കി മാറ്റിയത്.
മുപ്പത് വയസിനിടെ രണ്ടു തവണയാണ് അജേഷ് വിവാഹം കഴിഞ്ഞത്. നിരവധി കാമുകിമാരും അജേഷിനുണ്ടായിരുന്നു. ആദ്യ വിവാഹത്തിൽ രണ്ട് കുട്ടികൾ അജേഷിനുണ്ട്. ഇത് കൂടാതെയാണ് മറ്റ് വിവിധ സ്ഥലങ്ങളിലുള്ള ബന്ധങ്ങൾ. ഇതെല്ലാം അറിഞ്ഞിരുന്നു തന്നെയാണ് അജേഷിനു വീട്ടിൽ സർവ സ്വാതന്ത്ര്യം നൽകാൻ പെൺകുട്ടിയുടെ പിതാവ് ധൈര്യപ്പെട്ടതെന്നാണ് ഏറ്റവും ഭീകരമായ കാര്യം. പതിനഞ്ചു വയസുകാരിയായ പെൺകുട്ടിയുള്ള വീട്ടിലാണ് സാമൂഹ്യ വിരുദ്ധനും നിരവധി ക്ര്മിനൽക്കേസിൽ പ്രതിയുമായ ക്രിമിനലിനെ കയറ്റി മദ്യം നൽകി സൽക്കരിച്ചത്.
ഇതിനെല്ലാം ഉപരിയായി വീട്ടുകാർക്ക് ഗുരുതരമായ പിഴവും ഇവിടെ സംഭവിച്ചിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ പെൺകുട്ടിയെ കാണാതായിരുന്നു. എന്നാൽ, വീട്ടുകാർ പരാതി നൽകിയതാവട്ടെ വെള്ളിയാഴ്ച ഉച്ചയോടെ. കൃത്യ സമയത്ത് പരാതി നൽകി പെൺകുട്ടിയ്ക്കായി അന്വേഷണം നടത്തിയിരുന്നെങ്കിൽ ഒരു പക്ഷേ കുട്ടിയുടെ ജീവൻ തന്നെ രക്ഷിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ, അച്ഛന്റെയും അമ്മയുടെയും കുടുംബാംഗങ്ങളുടെയും ജാഗ്രതക്കുറവ് തന്നെയാണ് ഇത്തരത്തിൽ പ്രശ്‌നമായി മാറിയതെന്ന് നിസംശയം പറയാം.
പീഡനത്തെ ചെറുത്തു നിന്നതോടെയാണ് പെൺകുട്ടിയെ പ്രതി ദാരുണമായി കൊലപ്പെടുത്തിയത്. ആരുടെയെങ്കിലും ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടാകുമ്പോൾ തന്നെ ഇറങ്ങി വരണമെന്ന പ്രാഥമിക പാഠം പോലും പെൺകുട്ടിയ്ക്ക് പാലിക്കാൻ സാധിച്ചില്ലെന്നാണ് അതിക്രൂരനായ പ്രതിയുടെ സമീപനത്തിൽ നിന്നും വ്യക്തമാകുന്നത്.